തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ നിന്ന് മുഖ്യമന്ത്രിയെ വിലക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Kerala News
തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ നിന്ന് മുഖ്യമന്ത്രിയെ വിലക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th March 2024, 6:16 pm

തിരുവനന്തപുരം: മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണ റാലിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. സുരേന്ദ്രനാണ് പരാതി നല്‍കിയത്.

മുസ്‌ലിം സമുദായത്തിന്റെ ഇടയില്‍ ഭയവും വെറുപ്പും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചു എന്നാണ് പരാതി. ഇന്ന് മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണ റാലിയിലെ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗവുമായി ബന്ധപെട്ടാണ് കെ.കെ. സുരേന്ദ്രന്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലെ മുസ്‌ലിങ്ങളില്‍ അരക്ഷിതത്വം സൃഷ്ടിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി പല പരാമര്‍ശവും നടത്തിയതെന്നും വരാന്‍ പോകുന്ന നിയമങ്ങള്‍ കാരണം രാജ്യത്ത് മുസ്‌ലിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇത് മുസ്‌ലിങ്ങള്‍ക്കും ഹിന്ദുകള്‍ക്കും ഇടയില്‍ വിദ്വേഷം ഉണ്ടാക്കുമെന്നും കെ.കെ. സുരേന്ദ്രന്‍ പറയുന്നു. ആദ്യമായല്ല മുഖ്യമന്ത്രി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും പല വേദികളിലും സമാനമായ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി നടത്തിയിട്ടുണ്ടെന്നും കെ.കെ. സുരേന്ദ്രന്‍ പറഞ്ഞു. അതുകൊണ്ട് ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ നിന്ന് മുഖ്യമന്ത്രിയെ വിലക്കണമെന്നും കെ.കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Content Highlight: KK Surendran’s Complaint That Pinarayi Vijayan Should Be Banned From Election Campaign