[share]
[]തിരുവനന്തപുരം: മനുഷ്യരില്‍ മരുന്നുപരീക്ഷണം നടത്തുന്നതിന് നിയമം മറികടന്ന് അനുമതി നല്‍കാന്‍ കേരളാ മന്ത്രിസഭായോഗം തീരുമാനിച്ചു.
പരീക്ഷണം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യപടിയായി രജിസ്‌ട്രേഷന്‍ നല്‍കാനാണ് തീരുമാനം. ഇതിനായി ഡ്രഗ്‌സ് കണ്‍ട്രോളറെ ചുമതലപ്പെടുത്താനും ധാരണയായി. സ്വകാര്യ മാധ്യമമാണ് വാര്‍ത്ത പുറത്ത് വിട്ടത്.
എന്നാല്‍ കേന്ദ്ര നിയമമനുസരിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് മൃഗങ്ങളില്‍ മാത്രമേ മരുന്നു പരീക്ഷണം നടത്താന്‍ അനുവാദമുള്ളൂ. മനുഷ്യശരീരത്തില്‍ മരുന്നുപരീക്ഷണം നടത്താനും അതിന് അനുമതി നല്‍കാനും ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അധികാരമില്ല.
മനുഷ്യരിലെ മരുന്ന് പരീക്ഷണം ജീവന് ഭീഷണിയായതിനാലും ദുരുപയോഗം ചെയ്യപ്പെടുമെന്നതിനാലും വിവാദം ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്.
അനധികൃത മരുന്നുപരീക്ഷണം സംസ്ഥാനത്ത് പലയിടത്തും നടക്കുന്നുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ഡോ. വി.എന്‍ രാജശേഖരന്‍ പിള്ള ചെയര്‍മാനായി ആറംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
മരുന്നുപരീക്ഷണത്തിന് മാത്രമായി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കല്‍ സെന്ററുകള്‍ സംസ്ഥാനത്തുണ്ടെന്ന് സമിതി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ശുപാര്‍ശകളും മുന്നോട്ടുവെച്ചു. ഇത്തരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക, ഇത്തരം സ്ഥാപനങ്ങളില്‍ രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക, പരീക്ഷണത്തിന് വിധേയരാക്കുന്നതിന് മുമ്പുതന്നെ ഇതുമൂലമുണ്ടാകാവുന്ന ദോഷങ്ങളും മറ്റും രോഗികളെ ധരിപ്പിക്കുക, കഷ്ടനഷ്ടമുണ്ടാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയവയായിരുന്നു സമിതിയുടെ നിര്‍ദേശങ്ങള്‍.