Kerala News
അസമില്‍ കുടങ്ങിക്കിടന്ന ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 15, 02:30 pm
Tuesday, 15th June 2021, 8:00 pm

ഗുവാഹത്തി: അസമില്‍ കുടങ്ങിക്കിടന്ന ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിതാണ് ആത്മഹത്യ ചെയ്തത്.

ബസിനുള്ളില്‍ തന്നെയാണ് അഭിജിത് തൂങ്ങിമരിച്ചത്. അതിഥി സംസ്ഥാനത്തൊഴിലാളികളുമായി അസമിലേക്ക് പോയതായിരുന്നു അഭിജിത്.

കേരളത്തില്‍ നിന്ന് പോയ നിരവധി ബസുകള്‍ അസമിലും ബംഗാളിലും കുടുങ്ങിക്കിടക്കുകയാണ്. പെരുമ്പാവൂരില്‍നിന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യിക്കാനായി അതിഥിത്തൊഴിലാളികളുമായി അസമിലേക്കും ബംഗാളിലേക്കും പുറപ്പെട്ട ബസുകളാണു ലോക്ഡൗണ്‍ കാരണം വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ ഇതിലുണ്ട്. ഏജന്റുമാര്‍ മുഖേനയാണു തൊഴിലാളികളെ എത്തിച്ചത്. വോട്ട് ചെയ്യിച്ചു തിരികെക്കൊണ്ടുവരാനായിരുന്നു പരിപാടി. എന്നാല്‍ ലോക്ഡൗണ്‍ വന്നതോടെ ഒരു ഭാഗത്തേക്കുമാത്രമുള്ള പ്രതിഫലം നല്‍കി ഏജന്റുമാര്‍ മുങ്ങി. ഇപ്പോള്‍ ഫോണില്‍ മാത്രമാണ് ഇവരുമായുള്ള സമ്പര്‍ക്കം.