കോഴിക്കോട്: ആര്‍.എസ്.എസിന്റ പരിപാടിയില്‍ പങ്കെടുത്തതില്‍ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് മുസ്‌ലിം ലീഗ് മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദര്‍. കേസരി മന്ദിരത്തില്‍ സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലും ഖാദര്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെയാണ് അദ്ദേഹം ലീഗ് നേതൃത്വത്തിന് വിശദീകരണം നല്‍കിയത്.
വിശദീകരണം നല്‍കിയ സാഹചര്യത്തില്‍ ലീഗിന്റെ ഭാഗത്ത് നിന്നും ഖാദറിനെതിരെ കടുത്ത നടപടികളൊന്നും ഉണ്ടാകാനിടയില്ല. ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ ചേരാനിരിക്കുന്ന ലീഗ് നേതൃയോഗത്തില്‍ സ്വീകരിക്കും. യോഗത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല.
ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുത്തതില്‍ തന്റെ ഭാഗത്ത് നിന്നും പിഴവുണ്ടായിട്ടുണ്ടെന്നും ലീഗിന് ഇത് ഏതെങ്കിലും തരത്തില്‍ പ്രശ്‌നമായി മാറിയിട്ടുണ്ടെങ്കില്‍, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പരസ്യമായി കുറ്റം സമ്മതിച്ച് ഖേദ പ്രകടനത്തിന് തയ്യാറാണെന്നും വിശദീകരണക്കുറിപ്പില്‍ കെ.എന്‍.എ. ഖാദര്‍ പറഞ്ഞു.
ഒരു മതേതര നിലപാടുകാരന്‍ എന്ന നിലയ്ക്ക് തനിക്ക് കിട്ടിയ വേദിയായിരുന്നു ആര്‍.എസ്.എസിന്റെ പരിപാടിയെന്നുമാണ് വിശദീകരണത്തില്‍ പറയുന്നത്.
നേരത്തെ ലീഗ് നേതൃത്വം സംഭവത്തില്‍ ഖാദറിനോട് വിശദീകരണം ചോദിച്ചിരുന്നു. കഴിഞ്ഞദിവസം സാദിഖലി തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ട് പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
കേസരി മന്ദിരത്തിലെ പരിപാടിയില്‍ പങ്കെടുത്ത കെ.എന്‍.എ ഖാദറിനെ ആര്‍.എസ്.എസ് പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശി ജെ. നന്ദകുമാര്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചിരുന്നു. ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയില്‍ രണ്‍ജി പണിക്കര്‍, ആര്‍ട്ടിസ്റ്റ് മദനന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
ഇതിന് പിന്നാലെ കെ.എന്‍.എ ഖാദറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാകുകയായിരുന്നു. എന്നാല്‍ എല്ലാം മതസ്ഥരും തമ്മില്‍ സ്‌നേഹവും ഐക്യവും വേണമെന്ന് വിചാരിച്ചതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും എല്ലാ മതങ്ങളെക്കുറിച്ചും നല്ലത് മാത്രം പറയുന്ന ഒരാളാണ് താനെന്നും കെ.എന്‍.എ. ഖാദര്‍ ഇതിന് പിന്നാലെ പ്രതികരിച്ചിരുന്നു.
‘പരിപാടിയില്‍ പറഞ്ഞത് മതസൗഹാര്‍ദത്തെക്കുറിച്ചുമാത്രമാണ്. നാട്ടില്‍ സംഘര്‍ഷവും വര്‍ഗീയതയും വര്‍ധിച്ച് വരുമ്പോള്‍ എല്ലാം മതസ്ഥരും തമ്മില്‍ സ്‌നേഹവും ഐക്യവും വേണമെന്ന് വിചാരിച്ചതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. അത് തെറ്റായി ചിത്രീകരിച്ച് ദുഷ്പ്രചരണം നടത്തുകയാണ്,’ കെ.എന്‍.എ. ഖാദര്‍ പറഞ്ഞു.
സംഘപരിവാര്‍ മുഖപത്രമായ ജന്മഭൂമിയില്‍ ലേഖനങ്ങള്‍ എഴുതുന്നയാളാണ് ഖാദര്‍. കെ.എന്‍.എ ഖാദര്‍ മത്സരിച്ച ഗുരുവായൂര്‍ മണ്ഡലത്തില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥിയില്ലാതിരുന്നതും മുമ്പ് വിവാദമായിരുന്നു.
Content Highlight: KNA Khader gives explanation to Muslim League for attending RSS program