Advertisement
Entertainment
സഹോദരിയായി എങ്ങനെ അഭിനയിക്കും? ആ നടന്റെ പെയറാകാനാണ് എനിക്ക് താത്പര്യം: കീര്‍ത്തി സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 16, 02:08 am
Wednesday, 16th April 2025, 7:38 am

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. മലയാള സിനിമയിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ കീര്‍ത്തി നടിയായ മേനകയുടെയും നിര്‍മാതാവായ സുരേഷിന്റെയും മകളാണ്.

മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയിലാണ് കീര്‍ത്തി ആദ്യമായി നായികയായി എത്തുന്നത്. ശേഷം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ നടിക്ക് സാധിച്ചിരുന്നു.

ഈയിടെ ഒരു ബോളിവുഡ് സിനിമയിലും കീര്‍ത്തി അഭിനയിച്ചിരുന്നു. കുറഞ്ഞ സമയം കൊണ്ട് തന്നെ തമിഴിലെ മിക്ക മുന്‍നിര താരങ്ങളോടൊപ്പവും അഭിനയിക്കാന്‍ നടിക്ക് സാധിച്ചിരുന്നു. എന്നാല്‍ നടന്‍ അജിത്തുമായി കീര്‍ത്തി സുരേഷ് ഇതുവരെ അഭിനയിച്ചിട്ടില്ല.

ഇപ്പോള്‍ ഗലാട്ടാ തമിഴിന് നല്‍കിയ അഭിമുഖത്തില്‍ അജിത്തിനെ കുറിച്ച് പറയുകയാണ് കീര്‍ത്തി. സഹോദരിക്ക് പകരം പെയറായി അഭിനയിക്കാന്‍ താത്പര്യമുള്ള നടന്‍ ആരാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടി.

‘സഹോദരിയായിട്ടോ, അജിത്ത് സാറിന്റെ കൂടെ സഹോദരിയായിട്ട് എങ്ങനെ അഭിനയിക്കും (ചിരി). വേണ്ട, അദ്ദേഹത്തിന്റെ കൂടെ എങ്ങനെയാണ് സഹോദരിയായി അഭിനയിക്കുക.

അജിത്ത് സാറിന്റെ കൂടെ അഭിനയിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. പക്ഷെ അനിയത്തിയായി വേണ്ട. കൂടെ അഭിനയിക്കണം, എന്നാല്‍ അത് പെയറായിട്ട് മതി.

ഞാന്‍ സത്യത്തില്‍ അജിത്ത് സാറിനെ ഒരു തവണ മാത്രമാണ് കണ്ടിട്ടുള്ളത്. റാമോജി ഫിലിം സിറ്റിയില്‍ വെച്ചായിരുന്നു കണ്ടത്. അന്ന് അണ്ണാത്തൈയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു.

സാര്‍ അപ്പോള്‍ വേറെ ഏതോ പടത്തിന്റെ ഷൂട്ടിങ്ങിന് വന്നതായിരുന്നു. ആ സമയത്ത് എന്റെ റൂമിന്റെ ഡോര്‍ തുറന്നു കിടക്കുകയായിരുന്നു. സാര്‍ പെട്ടെന്ന് അതുവഴി കടന്നു പോകുന്നത് ഞാന്‍ കണ്ടു.

അദ്ദേഹത്തെ കണ്ടതും ഞാന്‍ പിന്നാലെ ഓടി. ആ സമയത്ത് അജിത്ത് സാര്‍ അസിസ്റ്റന്റിനോട് ‘ആരാണ് ആ മുറിയില്‍? പരിചയമുള്ള ആരോ ആണെന്ന് തോന്നുന്നു’ എന്നോ മറ്റോ പറയുകയായിരുന്നു.

കൃത്യം ആ സമയത്ത് തന്നെയാണ് ഞാന്‍ സാറിന്റെ അടുത്തേക്ക് വന്നത്. ഞങ്ങള്‍ പരസ്പരം ഹായ് പറയുകയും സംസാരിക്കുകയും ചെയ്തു. അന്നായിരുന്നു ഞാന്‍ ആദ്യമായി അദ്ദേഹത്തെ അത്രയും അടുത്ത് കാണുന്നത്.

ശാലിനി മാം അമ്മയുടെ കൂടെ ഒരുപാട് അഭിനയിച്ചിട്ടുണ്ട്. അതുപോലെ എന്റെ അച്ഛനെ അവര്‍ക്ക് അറിയാം. ശാലിനി മാമുമായി അങ്ങനെയൊരു കണക്ഷന്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. അന്ന് അജിത്ത് സാറുമായി കുറച്ച് സംസാരിക്കാന്‍ സാധിച്ചു,’ കീര്‍ത്തി സുരേഷ് പറയുന്നു.


Content Highlight: Keerthy Suresh Talks About Ajith Kumar