97ാമത് അക്കാഡമി അവാര്‍ഡിന്റെ ചുരുക്കപ്പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ലോകമെമ്പാടും നിന്നുള്ള 323 സിനിമകളാണ് ചുരുക്കപ്പട്ടികയില് ഇടം പിടിച്ചത്. ഇന്ത്യയില്‍ നിന്നുള്ള മൂന്ന് ചിത്രങ്ങള്‍ ചുരുക്കപ്പട്ടികയിലുണ്ട്. ഇന്ത്യയില്‍ ഔദ്യോഗികമായി അയച്ച ലാപതാ ലേഡീസ് ലിസ്റ്റില്‍ ഇടം നേടാതെ പുറത്താവുകയും ചെയ്തു.
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിന് പുറമെ കനി കുസൃതി, പ്രീതി പാണിഗ്രഹി എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ഗേള്‍സ് വില്‍ ബി ഗേള്‍സ്, സൂര്യ നായകനായെത്തിയ കങ്കുവ എന്നീ ചിത്രങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്. കഴിഞ്ഞ വര്‍ഷം ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ട ജോക്കര്‍ 2 ഫോളി അഡ്യൂ, മാഡം വെബ് എന്നീ ചിത്രങ്ങളും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.
250 കോടി ബജറ്റില്‍ രണ്ടര വര്‍ഷത്തോളം നീണ്ട ഷൂട്ടിനൊടുവിലാണ് കങ്കുവ തിയേറ്ററിലെത്തിയത്. ആദ്യ ഷോ അവസാനിച്ചപ്പോള്‍ തന്നെ മോശം പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സൂര്യയുടെ കരിയറിലെ ഏറ്റവും ഹൈപ്പിലെത്തിയ ചിത്രം ഏറ്റവും നഷ്ടമുണ്ടാക്കിയ ചിത്രമായി മാറി. 120 കോടി മാത്രമാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഇതോടെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും നഷ്ടമുണ്ടാക്കിയ ചിത്രമെന്ന മോശം നേട്ടം പ്രഭാസ് ചിത്രമായ രാധേ ശ്യാമില്‍ നിന്ന് കങ്കുവ ഏറ്റുവാങ്ങി.
രണ്ടാം തവണയാണ് സൂര്യയുടെ ഒരു ചിത്രം ഓസ്‌കറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കുന്നത്. 2020ല്‍ പുറത്തിറങ്ങിയ സൂരറൈ പോട്രാണ് ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ സൂര്യയുടെ ആദ്യ ചിത്രം. സൂര്യ അതിഥിവേഷത്തിലെത്തിയ ജയ് ഭീം അക്കാഡമി ലൈബ്രറിയില്‍ ഇടം നേടിയതും വലിയ വാര്‍ത്തയായിരുന്നു.
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മീരയുടെയും അമ്മയുടെയും കഥ പറയുന്ന ചിത്രമാണ് ഗേള്‍സ് വില്‍ ബി ഗേള്‍സ്. കൗമാരകാലത്തെ പ്രണയവും വീട്ടുകാരോടുള്ള സമീപനവും പറയുന്ന ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഹിന്ദി- ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് നവാഗതയായ ശ്രുതി തലതിയാണ്.
ജനുവരി എട്ടിനാണ് അക്കാഡമി അവാര്‍ഡുകള്‍ക്കുള്ള വോട്ടിങ് ആരംഭിക്കുക. ഫൈനല്‍ നോമിനോഷനുള്ള ചിത്രങ്ങളുടെ പട്ടിക ജനുവരി 17ന് പുറത്തുവിടും. മാര്‍ച്ച് മൂന്നിന് ലോസ് ആഞ്ചലസിലെ പ്രശസ്തമായ ഡോള്‍ബി തിയേറ്ററില്‍ വെച്ചാണ് അവാര്‍ഡ് പ്രഖ്യാപനം.
Content Highlight: Kanguva enlisted on shortlist for 97th Academy awards