ആളുകളുടെ കാല്‍ വെട്ടിയെടുക്കുന്നു, അതു നടുറോഡില്‍ എറിയുന്നു, എത്ര ഭീതിതമായ സാഹചര്യമാണിത്: ഹൈക്കോടതി
Kerala
ആളുകളുടെ കാല്‍ വെട്ടിയെടുക്കുന്നു, അതു നടുറോഡില്‍ എറിയുന്നു, എത്ര ഭീതിതമായ സാഹചര്യമാണിത്: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th December 2021, 12:44 pm

കൊച്ചി: പോത്തന്‍കോട് സുധീഷ് എന്നയാളെ കൊലപ്പെടുത്തിയ ശേഷം കാല്‍ വെട്ടിയെടുത്ത് നടുറോഡില്‍ എറിഞ്ഞ സംഭത്തില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി.

”ആളുകളുടെ കാല്‍ വെട്ടിയെടുക്കുന്നു, അതു നടുറോഡില്‍ എറിയുന്നു, എത്ര ഭീതിതമായ സാഹചര്യമാണിത്? എവിടേക്കാണ് നമ്മുടെ പോക്ക്?” എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മറ്റൊരു കേസിന്റെ വാദത്തിനിടെയായിരുന്നു കോടതി ഈ ചോദ്യമുന്നയിച്ചത്.

ഭീതിപ്പെടുത്തുന്ന സാഹചര്യമാണ് സംസ്ഥാനത്തെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അവര്‍ മയക്കുമരുന്നിന് അടിമകളായിരിക്കാം. എന്തുതന്നെയായാലും എവിടേക്കാണ് നമ്മുടെ പോക്കെന്ന് ചിന്തിക്കണമെന്നും കോടതി പറഞ്ഞു.

പട്ടിക വിഭാഗക്കാര്‍ക്കു ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ്, പോത്തന്‍കോട് കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തെ കുറിച്ച് കോടതി പരാമര്‍ശിച്ചത്.

അതേസമയം സുധീഷ് വധക്കേസില്‍ ഒരാള്‍ കൂടി പിടിയിലായിട്ടുണ്ട്. സുധീഷിന്റെ സുഹൃത്ത് ഷിബിനെയാണ് ഏറ്റവുമൊടുവിലായി പ്രതി ചേര്‍ത്തത്. സുധീഷ് ഒളിവില്‍ താമസിക്കുന്ന സ്ഥലം പ്രതികള്‍ക്ക് പറഞ്ഞു കൊടുത്തത് ഷിബിനായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പത് ആയി. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കഞ്ചാവ് വില്‍പ്പനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. കൊലയാളി സംഘത്തില്‍ സുധീഷിന്റെ സഹോദരി ഭര്‍ത്താവും ഉള്‍പ്പെട്ടിട്ടുണ്ട്. മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

കൊലയാളി സംഘത്തില്‍പ്പെട്ട സച്ചിന്‍, അരുണ്‍, സൂരജ്, ജിഷ്ണു, നന്ദു എന്നീ പ്രതികളെ ഇന്നലെ പിടികൂടിയിരുന്നു. കൊലയ്ക്ക് ശേഷം സംഘം രക്ഷപ്പെട്ട പാഷന്‍ പ്രോ ബൈക്കും പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച പിടിയിലായ നന്ദീഷ്, നിധീഷ് , രഞ്ജിത്ത് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സുധീഷിനെ അക്രമിച്ച് കാല്‍വെട്ടിയെടുത്ത മുഖ്യ പ്രതികളായ രാജേഷും ഉണ്ണിയും സഹോദരി ഭര്‍ത്താവ് ശ്യാമും ഇപ്പോഴും ഒളിവിലാണ്. ഇവരെ ഉടന്‍ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.

കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് നേരത്തെ ആക്രമിച്ചിരുന്നു.

അന്ന് സുധീഷ് എറിഞ്ഞ നാടന്‍ ബോംബ് ഉണ്ണിയുടെ അമ്മയുടെ ദേഹത്ത് വീണിരുന്നു. ഇതിന് പ്രതികാരം വീട്ടാനായിരുന്നു ഇവര്‍ സുധീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേസിലെ മുഖ്യപ്രതി രാജേഷിന്റെ സഹോദരനെ ആക്രമിച്ച് കൊന്നത് സുധീഷിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഇതും കൊലപാതകത്തിന് കാരണമായതായാണ് പൊലീസ് പറയുന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തന്‍കോട് കല്ലൂരിലെ വീട്ടില്‍വച്ച് ബൈക്കിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം