ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള 23 നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയ സംഭവം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിയൊരുക്കിയിരുന്നത്. ഇപ്പോള്‍ വീണ്ടും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കപില്‍ സിബല്‍.
പാര്‍ട്ടിക്കുള്ളില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താമെന്ന് ഉറപ്പ് ലഭിച്ചിരുന്നെങ്കിലും ഇതുവരെ ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് സിബല്‍ പറഞ്ഞു. എപ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുക എന്നതിലോ, എങ്ങനെയാണ് നടക്കുക എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘നിര്‍ഭാഗ്യവശാല്‍, ഞാന്‍ യാത്രയില്‍ ആയതിനാല്‍ അവിടെയുണ്ടായിരുന്നില്ല. പക്ഷേ, ഒരു തുറന്ന ചര്‍ച്ച നടന്നുവെന്നാണ് ഞാന്‍ കരുതുന്നത്. പാര്‍ട്ടിയെ നയിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ ഒരു തെരഞ്ഞെടുപ്പ് നടക്കുമെന്ന് പറഞ്ഞു. എന്നാണ് ഈ തെരഞ്ഞെടുപ്പുകള്‍ നടക്കുക എന്നത് ഞങ്ങള്‍ക്ക് വ്യക്തമല്ല. ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ സിബല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
അധ്യക്ഷ തെരഞ്ഞെടുപ്പ്, പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പിന് ഒപ്പമാണ് നടത്തുക എന്നും എന്നാല്‍ അതേക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ ഇതില്‍ പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്യത്ത് ഒരു രാഷ്ട്രീയ ശക്തിയായി കോണ്‍ഗ്രസ് സ്വയം പുനരുജ്ജീവിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്നും സിബല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മടങ്ങിയെത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്
കുശുകുശുപ്പുകളോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് സിബല്‍ പറഞ്ഞത്.
രാഹുലിന്റെ മടങ്ങിവരവ് എന്തെങ്കിലും മാറ്റമുണ്ടാക്കുമോയെന്ന ചോദ്യത്തിന്,
തനിക്കത് അറിയില്ലെന്നും ഇതെല്ലാം ഭരണഘടന അനുസരിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന പ്രക്രിയകളെയും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ എല്ലാ പ്രധാന ഘടകങ്ങളുമായും പ്രധാന വ്യക്തികളുമായുള്ള കൂടിയാലോചനയെ ആശ്രയിച്ചിരിക്കുന്നതാണെന്നുമാണ് കപില്‍ സിബല്‍ പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക