മാധ്യമങ്ങള്‍ ഈ പുസ്തകം വായിക്കുമെന്നാണ് കരുതുന്നത്; എം. ശിവശങ്കറിന്റെ ആത്മ കഥയെക്കുറിച്ച് രശ്മിത രാമചന്ദ്രന്‍
Kerala News
മാധ്യമങ്ങള്‍ ഈ പുസ്തകം വായിക്കുമെന്നാണ് കരുതുന്നത്; എം. ശിവശങ്കറിന്റെ ആത്മ കഥയെക്കുറിച്ച് രശ്മിത രാമചന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd February 2022, 12:40 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ആത്മകഥ പുറത്തിറങ്ങാനിരിക്കെ പ്രതികരണവുമായി അഭിഭാഷകയും കേരള ഹൈക്കോടതി പ്ലീഡറുമായ അഡ്വ. രശ്മിത രാമചന്ദ്രന്‍.

താന്‍ ഈ പുസ്തകം വായിക്കുമെന്നും, മാധ്യമങ്ങളും ഇത് വായിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ മാധ്യമങ്ങള്‍ വേട്ടയാടുകയായിരുന്നുവെന്ന് വിമര്‍ശനം ഉയരുമ്പോഴാണ് രശ്മിതയുടെ പ്രതികരണം.

‘പുരാണത്തിലെ കണ്ണ് നനയിച്ച ആ കുട്ടി. അരിമാവ് കുടിച്ചു പാല്‍ എന്ന് കരുതി നൃത്തം ചെയ്ത ദരിദ്ര ബാലന്‍! അതൊരു ചതി ആയിരുന്നു!
വര്‍ഷങ്ങള്‍ കഴിഞ്ഞ് യുദ്ധ വിജയത്തിനായി ഒരിക്കല്‍ കൂടെ ആ പേര് ചതിയില്‍ പെട്ടു!
പുരാണം അവസാനിച്ചിട്ടും അവന്റെ അലയല്‍ തുടരുകയാണ്! I will read this book! Hope the media too will,’ ശിവശങ്കറിന്റെ ആത്മകഥ ‘അശ്വത്ഥാമാവ് വെറും ഒരു ആന’യുടെ കവര്‍ ചിത്രം പങ്കുവെച്ച് രശ്മിത ഫേസ്ബുക്കില്‍ എഴുതി .

ശനിയാഴ്ചയാണ് ശിവശങ്കറിന്റെ പുസ്തകം പുറത്തിറങ്ങുന്നത്. ഡി.സി ബുക്ക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

സ്വര്‍ണക്കടത്തുകേസിലെ അന്വേഷണ ഏജന്‍സികളുടെ സമീപനവും ജയിലിലെ അനുഭവങ്ങളുമടക്കമുള്ള കാര്യങ്ങള്‍ പുസ്തകത്തിലുണ്ടാകും.

സര്‍വീസിലേക്ക് തിരിച്ചെത്തിയ ശേഷം സര്‍ക്കാരിന്റെ അനുമതി വാങ്ങിയാണ് അദ്ദേഹത്തിന്റെ പുസ്തകം പുറത്തുവരുന്നത്.

Kerala govt extends suspension of senior IAS officer M Sivasankar | The News Minute

ജയില്‍ മോചിതനായി ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് ആത്മകഥയുടെ വിശദാംശങ്ങള്‍ പുറത്തുവിടുന്നത്. പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ ഡി.സി ബുക്സിന്റെ പച്ചക്കുതിര എന്ന പ്രസിദ്ധീകരണത്തിലൂടെ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ സസ്പെന്‍ഷനിലായ എം. ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷം കഴിഞ്ഞ മാസമാണ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്.

സസ്പെന്‍ഷന്‍ കാലാവധി തീര്‍ന്നതിനാല്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്.

Suspended IAS Officer M Sivasankar Had No Evil Motive In Sprinklr Data Deal: Panel Report

നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്പെന്റ് ചെയ്തത്. പിന്നീട് കസ്റ്റംസും എന്‍ഫോഴ്സ്മെന്റും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയായി.

സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതി ചേര്‍ത്തത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിലില്‍ കഴിയുകയും ചെയ്തു. 2023 ജനുവരി വരെയാണ് ശിവശങ്കറിന്റെ സര്‍വീസ് കാലാവധി.