ഇന്ത്യന്‍ ജനതയുടെ ഐക്യദാര്‍ഢ്യം; ഫലസ്തീന്‍ മുഫ്തിയുമായി സംസാരിച്ച് കാന്തപുരം
Kerala News
ഇന്ത്യന്‍ ജനതയുടെ ഐക്യദാര്‍ഢ്യം; ഫലസ്തീന്‍ മുഫ്തിയുമായി സംസാരിച്ച് കാന്തപുരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th October 2023, 5:13 pm

കോഴിക്കോട്: ഗസയില്‍ ഇസ്രഈല്‍ കടന്നുകയറ്റവും ആക്രമണവും തുടരുന്നതിനിടെ ഫലസ്തീന്‍ മുഫ്തിയും പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ഹുസൈനുമായി സംസാരിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. നിലവിലെ യുദ്ധ സാഹചര്യവും ഫലസ്തീനികളുടെ ആശങ്കയും അന്വേഷിച്ച അദ്ദേഹം ഇന്ത്യന്‍ ജനതയുടെ ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ് പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ ഫലസ്തീനികളുടെ ആശങ്കകളും അവകാശങ്ങളും ഏറ്റവും സൂക്ഷ്മമായി മനസിലാക്കിയ സമൂഹമാണ് ഇന്ത്യക്കാരെന്നും അതിന്റെ തുടര്‍ച്ച ഉറപ്പുവരുത്തുന്ന നിലപാടുകളാണ് ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും ശൈഖ് മുഹമ്മദ് ഹുസൈന്‍ ഗ്രാന്‍ഡ് മുഫ്തിയുമായി പങ്കുവെച്ചു.

ലോകത്തെ പ്രധാന ശക്തികളിലൊന്നായി വളരുന്ന ഇന്ത്യക്ക് നിലവിലെ പശ്ചിമേഷ്യന്‍ പ്രശ്നം രമ്യമായി പരിഹരിക്കുന്നതില്‍ നയതന്ത്ര പങ്കുവഹിക്കാന്‍ സാധിക്കുമെന്നും ഇന്ത്യന്‍ ഗവണ്മെന്റിന്റെ നടപടികള്‍ക്കായി ഗ്രാന്‍ഡ് മുഫ്തി ഇടപെടലുകള്‍ നടത്തണമെന്നും ശൈഖ് ഹുസൈന്‍ പ്രത്യാശ പ്രകടിപ്പിച്ചതായും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.

ഇന്നലെ ഉച്ചയോടെയാണ് ശൈഖ് മുഹമ്മദ് ഹുസൈനുമായി കാന്തപുരം ഫോണ്‍ സംഭാഷണം നടത്തിയത്. ഫലസ്തീന്‍ തങ്ങളുടെ നാടാണെന്നും ഈ നാടിനെ തങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും പറഞ്ഞ ശൈഖ് മുഹമ്മദ് ഹുസൈന്‍ ഇന്ത്യന്‍ ജനതയുടെ പിന്തുണയും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ചു.

അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രാര്‍ത്ഥനാ സദസ്സുകളും ഐക്യദാര്‍ഢ്യ റാലികളും ഗ്രാന്‍ഡ് മുഫ്തി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തി. ഇന്ത്യന്‍ ഗവണ്മെന്റിന്റെ സത്വര നടപടികള്‍ക്കായി സജീവമായി ഇടപെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ഫലസ്തീന്‍ മുഫ്തിയെ അറിയിച്ചതായും കാന്തപുരത്തിന്റെ ഓഫീസ് പറഞ്ഞു.

Content Highlight: Kanthapuram AP Abubakar Musliar talking to Palestinian Mufti and scholar Sheikh Muhammad Hussain.