ഫെഡറല്‍ മുന്നണിയെന്ന ആശയവുമായി വീണ്ടും കെ.സി.ആര്‍; പിണറായി വിജയനേയും എം.കെ സ്റ്റാലിനേയും കാണാനൊരുങ്ങുന്നു
D' Election 2019
ഫെഡറല്‍ മുന്നണിയെന്ന ആശയവുമായി വീണ്ടും കെ.സി.ആര്‍; പിണറായി വിജയനേയും എം.കെ സ്റ്റാലിനേയും കാണാനൊരുങ്ങുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th May 2019, 8:03 pm

ന്യൂദല്‍ഹി: ബി.ജെ.പിയും കോണ്‍ഗ്രസും ഒഴികെയുള്ള രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലുള്ള ഫെഡറല്‍ മുന്നണി എന്ന ആശയവുമായി ശക്തമായി മുന്നോട്ടു പോകാനൊരുങ്ങി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനേയും ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനേയും റാവു കാണാനൊരുങ്ങുകയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ‘സമകാലിക രാഷ്ട്രീയത്തെക്കുറിച്ച്’ ഇരുവരുമായും ടി.ആര്‍.എസ് ചര്‍ച്ച നടത്തുമെന്ന് ചന്ദ്രശേഖര റാവുവിന്റെ കാര്യാലയം പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. ‘രണ്ടു നേതാക്കളുമായും രാജ്യത്തെ സമകാലിക രാഷ്ട്രീയാന്തരീക്ഷത്തെക്കുറിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് കരുതുന്നു’- കുറിപ്പില്‍ പറയുന്നു.

കര്‍ണ്ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റാവുവുമായി ബന്ധപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസുമായും ബി.ജെ.പിയുമായും സഖ്യത്തിലല്ലാത്ത, ലോക്‌സഭയില്‍ 120ഓളം സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരണത്തിന് നിര്‍ണ്ണായകമാവും എന്ന് ചന്ദ്രശേഖര റാവുവിന്റെ മകളും, നിസാമാബാദ് എം.പിയുമായ കെ. കവിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച് ഭൂരിപക്ഷത്തോടെയാണ് ടി.ആര്‍.എസ് തെലങ്കാനയില്‍ അധികാരത്തിലേറിയത്. ഇതിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലേക്ക് താന്‍ പ്രവേശിക്കുമെന്ന സൂചനകള്‍ കെ.സി.ആര്‍ നല്‍കിയിരുന്നു. ഫെഡറല്‍ മുന്നണി രൂപീകരണത്തെക്കുറിച്ച് അദ്ദേഹം മമത ബാനര്‍ജിയുമായും, ഒഡീഷ മുഖ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നവീന്‍ പട്‌നായിക്കുമായും അന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.