കൊച്ചി: കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദനക്ക് സുരക്ഷ ഒരുക്കുന്നതില്‍ സംസ്ഥാനത്തെ മുഴുവന്‍ സംവിധാനങ്ങളും പരാജയപ്പെട്ടെന്ന് ഹൈക്കോടതി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണെന്നും ഹൈക്കോടതി പറഞ്ഞു.
വന്ദന കൊലക്കേസിലെ പ്രത്യേക സിറ്റിങ്ങിന്റെ രണ്ടാം ദിവസമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം.
‘രണ്ട് സ്ത്രീകളുടെ അടുത്ത് ഇയാളുടെ മാനസിക നില പരിശോധിക്കാതെയാണ് കൊണ്ടു പോയത്. അത്തരം പൊലീസ് ഏത് തരം പൊലീസാണ്. 11 തവണ ഒരു പെണ്‍ക്കുട്ടിയെ കുത്തുന്നു. എത്ര ക്രൂരമായ നടപടിയാണിത്. ഭാഗ്യം കൊണ്ടാണ് മറ്റൊരു സ്ത്രീയുടെ ജീവന്‍ പൊലിയാതിരുന്നത്.
അന്വേഷണം നടത്തുന്നുണ്ടെങ്കില്‍ വന്ദനക്ക് വേണ്ടി നടത്തണം. അല്ലെങ്കില്‍ വന്ദനയുടെ ആത്മാവ് മാപ്പ് തരില്ല. ഇതിനെല്ലാം ഉത്തരവാദി പൊലീസ് വകുപ്പ് മേധാവിയാണ്.
സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ട്,’ കോടതി പറഞ്ഞു.
അതേസമയം സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഐ.പിഎസ് ഓണ്‍ലൈനായാണ് കോടതിയില്‍ ഹാജരായത്.
എന്നാല്‍ സന്ദീപ് ആശുപത്രിയിലേക്ക് വരുന്നത് പ്രതിയായിട്ടല്ലെന്നും മറ്റൊരു കേസില്‍ പരാതിക്കാരനായാണ് അദ്ദേഹം ആശുപത്രിയിലേക്ക് വന്നതെന്നും പൊലീസ് അറിയിച്ചു. ഇയാള്‍ പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചിട്ടുള്ള ഫോണ്‍ കോളുകള്‍ ഹാജരാക്കി. ആശുപത്രിക്കകത്ത് സി.സി.ടി.വി ഇല്ലെന്നും പൊലീസ് കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നുള്ള ഹരജികളും വ്യാഴാഴ്ച കോടതി പരിഗണിക്കുന്നുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസവും കോടതി സര്‍ക്കാറിനെ രൂക്ഷമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ എല്ലാ ആശുപത്രികളും അടച്ച് പൂട്ടൂവെന്നാണ് കോടതി പറഞ്ഞത്.
ബുധനാഴ്ച പുലര്‍ച്ചേ നാല് മണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിച്ച അക്രമാസക്തനായ സന്ദീപ് ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് കുത്തേറ്റത്. കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം.