Advertisement
World News
'പരമാധികാരം പ്രധാനമാണ്'; നീറിപ്പുകയുമ്പോള്‍ സല്‍മാന്‍ രാജകുമാരന് ഖത്തറില്‍ നിന്ന് ആ കോളെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 01, 07:11 am
Monday, 1st March 2021, 12:41 pm

വാഷിംഗ്ടണ്‍: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധവുമായി ബന്ധപ്പെട്ട് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ സൗദിക്ക് പിന്തുണയുമായി ഖത്തറും.

മുഹമ്മദ് ബിന്‍ സല്‍മാനെ ഫോണില്‍ വിളിച്ചാണ് ഖത്തര്‍ അമീര്‍ സൗദിക്ക് പിന്തുണ അറിയിച്ചത്. സൗദിക്ക് ഖത്തര്‍ പിന്തുണ നല്‍കുമോ എന്ന ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് ഖത്തറില്‍ നിന്ന് സല്‍മാന്‍ രാജകുമാരന് ഫോണ്‍ കോളെത്തിയത്.

സൗദിയുടെ പരമാധികാരവും, അധികാര മേഖലകളിലെ സ്ഥിരതയും ഖത്തറിന്റെയും ഗള്‍ഫ് കോര്‍പ്പറേഷന്റെയും സുരക്ഷയ്ക്ക് പ്രധാനമാണെന്ന് ഖത്തര്‍ അമീര്‍ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരവും, സുരക്ഷയും, സ്ഥിരതയും ഉറപ്പാക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാനോട് ഖത്തര്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇസ്താംബുളില്‍ ഓപ്പറേഷന് അനുവാദം നല്‍കിയതും ഖഷോഗ്ജിയെ കൊല്ലുക അല്ലെങ്കില്‍ പിടിച്ചുകൊണ്ടുവരിക എന്നായിരുന്നു സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീനം വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ 2018ല്‍ നടന്ന ഈ കൊലപാതകം സംഭവിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.തനിക്കെതിരെ അഭിപ്രായങ്ങള്‍ ഉയര്‍ത്തുന്നവരെ അക്രമാസക്തമായ വഴികളിലൂടെ നിശബ്ദരാക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ രീതികളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

റിപ്പോര്‍ട്ടിനെതിരെ സൗദി രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് തെറ്റാണെന്നും അതുകൊണ്ടു തന്നെ ഒരിക്കലും അംഗീകരിക്കില്ലെന്നുമാണ് സൗദി അറിയിച്ചിരിക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന വിവരങ്ങളെ സൗദി പൂര്‍ണ്ണമായും നിഷേധിക്കുകയായിരുന്നു.

റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ യു.എ.ഇ, ബഹ്‌റൈന്‍, എന്നീ രാജ്യങ്ങള്‍ സൗദിക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു.
ഇസ്താംബുളില്‍ വെച്ചാണ് സൗദി ഏജന്റുമാര്‍ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റും സൗദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനുമായ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിടാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അനുവദിച്ചിരുന്നില്ല. എന്നാല്‍ ബൈഡന്‍ അധികാരത്തിലേറിയാല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിടുമെന്ന് നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നു.

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടണമെന്ന് അമേരിക്കന്‍ സര്‍ക്കാരിനോട് മുതിര്‍ന്ന ഡെമോക്രാറ്റിക്ക് നേതാവും ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാനുമായ ആദം ഷിഫ് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ അവ്‌റില്‍ ഹൈന്‍സിന് ഇതുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ കത്തയച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ പസ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Khashoggi murder: Qatar joins other Gulf states in showing support for Saudi Arabia