'ഹിന്ദുത്വ' വോട്ടിങാണ് നടന്നതെന്ന് കമല്‍നാഥ്; പ്രിയങ്കയും ന്യായും വരാന്‍ വൈകി
ഭോപാല്‍: ലോക്‌സഭാ വോട്ടെടുപ്പില്‍ പ്രവര്‍ത്തിച്ചത് ‘ഹിന്ദുത്വ’യാണെന്നും ഹിന്ദുക്കളായി വോട്ടു ചെയ്യാന്‍ ജനങ്ങള്‍ തീരുമാനിച്ചാല്‍ മറ്റെല്ലാം മറക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. മധ്യപ്രദേശിലെ ജ്യോതിരാദിത്യസിന്ധ്യയുടെ ഗുണ സീറ്റിലും ഭോപാലില്‍ മുന്‍ മുഖ്യമന്ത്രിയായ ദിഗ്‌വിജയ സിങ്ങിനെ പ്രജ്ഞാ സിങ് തോല്‍പ്പിച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ എക്‌സ്പ്രസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പ്രചരണ രംഗത്ത് പ്രിയങ്കാ ഗാന്ധി അല്‍പം നേരത്തെ എത്തണമായിരുന്നു. പാര്‍ട്ടിയുടെ സന്ദേശം ജനങ്ങളിലേക്ക് കൃത്യമായി എത്തിയിട്ടില്ല. ‘ന്യായ്’ പദ്ധതിയും ജനങ്ങളുടെ മുന്നിലേക്ക് നേരത്തെ അവതരിപ്പിക്കണമായിരുന്നുവെന്ന് കമല്‍നാഥ് പറഞ്ഞു.
പ്രചരണ രംഗത്ത് ബി.ജെ.പി ഒരുപാട് പണം ഇറക്കിയെന്നും കമല്‍നാഥ് പറഞ്ഞു. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവാണെന്നും അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാന്ധിയെ കൊന്നവരുടെ പ്രത്യയശാസ്ത്രം ജയിച്ചെന്നും ഗാന്ധിയുടെ പ്രത്യയശാസ്ത്രം പരാജയപ്പെട്ടെന്നും ദിഗ്വിജയ് സിങ് പ്രതികരിച്ചിരുന്നു.
എന്തു മന്ത്രവടി കൊണ്ടാണ് ബി.ജെ.പി ഈ ജയം നേടിയതെന്നു മനസ്സിലാകുന്നില്ല. 2014-ലെ പ്രചാരണത്തില്‍ ബി.ജെ.പിയുടെ മുദ്രാവാക്യം 280 പ്ലസ് എന്നുള്ളതായിരുന്നു. അതവര്‍ നേടി. ഇത്തവണ 300 പ്ലസ് എന്നുള്ളതായിരുന്നു. അതും അവര്‍ നേടി. തെരഞ്ഞെടുപ്പിനു മുന്‍പ് പ്രവചിക്കുന്നത് അതേപടി നടപ്പിലാകുന്നത് എന്ത് മാജിക്ക് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.