കൊച്ചി: വോട്ടെണ്ണല്‍ ദിവസം ലോക്ക് ഡൗണ്‍ വേണ്ടെന്ന് അറിയിച്ച് ഹൈക്കോടതി. വോട്ട് എണ്ണുന്ന മെയ് 2ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹരജികള്‍ തീര്‍പ്പാക്കി കൊണ്ടാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.
സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും ഇതുവരെ സ്വീകരിച്ച നടപടികള്‍ പര്യാപ്തമാണ്. ആരെങ്കിലും വോട്ടെണ്ണല്‍ ദിവസം ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. അതിന് കോടതി പ്രത്യേകം പറയേണ്ട കാര്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് അശോക് മേനോണ് വിധി പറഞ്ഞത്.
കൊവിഡ് വ്യാപനം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ വോട്ടെണ്ണുന്ന മെയ് 2ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നായിരുന്നു ഹൈക്കോടതിയിലെത്തിയ മൂന്ന് ഹരജികളിലെ ആവശ്യം. വോട്ടെണ്ണല്‍ ദിവസം ആഹ്ലാദ പ്രകടനം ഉണ്ടാകുന്നത് ഈ വ്യാപനത്തിന്റെ തീവ്രത വര്‍ധിപ്പിക്കുമെന്നായിരുന്നു ഹരജിയില്‍ പറഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ലോക്ക്ഡൗണ്‍ വേണ്ടെന്നായിരുന്നു അഭിപ്രായമുയര്‍ന്നിരുന്നത്. എന്നാല്‍ ഈ യോഗത്തില്‍ വിദഗ്ധര്‍ ഇല്ലായിരുന്നെന്ന് ഹരജിക്കാര്‍ വാദിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കൊട്ടിക്കലാശം നിരോധിച്ചെങ്കിലും പലയിടങ്ങളിലും കൊട്ടിക്കലാശത്തിന് സമാനമായ രീതിയില്‍ പ്രകടനങ്ങള്‍ നടന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ലോക്ക്്ഡൗണ്‍ ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും കോടതിയെ അറിയിച്ചു. ലോക്ക് ഡൗണ്‍ വേണ്ടെന്ന് സര്‍വ്വ കക്ഷിയോഗത്തില്‍ തീരുമാനിച്ചെന്നും ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ആഹ്ലാദ പ്രകടനകള്‍ ഉണ്ടാകില്ലെന്നും വോട്ടെണ്ണല്‍ ദിവസത്തിന് വേണ്ടി പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും അറിയിച്ചു.
തുടര്‍ന്നാണ് വോട്ടെണ്ണല്‍ ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക