സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിലെ 'റൂള്‍സ് ഓഫ് ബിസിനസ്' ഭേദഗതി ചെയ്യുന്നു; കരട് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു
Kerala News
സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിലെ 'റൂള്‍സ് ഓഫ് ബിസിനസ്' ഭേദഗതി ചെയ്യുന്നു; കരട് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd October 2019, 6:28 pm

തിരുവനന്തപുരം: സംസ്ഥാന ഭരണത്തിലെ റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാനൊരുങ്ങി കേരള സര്‍ക്കാര്‍. ഭേദഗതി നിര്‍ദേശം നല്‍കാന്‍ രൂപവത്കരിച്ച സെക്രട്ടറിതല ഉപസമിതി മുഖ്യമന്ത്രിക്ക് കരട് റിപ്പോര്‍ട്ട് നല്‍കി.

പുതിയ ഭേദഗതി പ്രകാരം വകുപ്പുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയും വകുപ്പ് സെക്രട്ടറിമാരുടെ അധികാരം വിപുലീകരിക്കപ്പെടുകയും ചെയ്യും.

ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ നേതൃത്വത്തിലുള്ള സമിതിയെയാണ് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 24 ന് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗം കരട് നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു.

ഭരണവകുപ്പിന് കൂടുതല്‍ സ്വാതന്ത്ര്യമനുവദിക്കുന്ന ഭേദഗതിയില്‍ പ്രധാനമായും പത്ത് ഭേദഗതികളാണ് കൊണ്ടുവരുന്നത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അധികാരങ്ങളെക്കുറിച്ചും വകുപ്പ് സെക്രട്ടറിമാരുടെ അധികാരങ്ങളെക്കുറിച്ചും ഏതൊക്കെ കാര്യങ്ങളില്‍ ചിഫ് സെക്രട്ടറിമാര്‍ക്ക് സ്വന്തം നിലയ്ക്ക് തീരുമാനങ്ങള്‍ എടുക്കാമെന്നും രേഖപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭരണത്തിന്റെ പ്രധാന നിയമമാണ് റൂള്‍സ് ഓഫ് ബിസിനസ്.

ഏതൊക്കെ ഫയലുകള്‍ നോക്കാമെന്നും അതില്‍ ഏതൊക്കെ ധനകാര്യ വകുപ്പിന് അയക്കാമെന്നുമെല്ലാം റൂള്‍സ് ഓഫ് ബിസിനസില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഇത് ഭേദഗതി ചെയ്യുന്നതോടെ പല വകുപ്പുകളുടെയും പ്രവര്‍ത്തനം സുഗമമാകും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവിലെ സ്ഥിതിയനുസരിച്ച് ധനവകുപ്പിന്റെ ശ്രദ്ധപതിയാതെ ധനവകുപ്പുമായി ബന്ധമില്ലാത്ത തസ്തികകള്‍ സൃഷ്ടിക്കലുകള്‍ നടക്കില്ല. എന്നാല്‍ ഭേദഗതി ചെയ്യുന്നതോടുകൂടി ഇത്തരം തസ്തികകള്‍ സൃഷ്ടിക്കലുകള്‍ എളുപ്പമാവും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാ ഫയലുകളും ധനമന്ത്രിയുടെ അംഗീകാരത്തിനു കാത്തുനില്‍ക്കാതെ ഏതൊക്കെ കാര്യങ്ങളില്‍ സെക്രട്ടറിക്ക് തീരുമാനമെടുക്കാം എന്നും വ്യക്തത വരും. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കരടിലുള്ള നിര്‍ദേശങ്ങള്‍ അദ്ദേഹം അംഗീകരിച്ചു കഴിഞ്ഞാല്‍ തീരുമാനമെടുക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയക്ക് വയ്ക്കും. രണ്ടു മാസത്തിനകം നടപടി പൂര്‍ത്തിയാക്കാനാണ് തീരുമാനം.

2002 ലാണ് അവസാനമായി റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്തത്. കാലാനുസൃതമായി ഇത് പരിഷ്‌കരിക്കണമെന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമാണ് ഭേദഗതിയ്ക്ക് കാരണം.