[]കോഴിക്കോട് : ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് കോഴിക്കോട് ജില്ലാ ജയിലില്‍ സുഖവാസം.
എല്ലാവിധ സുഖ സൗകര്യങ്ങളോടും കഴിയുന്ന കൊടിസുനിയും കിര്‍മാണി മനോജും ടി.കെ രജീഷും ഉള്‍പ്പെടെയുള്ള പ്രതികള്‍ ജയിലില്‍ മുന്തിയ ഫോണുകളാണ് ഉപയോഗിക്കുന്നത്. മിക്കവരും ഫേസ്ബുക്കിലും സജീവമാണ്.
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെല്ലാം എടുത്തത് വിചാരണ വേളയിലാണ്. ജയില്‍ ചട്ടങ്ങള്‍ക്ക് പുല്ലുവില നല്‍കിക്കൊണ്ടാണ് ഇവര്‍ ജയിലില്‍ കഴിയുന്നത്.
ജയിലിന്റെ വിവിധ ഭാഗത്ത് വെച്ച് എടുത്ത ഫോട്ടോകള്‍ മനോജ് കിര്‍മാണിയും ഷാഫിയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കേസിന്റെ വിചാരണവേളയിലാണ് ചിത്രങ്ങളില്‍ കൂടുതലും എടുത്തിരിക്കുന്നത്. കേസിലെ 51 പ്രതികള്‍ കൂറുമാറിയതും ഈ സമയത്താണ്.
അഞ്ചാംപ്രതി മുഹമ്മദ് ഷാഫി ജയിലിനുളളില്‍ മൊബൈല്‍ ഫോണുമായി നില്‍കുന്ന ചിത്രവും ഫേസ്ബുക്കിലുണ്ട്.
ബര്‍മുടയും മൊബൈല്‍ ഫോണും മുന്തിയ കണ്ണടകളും ധരിച്ചുകൊണ്ടുള്ള ഫോട്ടോകള്‍ക്ക് നിരവധി ലൈക്കുകളും കമന്റുകളും വന്നിട്ടുണ്ട്.
ജയിലിനുള്ളില്‍ നിന്നെടുത്ത ഇത്തരത്തിലുള്ള നൂറ് കണക്കിന് ഫോട്ടോകളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കൊലയാളി സംഘത്തിലെ ടി കെ രജീഷ് ഒഴികെ എല്ലാവര്‍ക്കും ഫേസ്ബുക്ക് അക്കൗണ്ടുണ്ട്.
ജയിലിലെ സെല്ലിന് പുറത്ത് എടുക്കുന്ന ധാരാളം ഫോട്ടോകളും ഇവരുടെ ഫേസ്ബുക്കില്‍ ഉണ്ട്. മിക്ക പ്രതികളും അവരുടെ പിറന്നാളും മറ്റുവിശേഷദിവസങ്ങളും ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും അതിനെല്ലാം കമന്റുകളും ലൈക്കുകളും വരുന്നുമുണ്ട്.
സാക്ഷിവിസ്താരമില്ലാത്ത ദിവസങ്ങളിലാണ് ഇവര്‍ മിക്കവാറും ജയിലിനകത്ത് നിന്നും ഫേസ്ബുക്കില്‍ സജീവമാകുന്നത്.
മെയ് നാലിനാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. രണ്ടുമാസത്തിനുള്ളില്‍ കൊലയാളിസംഘം ഉള്‍പ്പെടെയുള്ള പ്രധാനപ്രതികളെല്ലാം ജയിലിലായി.
മെയ്, ജൂണ്‍ മാസങ്ങളില്‍ ഈ ഫേസ്ബുക്ക് അക്കൗണ്ടുകളെല്ലാം നിര്‍ജീവമായിരുന്നു. സംഭവം നടന്ന് രണ്ടുമാസത്തിനുള്ളില്‍ പ്രതികളെല്ലാം അറസ്റ്റിലായി.
ഇവരെ റിമാന്‍ഡ് ചെയ്ത് ജയിലിലെത്തിച്ചപ്പോഴേക്കും പ്രതികളുടെ ഫേസ്ബുക് അക്കൗണ്ടുകളെല്ലാം വീണ്ടും സജീവമായി.
കൊടി സുനിയും മുഹമ്മദ് ഷാഫിയും എം സി അനൂപും കിര്‍മാണി മനോജുമടക്കമുള്ള പ്രതികളെല്ലാം ജൂലൈ, ഓഗസ്റ്റ് മാസങ്ങളാകുമ്പോഴേക്കും ഫേസ്ബുക്കില്‍ സജീവമായിത്തുടങ്ങിയിരുന്നു.
കോടതിയില്‍ പോകാന്‍ വെള്ള ഷര്‍ട്ടുമിട്ട് തയാറാവുന്ന സമയത്തെ ഫോട്ടോവരെ ഫേസ്ബുക്കിലുണ്ട്. വെള്ള ഷര്‍ട്ടും ഷര്‍ട്ടും ബര്‍മുഡയും കൂളിംഗ് ഗ്ലാസുമെല്ലാം ധരിച്ചു നില്‍ക്കുന്ന കിര്‍മാണി മനോജ്, വിവിധ പോസുകളില്‍ കൊടി സുനിയും എം സി അനൂപും സിജിത്തും ഷാഫിയും സിനോജും രജിത്തിന്റെയുമെല്ലാം ഫോട്ടോകള്‍ ഫേസ്ബുക്കിലുണ്ട്.
ഇത്തരത്തിലുള്ള രണ്ടു ഫോട്ടോകളില്‍ മുഹമ്മദ് ഷാഫിയുടെ കൈയില്‍ മൊബൈല്‍ ഫോണുമുണ്ട്. ജയിലിനകത്തെ മതിലിനടുത്ത് നിന്നെടുത്ത മറ്റൊരു ഫോട്ടോയില്‍ ഷാഫിയുടെ കൈയിലും മറ്റൊരു മൊബൈല്‍ ഉണ്ട്. ഷിനോജിന്റെ കൂടെയുള്ള ഫോട്ടോയില്‍ ഷാഫി മൊബൈലില്‍ ആരോടോ സംസാരിക്കുന്നതും ചിത്രങ്ങളില്‍ കാണാം.
സാധാരണ പ്രതികള്‍ക്ക് കിട്ടുന്നതില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ടി പി വധക്കേസിലെ പ്രതികള്‍ക്ക് കോഴിക്കോട് ജില്ലാ ജയിലില്‍ കിട്ടുന്നുണ്ടെന്ന് നേരത്തെ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ജയിലില്‍ ഇവര്‍ മൊബല്‍ ഫോണുകള്‍ നിര്‍ബാധം ഉപയോഗിക്കുന്നതായും അന്ന് ഇന്റലിജന്‍സ് ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
അതേസമയം പ്രതികളെ സംരക്ഷിക്കുന്നതില്‍ ഒത്തുകളി നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. ഇത് ആഭ്യന്തര വകുപ്പിന് നാണക്കേടാണെന്നും ഇവര്‍ക്ക് പ്രത്യേകം സൗകര്യം ലഭിക്കുന്നതില്‍ കൃത്യമായ അജണ്ടയുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ഞെട്ടിക്കുന്ന വാര്‍ത്തായാണ് ഇതെന്ന് ടി.പിയുടെ ഭാര്യ രമ പ്രതികരിച്ചു. ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രി മറുപടി പറഞ്ഞേ തീരുള്ളൂവെന്നും നീതി ലഭിക്കുമെന്ന വിശ്വാസം ഇതോടെ അസ്തമിച്ചെന്നും രമ വ്യക്തമാക്കി.