ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മരുന്നുക്ഷാമമുണ്ടെന്ന വാര്‍ത്തകള്‍ തള്ളി ഗവര്‍ണര്‍ സത്യപാല്‍ മാലിക്. മരുന്നുകള്‍ക്കും അവശ്യ വസ്തുക്കള്‍ക്കും ക്ഷാമമില്ലെന്നും കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ നിരവധി മനുഷ്യജീവനുകള്‍ രക്ഷിക്കാനായെന്നും അദ്ദേഹം അവകാശപ്പെട്ടു.
സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ പെട്ടെന്നു പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ബലിപെരുന്നാള്‍ ദിനം പ്രദേശവാസികളുടെ വീടുകളില്‍ മാംസവും പച്ചക്കറികളും വിതരണം ചെയ്തു. ഇത് കശ്മീരില്‍ മുഴുവനായി വിതരണം ചെയ്‌തോ എന്ന കാര്യമറിയില്ല.’- അദ്ദേഹം പറഞ്ഞു.
കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ രോഗികള്‍ മരണത്തെ മുഖാമുഖം കാണുന്നതായി ഡോക്ടര്‍മാര്‍ ആരോപിച്ചെന്ന് കഴിഞ്ഞദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
65 വയസ്സുള്ള തന്റെ ഉമ്മയ്ക്കു മരുന്ന് തേടി മൂന്നുമണിക്കൂറോളം ചെലവഴിച്ച് പത്തോളം മെഡിക്കല്‍ ഷോപ്പുകള്‍ കയറിയിറങ്ങിയ സാജിദ് അലി എന്നയാള്‍ക്ക് മരുന്ന് ലഭിക്കാതെ വന്ന സാഹചര്യത്തെക്കുറിച്ച് ന്യൂസ് 18-ന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പൊതുഗതാഗതത്തിനും നിയന്ത്രണമുള്ളതിനാല്‍ ആംബുലന്‍സിലാണ് ശ്രീനഗറിലേക്ക് സാജിദ് മരുന്നന്വേഷിച്ചെത്തിയത്. മരുന്ന് ഒടുവില്‍ കണ്ടെത്തിയതാകട്ടെ, ദല്‍ഹിയില്‍ നിന്നും. ശ്രീനഗര്‍ വിമാനത്താവളത്തിലെത്തി അവിടെനിന്നും ദല്‍ഹിയില്‍ച്ചെന്നാണ് സാജിദ് മരുന്ന് വാങ്ങിയത്.
വ്യാപാരിയായ തനിക്ക് ഈ മരുന്ന് വാങ്ങാന്‍ കഴിഞ്ഞെന്നും എന്നാല്‍ ദരിദ്രരായ ആളുകള്‍ക്ക് ഇതേ മാര്‍ഗത്തില്‍ മരുന്ന് വാങ്ങാന്‍ കഴിയുമെന്നും സാജിദ് ചോദിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ കശ്മീരിലെ ഗ്രാമപ്രദേശങ്ങളില്‍ മരുന്ന് തീര്‍ന്നുകഴിഞ്ഞു.
ഉറിയിലെ ഏറ്റവും വലിയ ഫാര്‍മസിയായ മാലിക് മെഡിക്കല്‍ ഹാളില്‍പ്പോലും മരുന്ന് ലഭ്യമല്ല. ഓഗസ്റ്റ് അഞ്ചിനു ശേഷം തങ്ങള്‍ക്ക് പുതിയ സപ്ലൈ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഫാര്‍മസിയിലെ ജീവനക്കാരന്‍ പറയുന്നു. ആന്റിബയോട്ടിക്കുകള്‍ മാത്രമാണ് ഇവിടെ ഇനി ബാക്കിയുള്ളത്.
രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളാണ് ഇപ്പോള്‍ പൂര്‍ണമായി തീര്‍ന്ന അവസ്ഥയിലേക്കെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി തന്റെ പിതാവിനുള്ള ഇന്‍സുലിന്‍ തിരഞ്ഞെടന്നും എന്നാല്‍ അതു കിട്ടിയില്ലെന്നും നംല ഗ്രാമവാസിയായ മുഹമ്മദ് ഇസ്മയില്‍ പറഞ്ഞു.
ഭക്ഷണവും ഇന്ധനവും സര്‍ക്കാര്‍ എത്തിച്ചെന്നും എന്നാല്‍ ആരും മരുന്ന് കൊണ്ടുവന്നില്ലെന്നും കശ്മീരികള്‍ ചൂണ്ടിക്കാട്ടുന്നു.
30 ശതമാനം മരുന്നാണ് ബാക്കിയുള്ളതെന്നും എന്നാല്‍ അത് ഗ്രാമങ്ങളിലേക്കു വിതരണം ചെയ്യാന്‍ വഴിയില്ലെന്നും എഫ് ആയ് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ മന്‍സൂര്‍ അഹമ്മദ് പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇത്രയധികം പ്രതിസന്ധി വൈദ്യമേഖലയിലുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയിലുള്ള മരുന്ന് വിതരണക്കാരുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതാണ് ഇവരെ വലയ്ക്കുന്നത്. ജമ്മു വരെ യാത്ര ചെയ്ത് മന്‍സൂര്‍ കുറച്ച് ഓര്‍ഡര്‍ എത്തിച്ചിരുന്നെങ്കിലും അതും തീര്‍ന്നു. ഗ്രാമങ്ങളില്‍ ബേബി ഫുഡ്ഡും തീര്‍ന്നുകഴിഞ്ഞു.
ജീവന്‍രക്ഷാ മരുന്നുകള്‍ക്കായി വരുന്ന രോഗികളുടെ എണ്ണം കൂടിയതായി ശ്രീനഗറിലെ സ്വകാര്യ ആശുപത്രിയധികൃതര്‍ പറഞ്ഞു. ഈ മരുന്നുകള്‍ കൃത്യസമയത്ത് ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ആസ്ത്മ കൂടിയതിനാല്‍ ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് സ്വദേശിയായ ഖുര്‍ശീ ബീഗം എന്ന സ്ത്രീ മരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
മരുന്നില്ലാതിരുന്നതിനാല്‍ ആദ്യം ബുദ്ധിമുട്ടുകയും പിന്നീട് നിയന്ത്രണങ്ങളുള്ളതിനാല്‍ കാറില്‍ ആശുപത്രിയിലെത്തിക്കാന്‍ സമയം വൈകിയതുമാണു മരണകാരണം. ആംബുലന്‍സ് വിളിക്കാന്‍ ഫോണ്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല.