ഐ.പി.എല്ലിന്റെ മെഗാലേലം കഴിഞ്ഞപ്പോള്‍ സുരേഷ് റെയ്‌നയെ ഒരു ടീമും സ്വന്തമാക്കിതിരുന്നത് എല്ലാ ക്രിക്കറ്റ് ആരാധകരേയും ഒരുപോലെ വിഷമിപ്പിച്ച കാര്യമാണ്. ഐ.പി.എല്ലിലെ ഏറ്റവും മികച്ച ട്രാക്ക് റെക്കോഡുകളുണ്ടായിട്ടും താരം ആര്‍ക്കും വേണ്ടാത്തവനായിപ്പോവുകയായിരുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരത്തെ സ്വന്തമാക്കിതാരുന്നത് എല്ലാ സി.എസ്.കെ ആരാധകരേയും ഒരുപോലെ ചൊടിപ്പിച്ച സംഭവമായിരുന്നു. ധോണിയെ സ്വന്തമാക്കുകയും റെയ്‌നയെ തഴയുകയും ചെയ്തതോടെ നിരവധി ആരാധകര്‍ പരസ്യമായിത്തന്നെ ടീമിനെതിരെ രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ, റെയ്‌നയെ ഒരു ടീമും സ്വന്തമാക്കിതിരുന്നതിനുള്ള കാരണം സൂചിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ ഇന്റര്‍നാഷണല്‍ താരവും രാജസ്ഥാന്‍ റോയല്‍സ് ഒഫീഷ്യലുമായ കുമാര്‍ സംഗക്കാര.
താരം ഐ.പി.എല്ലിന്റെ ഈ സീസണില്‍ കളിക്കാന്‍ അനുയോജ്യനായിരുന്നില്ല എന്നായിരുന്നു സംഗക്കാരയുടെ കണ്ടെത്തല്‍. സീ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘സുരേഷ് റെയ്നയുടെ കാര്യമെടുത്താല്‍, ഐ.പി.എല്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ പേരും പ്രശസ്തിയും അവിശ്വസനീയമാണ്. അദ്ദഹം ഇതിഹാസം തന്നെയാണ്. ഓരോ സീസണ്‍ കഴിയുമ്പോളും തന്റെ പ്രകടനം മെച്ചപ്പെടുത്തുന്ന താരമാണ് റെയ്‌ന.
നിങ്ങള്‍ സൂക്ഷമമായ വിശദാംശങ്ങളിലേക്ക് പോകുമ്പോള്‍, ഒരുപക്ഷേ, ഈ സീസണില്‍ കളിക്കാന്‍ അദ്ദേഹം യോഗ്യനായിരിക്കില്ല.
ഒരു സീസണില്‍ ആരും ടീമിലെടുത്തില്ല എന്ന് കരുതി റെയ്‌നയെന്ന എക്കാലത്തേയും മികച്ച കളിക്കാരന്റെ ഒരു മൂല്യവും നഷ്ടപ്പെടാന്‍ പോവുന്നില്ല. ഇതുതന്നെയാണ് അനലിസ്റ്റുകളും കോച്ചുകളും ടീം ഉടമകളും എപ്പോഴും ശ്രദ്ധിക്കുന്നത്,’ സംഗക്കാര പറയുന്നു.
2020ലെ ഐ.പി.എല്ലില്‍ നിന്നും പിന്മാറിയതും 2021ല്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതുമായിരുന്നു മെഗാലേലത്തില്‍ താരത്തിന് തിരിച്ചടിയായത്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത താരമാണ് സുരേഷ് റെയ്ന. 205 ഐ.പി.എല്‍ മത്സരത്തില്‍ നിന്നുമായി 5528 റണ്‍സാണ് താരം തന്റെ പേരിലാക്കിയിരിക്കുന്നത്.
39 ഫിഫ്റ്റിയടക്കം 32.5 ശരാശരിയില്‍ 136.7 എന്ന സ്ട്രൈക്ക് റേറ്റോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.