കോഴിക്കോട്: കോഴിക്കോട്ടെ പോക്‌സോ കേസിൽ കുറ്റാരോപിതനായ എൽ.പി സ്കൂൾ അധ്യാപകനും സംഭവം മൂടിവെക്കാൻ ശ്രമിച്ച പ്രധാനാധ്യാപികക്കും സസ്‌പെൻഷൻ. സ്കൂൾ മാനേജർ ഇരുവരെയും സസ്‌പെൻഡ് ചെയ്യുകയായിരുന്നു. സ്കൂൾ കേസിൽ കഴമ്പില്ലെന്ന് പറയുന്ന പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് തള്ളിയ പോക്‌സോ കോടതി കേസ് നിലനിൽക്കുമെന്ന് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
കേസിൽ രണ്ടാം പ്രതിയായ പ്രധാനാധ്യാപികക്കെതിരെ പോക്‌സോ കേസിലെ സെഷൻ 21 നിലനില്‍ക്കുമെന്നും കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം സ്കൂൾ മാനേജർ എടുത്തത്.
2023 ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുറ്റാരോപിതനായ അധ്യാപകനെതിരെ ദൃശ്യങ്ങൾ അടങ്ങിയ പരാതി മാനേജർ പ്രധാനാധ്യാപികക്ക് മുന്നിൽ കാണിച്ചിരുന്നു. എന്നാൽ അത് മൂടിവെക്കാനുള്ള ശ്രമമായിരുന്നു അവിടെ നടന്നതെന്ന് മാനേജർ പറഞ്ഞു. പിന്നാലെ മാനേജർ തന്നെ പൊലീസിനെ സമീപിച്ചെങ്കിലും പൊലീസ് കേസെടുക്കാൻ തയാറായില്ല. മാതാപിതാക്കൾക്കും കുട്ടിക്കും പരാതിയില്ലെന്നായിരുന്നു പൊലീസിന്റെ വാദം.
പിന്നീട് വിവിധയിടങ്ങളില്‍ മാനേജര്‍ നല്‍കിയ നിരന്തര പരാതികളെ തുടര്‍ന്നാണ് സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം അധ്യാപകനെ പ്രതിയാക്കി എഫ്.ഐ.ആറിടാൻ പൊലീസ് നിര്‍ബന്ധിതരായത്. എന്നാല്‍, പരാതിയിൽ കഴമ്പില്ലെന്നും പിതൃവാത്സല്യത്തോടെയുള്ള പെരുമാറ്റമാണ് അധ്യാപകന്‍ നടത്തിയതെന്നുമുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.
പൊലീസിനും മജിസ്ട്രേറ്റിനും മുമ്പാകെ ആക്രമിക്കപ്പെട്ട കുട്ടിയും രക്ഷിതാക്കളും ആരോപണവിധേയന് അനുകൂല മൊഴി നല്‍കിയത് സമ്മര്‍ദം കൊണ്ടാണെന്നും പ്രധാനാധ്യാപിക ദൃശ്യങ്ങള്‍ കണ്ടിട്ട് പോലും കുറ്റകൃത്യം മൂടിവെച്ചെന്നും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ എ.ഇ.ഒ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് ചെയ്തതെന്നും മാനേജര്‍ പറയുന്നു. പൊലീസ് നല്‍കിയ അന്തിമ റിപ്പോര്‍ട്ടിനെതിരെ പരാതിക്കാരന്‍ പോക്സോ കോടതിയെ സമീപിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും കോടതിയില്‍ സമര്‍പ്പിച്ചു.
പൊലീസിന്‍റെ ഫൈനല്‍ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതിയായ എല്‍.പി സ്കൂള്‍ അധ്യാപകനെതിരെ പോക്സോ ആക്ട് ഏഴ്, എട്ട് സെഷനുകളും, രണ്ടാം പ്രതി പ്രധാനാധ്യാപിക, മൂന്നാം പ്രതി അന്നത്തെ എ.ഇ.ഒ എന്നിവര്‍ക്കെതിരെ പോക്സോ ആക്ട് സെക്ഷന്‍ 21 നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
അധ്യാപക സംഘടനയില്‍ സ്വാധീനമുള്ള ആള്‍ക്കെതിരെ പരാതിയുമായി മുന്നോട്ടു പോയപ്പോള്‍ പിന്‍മാറാന്‍ വലിയ സമ്മർദങ്ങൾ നേരിട്ടെന്ന് മാനേജര്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞും ഫോണ്‍ വന്നു. ആക്രമിക്കപ്പെട്ട കുട്ടിയേയും കുടുംബത്തെയും സ്വാധീനിച്ചും, രാഷ്ടീയ സമ്മർദം കൊണ്ടും കേസ് ഒത്തുതീര്‍പ്പാക്കാൻ ശ്രമിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായെന്നും പരാതിക്കാരൻ പറഞ്ഞു.
Content Highlight: Kozhikode POCSO case; Accused teacher and headmistress suspended for covering up incident