ലീഗില്‍ ഇപ്പോള്‍ സംഭവിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്ക്: കെ.എം. ഷാജി
Kerala Politics
ലീഗില്‍ ഇപ്പോള്‍ സംഭവിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്ക്: കെ.എം. ഷാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th August 2021, 9:30 am

കോഴിക്കോട്: ചന്ദിക, മുഈന്‍ അലി തങ്ങള്‍ വിവാദങ്ങളില്‍ പ്രതികരിച്ച് കെ.എം. ഷാജി. വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിന്റെ ഭാഗമാണെന്ന് ഷാജി പറഞ്ഞു.

‘ഇരുമ്പു മറകളില്‍ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ്,’ ഷാജി പറഞ്ഞു.

എതിരഭിപ്രായം പറയുന്നവര്‍ ശാരീരികമായോ ധാര്‍മ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് ഈ ഒഴുക്ക് മനസ്സിലാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി ശിഹാബ് തങ്ങള്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച വിഷയത്തില്‍ നേതൃത്വം കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇതിന് പിന്നാലെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ റാഫി പുതിയകടവില്‍ എന്ന ലീഗ് പ്രവര്‍ത്തകന്‍ മുഈന്‍ അലിയെ പരസ്യമായി തെറി വിളിച്ച് രംഗത്തെത്തിയത് സ്ഥിതി കൂടുതല്‍ വഷളാക്കി.

അതേസമയം മുഈനലി തങ്ങളുടെ വിമര്‍ശനം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ലീഗ് ഉന്നതാധികാര സമിതിയോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു. മുഈന്‍ അലി തങ്ങളെ പുറത്താക്കണമെന്ന കുഞ്ഞാലിക്കുട്ടിയുടെ ആവശ്യത്തെ പി.എം.എ. സലാം ഒഴികെയുള്ള നേതാക്കളാരും പിന്തുണച്ചില്ല.


പാണക്കാട് കുടുംബവും നടപടിക്കെതിരെ ശക്തമായി നിലകൊണ്ടു. മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ വാര്‍ത്താസമ്മേളനം അലങ്കോലപ്പെടുത്തിയ റാഫിക്കെതിരെയും നടപടി പാടില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ ആവശ്യവും നേതാക്കള്‍ തള്ളി.

ഇതും കുഞ്ഞാലിക്കുട്ടിയ്ക്ക് വലിയ ആഘാതമായി. ഉന്നതാധികാര സമിതി യോഗത്തില്‍ പാണക്കാട് കുടുംബത്തിലെ പ്രധാന അംഗങ്ങളെല്ലാം ഇരുന്ന് തീരുമാനമെടുത്തതും ലീഗിന്റെ ചരിത്രത്തിലാദ്യമാണ്.

എന്നാല്‍ ലീഗ് യോഗത്തില്‍ തര്‍ക്കങ്ങളുണ്ടായിട്ടില്ലെന്ന് കെ.പി.എ. മജീദും പി.എം.എ. സലാമും വ്യക്തമാക്കി.

കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച പാണക്കാട് മുഈന്‍ അലി തങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടപടി എടുക്കേണ്ടെന്നായിരുന്നു ഇന്നലെ ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനിച്ചത്. വാര്‍ത്താസമ്മേളനത്തിനിടെ മുഈന്‍ അലി തങ്ങളെ അസഭ്യം പറഞ്ഞ റാഫി പുതിയകടവിലിനെ സസ്‌പെന്‍ഡ് ചെയ്തു.

കോഴിക്കോട് നടന്ന വാര്‍ത്തസമ്മേളനത്തില്‍ ഹൈദരലി തങ്ങളുടെ മകന്‍ കൂടിയായ മുഈന്‍ അലി ശിഹാബ് തങ്ങള്‍ നടത്തിയ വെളിപ്പെടുത്തല്‍ കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായിരുന്നു. മുഈന്‍ അലിയ്‌ക്കെതിരെ യൂത്ത് ലീഗ് ദേശീയ നേതൃത്വം നടപടിയെടുക്കുമെന്ന് മുസ്‌ലീം ലീഗ് നേതാക്കള്‍ പറഞ്ഞെങ്കിലും അതുമുണ്ടായില്ല.

