ബെംഗളൂരു: കഴിഞ്ഞ 15മാസം കൊണ്ട് 13 വധഭീഷണിക്കത്തുകളാണ് തന്റെ പേരില്‍ വന്നതെന്ന് പ്രമുഖ കന്നഡ എഴുത്തുകാരന്‍ കുംവീ എന്ന് അറിയപ്പെടുന്ന കും വീരഭദ്രപ്പ. തനിക്ക് മാത്രമല്ല, ഇടതുചിന്താഗതിക്കാരായിട്ടുള്ള കന്നഡ എഴുത്തുകാരില്‍ പലര്‍ക്കും ഇത്തരത്തില്‍ ഭീഷണിക്കത്തുകള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഓരോ കത്തിലും പ്രധാനമായും എഴുതിയിട്ടുള്ളത് ആര്‍.എസ്.എസ്സിനെ വിമര്‍ശിക്കരുതെന്നും സവര്‍ക്കറെ എതിര്‍ക്കരുതെന്നുമാണെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ 15 മാസം കൊണ്ട് 13 വധഭീഷണിക്കത്തുകളാണ് എന്റെ പേരില്‍ വന്നത്. ഞാന്‍ മാത്രമല്ല, ഇടതുചിന്താഗതിക്കാരായിട്ടുള്ള കന്നഡ എഴുത്തുകാരില്‍ പലര്‍ക്കും ഇത്തരത്തില്‍ ഭീഷണിക്കത്തുകള്‍ വന്നിട്ടുണ്ട്.
ഓരോ കത്തിലും പ്രധാനമായും എഴുതിയിട്ടുള്ളത് ആര്‍.എസ്.എസ്സിനെ വിമര്‍ശിക്കരുത്, സവര്‍ക്കറെ എതിര്‍ക്കരുത്, ന്യൂനപക്ഷക്കാരെ ന്യായീകരിക്കരുത് തുടങ്ങിയ കാര്യങ്ങളാണ്. ഈ ഭീഷണികള്‍ വായിച്ച് കുലുങ്ങുന്നയാളല്ല ഞാന്‍. അജ്ഞാതനായ ഈ കത്തെഴുത്ത് കൊലയാളി പ്രണയലേഖനങ്ങള്‍ എഴുതുന്നയാളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
നാസി, താലിബാന്‍ മനോവികാരങ്ങളാണ് ഈ കത്തുകളില്‍ എനിക്ക് കാണാനായത്. ഇന്ത്യന്‍ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും അഖണ്ഡതയ്ക്കും സംഭവിച്ച മാരകമായ പരിക്കാണ് ഈ ഭീഷണിക്കത്തുകള്‍,’ അദ്ദേഹം പറഞ്ഞു.
സവര്‍ക്കര്‍ ധീരദേശാഭിമാനിയാണ് എന്ന് പൊതുമധ്യത്തോട് വിളിച്ചുപറയണമെന്നും മുസ്‌ലിം സമുദായത്തെ ഹീനമായ വാക്കുകളാല്‍ വിമര്‍ശിക്കണമെന്നും കത്തില്‍ പറയുന്നെന്നും കുംവീ പറഞ്ഞു. ഇടതുചിന്തകരെ നായകളെന്നും കഴുതകളെന്നും കോണ്‍ഗ്രസിന്റെ അടിമവേലക്കാരെന്നും വിളിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സത്യം പ്രചരിപ്പിക്കുന്ന എല്ലാവരും ഭയത്തോടെയാണ് ഇവിടെ ജീവിക്കുന്നതെന്നും ഇതെല്ലാം വിശകലനം ചെയ്യുമ്പോള്‍, രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുണ്ടെന്ന് തനിക്ക് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ബുദ്ധന്‍, ബസവണ്ണ, അംബേദ്കര്‍ തുടങ്ങി നാരായണഗുരുവരെയുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കളെല്ലാം സഹിഷ്ണുതയുടെ പ്രചാരകരാണ്. ഇന്നത്തെ പുരോഗമന ചിന്തകരും ഇടതുപക്ഷക്കാരും ആക്ടിവിസ്റ്റുകളും ഒരേ പ്രത്യയശാസ്ത്രത്തിന്റെ വിപുലീകരണത്തില്‍ വിശ്വസിക്കുന്നു.
മഹാരാഷ്ട്രയില്‍ ദഭോല്‍ക്കറും പന്‍സാരെയും കര്‍ണാടകയില്‍ ഡോ. കല്‍ബുര്‍ഗിയും പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷും സനാതന ബുള്ളറ്റുകളുടെ രക്തസാക്ഷികളായി. ഞങ്ങളുടെ സഹപ്രവര്‍ത്തകനായ കെ.എസ് ഭഗവാന്‍ അംഗരക്ഷകരുടെ കനത്ത സുരക്ഷയിലാണ് ജീവിക്കുന്നത്.
