കര്‍ണാടക: 13 എം.എല്‍.എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം ഇന്ന്
Karnataka crisis
കര്‍ണാടക: 13 എം.എല്‍.എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം ഇന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th July 2019, 7:50 am

ബെംഗളൂരു: കര്‍ണാടകയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന്റെ ഭാവി ഇന്നറിയാം. 13 എം.എല്‍.എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടാവും. രാവിലെ 9.30ന് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരുന്നുമുണ്ട്.

വിമതര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. പങ്കെടുക്കാത്തവരെ അയോഗ്യരാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇത് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, ദിനേശ് ഗുണ്ടു റാവു, സിദ്ധരാമയ്യ, ജി.പരമേശ്വര, എം.ബി പാട്ടില്‍ എന്നിവര്‍ നിയമോപദേശകരുമായി യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം, 107 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട ബി.ജെ.പി കുമാരസ്വാമിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ രാജിവെയ്ക്കാനുള്ള സാധ്യതകള്‍ സജീവമായിരിക്കെ ബി.ജെ.പി ചൊവ്വാഴ്ച നിയമസഭാ കക്ഷി യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രാജിവെയ്ക്കുമോ ഇല്ലയോ എന്നറിഞ്ഞതിനുശേഷം എന്തു നടപടി സ്വീകരിക്കണമെന്നു തീരുമാനിക്കും എന്നാണ് ബി.ജെ.പി എം.എല്‍.എ അരവിന്ദ് ലിംബവാലി വ്യക്തമാക്കിയത്.

ഇതിനിടയില്‍ വിമത എം.എല്‍.എമാരെ നേരിട്ട് കാണുന്നതിനായി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ ബെംഗളൂരുവില്‍നിന്ന് മുംബൈയിലേക്ക് തിരിച്ചു. എം.എല്‍.എമാരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്.

വിമത എം.എല്‍.എമാരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് മന്ത്രിസഭ പുനസംഘടിപ്പിക്കുന്നതിനായി കര്‍ണാടകയില്‍ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചിരിക്കുകയാണ്. ആദ്യം രാജിവെച്ചത് കോണ്‍ഗ്രസിന്റെ 21 മന്ത്രിമാരാണ്. മന്ത്രിമാരെല്ലാം രാജിവെച്ചെന്നും ഉടന്‍ പുനസംഘടനയുണ്ടാവുമെന്നും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ട്വീറ്റ് ചെയ്തിരുന്നു.