World News
വെടിനിര്‍ത്തലിന് സമ്മതിച്ചില്ലെങ്കില്‍ റഷ്യന്‍ ഓയിലിനും അധിക താരിഫ് ചമത്തും; പുടിനോട് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 31, 08:29 am
Monday, 31st March 2025, 1:59 pm

വാഷിങ്ടണ്‍: ഉക്രൈനുമായുള്ള വെടിനിര്‍ത്തലിന് സഹകരിച്ചില്ലെങ്കില്‍ റഷ്യന്‍ ഓയിലിനുള്ള തീരുവ ഇരട്ടിയാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉക്രൈനിലെ രക്തച്ചൊരിച്ചില്‍ തടയുന്നതില്‍ റഷ്യയ്ക്കും തനിക്കും ഒരു കരാറിലെത്താന്‍ കഴിയുന്നില്ലെങ്കില്‍, അത് റഷ്യയുടെ തെറ്റാണെന്ന് കണക്കാക്കി റഷ്യയില്‍ നിന്ന് വരുന്ന എല്ലാ എണ്ണയ്ക്കും അധിക താരിഫ് ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

കഴിഞ്ഞ ദിവസം ഉക്രൈന്‍ പ്രസിഡന്റ് വ്ളോദിമര്‍ സെലന്‍സ്‌കി സ്ഥാനം ഒഴിഞ്ഞ് ഉക്രൈനില്‍ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ പുതിയൊരു ഭരണകൂടം നിലവില്‍ വരണമെന്ന് പുടിന്‍ പറഞ്ഞിരുന്നു. പുതിന്റെ ഈ പരാമര്‍ശമാണ് ട്രംപിനെ ചൊടിപ്പിച്ചത്.

25 ശതമാനം തീരുവ ഏത് നിമിഷവും സംഭവിക്കാമെന്ന് പറഞ്ഞ ട്രംപ്, ഈ ആഴ്ച പുടിനുമായി സംസാരിക്കാന്‍ പദ്ധതിയിടുന്നതായും കൂട്ടിച്ചേര്‍ത്തു. അതേസമയം ട്രംപിന്റെ അഭിപ്രായത്തോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിലവിലെ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുടെ ഔദ്യോഗിക കാലാവധി 2024 മെയ് മാസത്തില്‍ അവസാനിച്ചതിനാല്‍, രാജ്യത്ത് പുതിയൊരു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് പുടിന്‍ പറഞ്ഞതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐക്യാരാഷ്ട്ര സംഘടനയുടേയും മറ്റ് രാജ്യങ്ങളുടെയും മാര്‍ഗനിര്‍ദേശപ്രകാരം ഉക്രൈനില്‍ ഒരു താത്കാലിക സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് പുടിന്‍ പറഞ്ഞത്.

ഉക്രൈനിലെ പുതിയ അധികാരികള്‍ക്ക് റഷ്യയുമായി യുദ്ധങ്ങള്‍ അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാമെന്നും ഒരു സമാധാന കരാറില്‍ ഒപ്പുവെക്കാനും കഴിയുമെന്നും പുടിന്‍ പറയുകയുണ്ടായി. എന്നാല്‍ പുതിന്റെ നിര്‍ദേശത്തെ ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസും തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം കാലാവധി അവസാനിച്ചിട്ടും സെലന്‍സ്‌കി അധികാരത്തില്‍ തുടര്‍ന്നതില്‍ പുടിന്‍ ദീര്‍ഘകാലമായി എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്.

അടുത്തിടെ യു.എസിന്റെ മധ്യസ്ഥതയില്‍ ഉക്രൈനും റഷ്യയും മാര്‍ച്ച് 25ന് കരിങ്കടലില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. കരിങ്കടല്‍ വഴി പോകുന്ന കപ്പലുകളെ ആക്രമിക്കില്ലെന്നാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചത്. ഊര്‍ജോത്പാദന കേന്ദ്രങ്ങളും ആക്രമിക്കില്ലെന്നും ഇരുരാജ്യങ്ങളും തീരുമാനത്തിലെത്തി.

റഷ്യയ്ക്ക് മുമ്പ് വെനസ്വേലയില്‍ നിന്ന് എണ്ണയോ ഗ്യാസോ വാങ്ങുന്ന ഏതൊരു രാജ്യത്തുനിന്നും യു.എസ് ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

Content Highlight: Trump to Putin: Will impose additional tariffs on Russian oil if ceasefire not agreed