കള്ളൻ പവിത്രൻ വായിച്ചപ്പോൾ ടൈം ട്രാവൽ ചെയ്യുന്ന ഫീലായിരുന്നു, ഈ സീരീസിന്റെ കഥ കേട്ടപ്പോഴും അങ്ങനെ തോന്നി: കനി കുസൃതി
Entertainment
കള്ളൻ പവിത്രൻ വായിച്ചപ്പോൾ ടൈം ട്രാവൽ ചെയ്യുന്ന ഫീലായിരുന്നു, ഈ സീരീസിന്റെ കഥ കേട്ടപ്പോഴും അങ്ങനെ തോന്നി: കനി കുസൃതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th July 2024, 9:25 am

കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പേരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നീ സീരീസുകള്‍ക്ക് ശേഷം ഹോട്ട്സ്റ്റാറില്‍ മലയാളത്തില്‍ നിന്നും നാലാമത്തെ വെബ് സീരീസും വരികയാണ്. കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കാർ ഒരുക്കുന്ന നാഗേന്ദ്രൻസ് ഹണിമൂൺസാണ് സീരിസ്.

ശ്വേത മേനോന്‍, ഗ്രേസ് ആന്റണി, കനി കുസൃതി, നിരഞ്ജന അനൂപ്, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ നായികമാരായി എത്തുന്ന സീരീസില്‍ നായകനാകുന്നത് സുരാജ് വെഞ്ഞാറമൂടാണ്. ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്ന ടാഗ് ലൈനോടെ വരുന്ന സീരീസില്‍ ബഹുഭാര്യത്വ ബന്ധം പുലര്‍ത്തുന്ന ആളുടെ വേഷമാണ് സുരാജ് ചെയ്യുന്നത്.

സീരിസിലെ തന്റെ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ കള്ളൻ പവിത്രൻ എന്ന സിനിമയാണ് തനിക്ക് ഓർമ വന്നതെന്ന് പറയുകയാണ് കനി കുസൃതി. കള്ളൻ പവിത്രൻ നാടകമായി താൻ അവതരിപ്പിച്ചിട്ടുണ്ടെന്നും പണ്ട് ആ പുസ്തകം വായിച്ചപ്പോഴും ഒരു ടൈം ട്രാവൽ ചെയ്ത അനുഭവമായിരുന്നുവെന്നും കനി പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു താരം.

‘പണ്ട് കള്ളൻ പവിത്രൻ നാടകം ഞങ്ങൾ അവതരിപ്പിച്ചിരുന്നു. അതിന് ശേഷം അങ്ങനെയുള്ളൊരു കാലഘട്ടം, അങ്ങനെയുള്ള മനുഷ്യർ, അങ്ങനെയുള്ള പശ്ചാത്തലം ഒന്നും എനിക്ക് പിന്നീട് നാടകങ്ങളിലോ സിനിമയിലോ അഭിനയിക്കാനുള്ള അവസരം വന്നിട്ടില്ല.

നിതിൻ വിളിക്കുമ്പോൾ എന്താണ് കഥ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. മലയാളത്തിൽ നിന്നും അങ്ങനെ ഒരാൾ വിളിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ.

നിതിൻ പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് ഓർമ വന്നത് കള്ളൻ പവിത്രൻ ആണ്. അതുപോലെയാണ് ഇത് എന്നല്ല ഞാൻ പറയുന്നത്, ആ ഒരു പശ്ചാത്തലം ഓർ‌മ വന്നു. അല്ലെങ്കിൽ ആ ഒരു സമയം ആ കാലഘട്ടം ഒക്കെ ഓർമ വന്നു.

പണ്ട് കള്ളൻ പവിത്രൻ വായിക്കുന്ന സമയത്ത് ടെെം ട്രാവൽ തോന്നുന്ന ഒരു രസം അതിനുണ്ടായിരുന്നു. അതുപോല ഇതിന്റെ കഥ കേൾക്കുമ്പോഴും ടെെം ട്രാവൽ ചെയ്യാൻ കഴിയുന്ന ഒരു നടി എന്ന് പറയുന്നത് നല്ല അവസരമായി എനിക്ക് തോന്നി. ആ രീതിൽ ഈ കഥ കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നിയിരുന്നു,’കനി കുസൃതി പറയുന്നു.

 

Content Highlight: Kani Kusruthi About Kallan Pavithran