Sports News
കോഹ്‌ലിയുടെ പെരുമാറ്റത്തെ ധിക്കാരം എന്ന് വിളിച്ചതിന് ഞാന്‍ മാപ്പ് പറയുന്നു: മുന്‍ ഓസീസ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 26, 02:56 pm
Thursday, 26th December 2024, 8:26 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിച്ചപ്പോള്‍ 86 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് ഓസീസ് നേടിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ നേടിയത് ജസ്പ്രീത് ബുംറയാണ്. ആകാശ് ദീപ്, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മത്സരത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ സാം കോണ്‍സ്റ്റസുമായുള്ള വിരാട് കോഹ്‌ലിയുടെ ‘കൂട്ടിയിടിയാണ്’. വിരാട് മനപ്പൂര്‍വം കോണ്‍സ്റ്റസിന്റെ തോളില്‍ ഇടിക്കുകയും ദേഷ്യപ്പെട്ട് സംസാരിക്കുകയുമായിരുന്നു. ഇതോടെ വിരാടിന് ഐ.സി.സി മാച്ച് ഫീയുടെ 20 ശതമാനം പിഴയും ചുമത്തി.

എന്നാല്‍ ഇപ്പോള്‍ വിരാടിന്റെ പ്രവൃത്തിയെ ധിക്കാരമെന്ന് വിശേഷിപ്പിച്ച മുന്‍ ഓസീസ് താരം കെറി ഒക്കീഫ് തന്റെ പ്രസ്താവനയില്‍ ക്ഷമ ചോദിക്കുകയാണ്. വിരാട് വളരെ ഇമോഷണലായിട്ടാണ് ക്രിക്കറ്റ് കളിക്കുന്നതെന്നും അയാള്‍ക്ക് സ്വേഗര്‍ ഉണ്ടെന്നും മുന്‍ താരം പറഞ്ഞു. എന്നാല്‍ ആ രീതിയില്‍ മറ്റൊരു അരങ്ങേറ്റതാരം കളിക്കുമ്പോള്‍ വിരാട് അതേ രീതിയില്‍ തന്നെ പ്രതികരിച്ചു എന്നാണ് കെറി പറഞ്ഞത്.

വിരാടിനെക്കുറിച്ച് മുന്‍ ഓസീസ് താരം പറഞ്ഞത്

‘വിരാട് കോഹ്‌ലിയുടെ പെരുമാറ്റത്തെ ധിക്കാരം എന്ന് വിളിച്ചതിന് ഞാന്‍ മാപ്പ് ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. അയാള്‍ക്ക് ഒരു സ്വേഗര്‍ ഉണ്ട്, അത് പോലെ ക്രിക്കറ്റ് കളിക്കുന്നു. മറ്റൊരു കളിക്കാരന്‍ അവനെപ്പോലെ ധിക്കാരം കാണിക്കുന്നത് കണ്ടപ്പോള്‍, അയാള്‍ക്ക് അല്‍പ്പം ദേഷ്യം വന്നു, ആ രീതിയില്‍ പ്രതികരിച്ചു. വിരാട് വളരെ ഇമോഷണലായിട്ടുള്ള ക്രിക്കറ്ററാണ്, അദ്ദേഹത്തിന്റെ ആക്രമണോത്സുകതയാണ് അദ്ദേഹത്തെ ഒരു മത്സര ക്രിക്കറ്ററാക്കി മാറ്റുന്നത്,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കെറി ഒക്കീഫ് പറഞ്ഞു.

Content Highlight: kerry o’keefe Talking About Virat Kohli