തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടിക തയ്യാറാക്കുന്ന രീതി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒഴിവുകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്നത് അനഭിലഷണീയമാണെന്നും റാങ്ക് പട്ടികയില്‍ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി.എസ്.സിയുമായി ബന്ധപ്പെട്ടുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദിനേശന്‍ കമ്മീഷനെ നിയമിച്ചെന്നും ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമസഭയില്‍ എച്ച്. സലാം എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആകെയുള്ള ഒഴിവിന്റെ മൂന്നിരട്ടി മെയിന്‍ പട്ടികയിലും ഒഴിവിന്റെ പകുതിയുടെ അഞ്ചിരട്ടി ചേര്‍ത്ത് സപ്‌ളിമെന്ററി പട്ടികയും തയ്യാറാക്കലാണ് നിലവിലെ രീതി.
ഇതിന് പുറമെ സംവരണവിഭാഗത്തിനുള്ള സപ്‌ളിമെന്ററി പട്ടിക തയ്യാറാക്കുന്നത് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ്. പി.എസ്.സി നിയമനം സംബന്ധിച്ച് വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വകുപ്പുകളിലും സ്ഥാപനങ്ങളിലും ഉള്ള തസ്തികകള്‍, അതില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍, അവരുടെ വിരമിക്കല്‍ തീയതി, ദീര്‍ഘകാല അവധി, നിയമനം നടത്തുന്നതിന് അനുവദനീയമായ തസ്തികകള്‍, തുടങ്ങിയ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ / സ്ഥാപനങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സംഘടിച്ച് പ്രതിഷേധിക്കുന്നത് സര്‍ക്കാരിന് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്.
ഇത് മറികടക്കാനാണ് പുതിയ തീരുമാനം. ഒഴിവുകള്‍ക്ക് അനുസരിച്ച് റാങ്ക് ലിസ്റ്റുകള്‍ ഉണ്ടാക്കുന്നതോടെ ഇത്തരം തലവേദന ഒഴിവാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.