കര്‍ണാടക സത്യപ്രതിജ്ഞ ചടങ്ങ്: മമത പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്; പകരം പ്രതിനിധിയെ അയക്കും
national news
കര്‍ണാടക സത്യപ്രതിജ്ഞ ചടങ്ങ്: മമത പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്; പകരം പ്രതിനിധിയെ അയക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th May 2023, 11:54 pm

കൊല്‍ക്കത്ത: കര്‍ണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ക്ഷണം ലഭിച്ചിട്ടും മമത പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് ബംഗാള്‍ സെക്രട്ടറിയേറ്റിലെ ഉന്നത അധികാരിയെ ഉദ്ധരിച്ച് പി.ടി.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മമതക്ക് പകരം മറ്റൊരു പ്രതിനിധിയെ അയക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

‘മുഖ്യമന്ത്രി ചിലപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് ഒഴിവാക്കും. മറ്റൊരാളെ ബംഗാള്‍ പ്രതിനിധിയായി പറഞ്ഞയക്കാന്‍ സാധ്യതയുണ്ട്,’ ഉന്നത അധികാരി ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെയ് 20ന് ബെംഗളൂരുവില്‍ വെച്ച് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായി മമതക്കും ക്ഷണം ലഭിച്ചിരുന്നു.

സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മമത പങ്കെടുക്കുന്നത് പ്രതിപക്ഷ ഐക്യത്തിന് നിര്‍ണായകമായിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഫലത്തിന് ശേഷം കോണ്‍ഗ്രസ് ശക്തമായുള്ളിടത്ത് അവരെ പിന്തുണക്കുമെന്നും മമത പറഞ്ഞിരുന്നു.

അതേസമയം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ശിവസേന നേതാവ് (യു.ബി.ടി) ഉദ്ധവ് താക്കറെ, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു, എന്നിവരെയാണ് മമതയെ കൂടാതെ പ്രതിപക്ഷത്ത് നിന്ന് ക്ഷണിച്ചിരിക്കുന്നത്.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചിട്ടില്ല.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും വേദിയിലുണ്ടാകും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞയില്‍ പങ്കെടുക്കും.

content highlight: Karnataka Oath-taking Ceremony: Mamta will attend the report; send a representative instead