റഷീദലി തങ്ങള്‍ ഉള്‍പ്പെടെ പാണക്കാട് കുടുംബത്തിലെ ഭൂരിഭാഗവും അടിയന്തര നടപടി ഉണ്ടാകുന്നതിനെതിരെ നിലയുറപ്പിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പമായിരുന്ന സാദിഖലി തങ്ങള്‍ക്കും മറിച്ചൊരു നിലപാട് സ്വീകരിക്കാനായില്ല.

മുഈനലി വാര്‍ത്തസമ്മേളനത്തില്‍ നടത്തിയ പരസ്യ വിമര്‍ശനം തെറ്റായെന്ന് എല്ലാവരും സമ്മതിച്ചെങ്കിലും നടപടിയെടുക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് കുടുംബം ബോധ്യപ്പെടുത്തി.

ലീഗിന്റെ അഭിഭാഷക സംഘടനയായ കേരളാ ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷാ ആയിരുന്നു കോഴിക്കോട് ലീഗ് ഹൗസില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നത്.

വാര്‍ത്താസമ്മേളനത്തിന്റെ ആദ്യ ഘട്ടത്തില്‍ മുഹമ്മദ് ഷാ ആയിരുന്നു സംസാരിച്ചിരുന്നത്. നിലവിലെ ആരോപണങ്ങള്‍ക്ക് ലീഗിന്റെ വിശദീകരണം എന്ന നിലക്കാണ് അദ്ദേഹം സംസാരിച്ചത്. തുടര്‍ന്നായിരുന്നു മുഈനലി തങ്ങള്‍ സംസാരിച്ചത്. ഇതിനിടെയായിരുന്നു റാഫി പുതിയകടവ് എന്ന പ്രവര്‍ത്തകന്‍ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തിയത്.

മുഈനലി തങ്ങളെ അസഭ്യം പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് റാഫി പിന്നീട് രംഗത്തെത്തിയിരുന്നു. ഹൈദരലി തങ്ങളുടെ വിഷമങ്ങള്‍ക്ക് കാരണം മുഈനലിയാണ്. മുഈനലി ലീഗ് നേതാക്കളെ അനാവശ്യമായി വിമര്‍ശിച്ചത് കൊണ്ടാണ് വാര്‍ത്താസമ്മേളനത്തില്‍ ഇടപെട്ടത്. കുഞ്ഞാലിക്കുട്ടിക്ക് എതിരെയല്ല, ഏത് നേതാവിനെക്കുറിച്ച് പറഞ്ഞാലും എതിര്‍ക്കുമായിരുന്നുവെന്നും റാഫി പറഞ്ഞിരുന്നു.

മുഈനലി തനിക്ക് ബന്ധമില്ലാത്ത വിഷയങ്ങളില്‍ സംസാരിക്കുകയാണെന്ന രീതിയില്‍ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ചന്ദ്രികയില്‍ മുഈനലിക്ക് ചുമതല നല്‍കിയതിനെ കുറിച്ചുള്ള കത്ത് പുറത്തുവന്നതോടെ ഈ വാദങ്ങളുടെ വാദങ്ങളുടെ മുനയൊടിഞ്ഞിരിക്കുകയാണ്.

അതേസമയം, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കിയിരുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസിലാണ് മൊഴിയെടുക്കാന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

കെ..എം. ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം.
വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിന്റെ ഭാഗമാണ്; മുസ്ലിം ലീഗില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്.
ഇരുമ്പു മറകളില്‍ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ്.
ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല, സംഘ ശക്തിയിലെ ഗുണകാംക്ഷകള്‍ മാത്രം.
എതിരഭിപ്രായം പറയുന്നവര്‍ ശാരീരികമായോ ധാര്‍മ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് ഈ ഒഴുക്ക് മനസ്സിലാവില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KM Shaji Muslim League