Sports News
ഇന്ത്യ അവനെ ഓപ്പണിങ് കളിപ്പിക്കരുത്; പ്രസ്താവനയുമായി മുന്‍ പാകിസ്ഥാന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 08, 11:28 am
Saturday, 8th June 2024, 4:58 pm

ഐ.സി.സി ടി-20 ലോകകപ്പില്‍ ജൂണ്‍ ഒമ്പതിന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ന്യൂയോര്‍ക്കിലെ നസാവും കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ വാശിയേറിയ പോരാട്ടത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍ മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം കമ്രാന്‍ അക്മല്‍.

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാടിനെ മൂന്നാമനായി ഇറക്കുന്നതാണ് അനുയോജ്യമെന്ന് അക്മല്‍ പറയുന്നത്. ഇന്ത്യയുടെ നിലവിലുള്ള ബാറ്റിങ് ഓര്‍ഡര്‍ ശരിയല്ലെന്നും കോഹ്‌ലിക്ക് മികച്ച സ്ലോട്ടില്‍ മത്സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ സാധിക്കുമെന്നുമാണ് മുന്‍ പാകിസ്ഥാന്‍ താരം പറഞ്ഞത്.

‘നിലവിലെ ബാറ്റിങ് ഓര്‍ഡര്‍ ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഓപ്പണര്‍ എന്ന നിലയില്‍ വിരാട് കോഹ്‌ലി ശരിയായ തെരഞ്ഞെടുപ്പല്ല. സമ്മര്‍ദം കൈകാര്യം ചെയ്യാനും രാജ്യത്തിനായി ഗെയിമുകള്‍ വിജയിപ്പിക്കാനും കഴിയുന്നതിനാല്‍ അദ്ദേഹം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണം. യശസ്വി ജയ്‌സ്വാളാണ് ഓപ്പണറായി കളിക്കേണ്ടത്. വിരാടിനൊപ്പം ഓപ്പണിങ് തുടര്‍ന്നാല്‍ ഇന്ത്യ ചില കളികളില്‍ കുടുങ്ങിപ്പോകും. വിരാട് കോഹ്‌ലിക്കൊപ്പം ഓപ്പണ്‍ ചെയ്താല്‍ ഇന്ത്യയ്ക്ക് പിഴവ് സംഭവിക്കും,’ അക്മല്‍ പറഞ്ഞു.

അയര്‍ലാന്‍ഡിനെതിരെയുളള ഇന്ത്യയുടെ ആദ്യമത്സരത്തില്‍ വിരാട് ഓപ്പിണങ് ഇറങ്ങിയപ്പോള്‍ വെറും ഒരു റണ്‍സിനാണ് പുറത്തായത്. അതേ സമയം അര്‍ധ സെഞ്ച്വറി നേടി മിന്നും പ്രകടനം കാഴ്ച വെച്ച ക്യാപ്റ്റന്‍ രോഹിത് മത്സരത്തിലേറ്റ പരിക്ക് മൂലം റിട്ടയേഡ് ഔട്ട് ആവുകയായിരുന്നു. ഇതോടെ പാകിസ്ഥാനെതിരെയുള്ള വമ്പന്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ഇറങ്ങുമോ എന്നത് ഉറപ്പിച്ചിട്ടില്ല.

നിലവില്‍ ഗ്രൂപ്പ് എയില്‍ കളിച്ച രണ്ട് മത്സരവും വിജയിച്ച അമേരിക്ക ഒന്നാം സ്ഥാനത്തും +3.065 എന്ന റണ്‍റേറ്റില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്.

 

Content Highlight: Kamran Akmal warns India In T-20 World Cup 2024