സത്യം പ്രചരിപ്പിക്കുന്ന എല്ലാവരും ഭയത്തോടെയാണ് ഇവിടെ ജീവിക്കുന്നത്. ഇതെല്ലാം വിശകലനം ചെയ്യുമ്പോള്‍, രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുണ്ടെന്ന് എനിക്ക് തോന്നുന്നു. എന്നാല്‍ ബൗദ്ധിക സാഹോദര്യത്തിന്റെ ബലത്തോടെ പിന്നോട്ടുപോകാതെ, സ്വയം പ്രഖ്യാപിത ഹിന്ദുത്വ മൗലികതയ്ക്കെതിരായ മുന്നേറ്റം തുടരുകയാണ് വേണ്ടത്,’ കുംവീ വ്യക്തമാക്കി.
ഇന്ത്യ തന്നെ സുരക്ഷിതമല്ലെന്നും പിന്നെയെങ്ങനെയാണ് താന്‍ മാത്രം സുരക്ഷിതനാവുകയെന്നും താങ്കള്‍ സ്വന്തം നാട്ടില്‍ സുരക്ഷിതനാണോയെന്ന അവതാരകയുടെ ചോദ്യത്തിന് കുംവീ മറുപടി നല്‍കി. ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു യഥാര്‍ഥ എഴുത്തുകാരന്‍ ഒരിക്കലും സുരക്ഷിതമേഖലയില്‍ ഇരിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ശ്രീരാമസേനയും ബജ്‌റംഗ്ദളും ഹിന്ദുജാഗരണ സമിതിയും അവരുടെ പലതരം ശാഖോപശാഖകളും ഹിന്ദുത്വത്തിന്റെ പേരില്‍ രാഷ്ട്രത്തെ കഷണങ്ങളാക്കിക്കൊണ്ടിരിക്കുകയാണ്. ഗാന്ധിജി, അംബ്ദേക്കര്‍, നാരായണഗുരു തുടങ്ങിയ മഹാന്മാരെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് സംഘപരിവാര്‍. പകരം നാഥുറാം ഗോഡ്‌സെയെപ്പോലുള്ള കൃത്രിമദേശസ്‌നേഹികളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ഈ സനാതനന്മാര്‍ ഇന്ത്യാമഹാരാജ്യത്തിന് അപകടമാണ്.
നമ്മുടെ രാജ്യത്ത് നമുക്കുള്ളത് ഇന്തുത്വമാണ്. ഹിന്ദുത്വം എന്നൊരു സംജ്ഞയില്ല. ഹിന്ദു എന്ന പദം മുന്നോട്ടുവരുന്നത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴാണ്,’ അദ്ദേഹം പറഞ്ഞു.
എല്ലാ അര്‍ഥത്തിലും താനൊരു ഹിന്ദുവല്ലെന്നും ദക്ഷിണേന്ത്യയിലെ ദ്രാവിഡന്മാരാരും തന്നെ ഹിന്ദുവല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഴുത്തുകാരന്‍ എന്ന നിലയില്‍ താന്‍ ഇടതുപക്ഷക്കാരനാണെന്നും തികച്ചുമൊരു ഇന്ത്യക്കാരനായ എഴുത്തുകാരനാണ് താനെന്നും കുംവീ വ്യക്തമാക്കുന്നുണ്ട്.
അതേസമയം വധഭീഷണിക്കത്തുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കുംവീക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ഒരു പൊലീസുകാരനെ നിയോഗിച്ചതായി വിജയനഗര്‍ ജില്ലാ പോലീസാണ് അറിയിച്ചത്. കഴിഞ്ഞ ആഴ്ചയാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.
ഹിജാബ് നിരോധനം ഉള്‍പ്പെടെയുള്ള മുന്‍സര്‍ക്കാരിന്റെ നയങ്ങളെ ശക്തമായി വിമര്‍ശിച്ചിരുന്ന എഴുത്തുകാരനാണ് കുംവീ. മതേതരത്വത്തിനും ഭരണഘടനയ്ക്കും ഭീഷണിയുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സാഹിത്യ അക്കാദമി പ്രതികരിക്കുന്നില്ലെന്നാരോപിച്ച് അക്കാദമി പുരസ്‌കാരവും അദ്ദേഹം തിരിച്ചുനല്‍കിയിരുന്നു.
content highlights: kum veerabhadrappa about threatening call