ആ സിനിമകള്‍ കണ്ട ശേഷം എന്തുകൊണ്ട് ഈ രണ്ട് കഥകളും എന്നോട് പറഞ്ഞില്ലെന്ന് രജിനി സാര്‍ ചോദിച്ചിരുന്നു: കാര്‍ത്തിക് സുബ്ബരാജ്
Entertainment
ആ സിനിമകള്‍ കണ്ട ശേഷം എന്തുകൊണ്ട് ഈ രണ്ട് കഥകളും എന്നോട് പറഞ്ഞില്ലെന്ന് രജിനി സാര്‍ ചോദിച്ചിരുന്നു: കാര്‍ത്തിക് സുബ്ബരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 21st October 2024, 4:40 pm

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് കാര്‍ത്തിക് സുബ്ബരാജ്. ആദ്യ ചിത്രമായ പിസയിലൂടെ തന്നെ ശ്രദ്ധേയനായ കാര്‍ത്തിക് പിന്നീട് വ്യത്യസ്ത ഴോണറുകളില്‍ മികച്ച സിനിമകള്‍ മാത്രം ചെയ്ത് തമിഴിലെ മുന്‍നിരയിലേക്ക് വളരെ വേഗം ഇടംപിടിച്ചു. 2019ല്‍ രജിനികാന്തിനെ നായകനാക്കി പേട്ട എന്ന ചിത്രത്തിലൂടെ മാസ് സിനിമകളും തനിക്ക് ചേരുമെന്ന് തെളിയിച്ചു. രജിനി എന്ന നടന്റെ ഫാന്‍ബോയ് ആയ കാര്‍ത്തിക് തന്റെ ഇഷ്ടനടന് കൊടുത്ത ട്രിബ്യൂട്ടായിരുന്നു പേട്ട.

പിന്നീട് കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്തവയില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു മഹാന്‍, ജിഗര്‍തണ്ട ഡബിള്‍ എക്‌സ് എന്നിവ. ഒ.ടി.ടി റിലീസായെത്തിയ മഹാന്‍ വളരെയധികം നിരൂപക പ്രശംസ നേടി. തിയേറ്റര്‍ റിലീസായെത്തിയ ജിഗര്‍തണ്ട ഡബിള്‍ എക്‌സും ബോക്‌സ് ഓഫീസില്‍ വലിയ വിജയം സ്വന്തമാക്കി. ഈ രണ്ട് ചിത്രങ്ങളും കണ്ട ശേഷം രജിനികാന്ത് പറഞ്ഞ അഭിപ്രായം പങ്കുവെക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്.

രണ്ട് സിനിമകളും അദ്ദേഹത്തിന് ഇഷ്ടമായെന്നും ആ സിനിമകള്‍ ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നെന്ന് തന്നോട് പറഞ്ഞിരുന്നെന്നും കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. എന്നാല്‍ പേട്ടയുടെ സമയത്ത് ആ രണ്ട് ഐഡിയകളും അദ്ദേഹത്തോട് പറഞ്ഞിരുന്നെന്നും ഇപ്പോള്‍ കാണുന്ന രീതിയില്‍ അല്ലാത്തതുകൊണ്ട് അദ്ദേഹത്തിന് ഇഷ്ടമായില്ലായിരുന്നെന്നും കാര്‍ത്തിക് സുബ്ബരാജ് കൂട്ടിച്ചേര്‍ത്തു.

ഏത് കഥ എഴുതുമ്പോഴും രജിനികാന്താണ് തന്റെ മനസിലെന്നും പിന്നീട് അത് മാറുകയാണെന്നും കാര്‍ത്തിക് പറഞ്ഞു. എസ്.എസ്. മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു കാര്‍ത്തിക് സുബ്ബരാജ്.

‘ജിഗര്‍തണ്ട ഡബിള്‍ എക്‌സ് എഴുതുമ്പോള്‍ രജിനി സാര്‍ തന്നെയായിരുന്നു എന്റെ മനസില്‍. പേട്ടക്ക് മുന്നേ ആ കഥ എന്റെ മനസില്‍ ഉണ്ടായിരുന്നു. മഹാനും അതുപോലെയായിരുന്നു. രണ്ട് സിനിമയും കണ്ട ശേഷം രജിനി സാര്‍ എന്നോട് ചോദിച്ചത് ‘എന്തുകൊണ്ട് ഈ രണ്ട് കഥയും എന്നോട് പറഞ്ഞിസല്ല’ എന്നായിരുന്നു. ആ രണ്ട് ഐഡിയയും അദ്ദേഹത്തോട് പറഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ കാണുന്നതുപോലെ ഗ്രാന്‍ഡ് ആയിരുന്നില്ല.

ഈ സിനിമ മാത്രമല്ല, ഏത് കഥ എഴുതുമ്പോഴും എന്റെ മനസില്‍ വരുന്ന മുഖം രജിനി സാറിന്റേതാണ്. പിന്നെ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യുമ്പോള്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തേണ്ടി വരുമല്ലോ. രണ്ട് സിനിമയും അദ്ദേഹത്തിന് വളരെയധികം ഇഷ്ടമായി. അദ്ദേഹത്തിന്റെ അഭിപ്രായം കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു പോസിറ്റീവ് എനര്‍ജിയുണ്ടല്ലോ. അതാണ് നമുക്ക് കിട്ടേണ്ടത്,’ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

Content Highlight: Karthik Subbaraj shares the comment of Rajnikanth after watching Jigarthanda Double X