രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സി-യിലെ കേരളം – ബംഗാള്‍ മത്സരം ആവേശകരമായ അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മഴ മൂലം ഒന്നര ദിവസത്തിലധികം നഷ്ടമായ മത്സരത്തിന്റെ നാലാം ദിവസം കളി തുടരുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു കേരളം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് വേണ്ടി ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലായിരുന്നു. എന്നാല്‍ കേരളത്തിന് വേണ്ടി നിര്‍ണായക പ്രകടനം കാഴ്ചവെച്ചത് സല്‍മാന്‍ നിസാറും ജലജ് സക്‌സേനയും മുഹമ്മദ് അസറുദ്ദീനുമാണ്.
അവസാനഘട്ടത്തില്‍ 262 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 95 റണ്‍സ് നേടിയാണ് താരം പുറത്താകാതെ നിന്നത്. വെറും അഞ്ച് റണ്‍സ് അകലെയാണ് സല്‍മാന് തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നഷ്ടമായത്. ടീമിന്റെ തീരുമാനം ഡിക്ലയറായിരുന്നു.
സല്‍മാന് പുറമെ ജലജ് സക്‌സേന 162 പന്തില്‍ നിന്ന് ആറ് ഫോര്‍ അടക്കം 84 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് അസറുദ്ദീന്‍ 97 പന്തില്‍ നിന്ന് 11 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 84 റണ്‍സ് നേടിയാണ് തിളങ്ങിയത്.
ബംഗാള്‍ ബൗളിങ് നിരയില്‍ കടുത്ത വെല്ലുവിളിയായത് ഇഷാന്‍ പോരലിന്റെ തകര്‍പ്പന്‍ പ്രകടനമാണ്. 30 ഓവറുകള്‍ എറിഞ്ഞ താരം ആറ് മെയ്ഡന്‍ ഉള്‍പ്പടെ 103 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. താരത്തിന് പുറമെ മുഹമ്മദ് കൈഫ്, പ്രതീപ്ത പ്രമാണിക്, സൂരജ് സിന്ധു എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.