Kerala News
കലൂര്‍ സ്റ്റേഡിയം അപകടം; 46 ദിവസങ്ങള്‍ക്ക് ശേഷം എം.എല്‍.എ ഉമാതോമസ് ആശുപത്രി വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 13, 12:58 pm
Thursday, 13th February 2025, 6:28 pm

കൊച്ചി: തൃക്കാക്കര എം.എല്‍.എ ഉമാതോമസ് ആശുപത്രി വിട്ടു. 46 ദിവസങ്ങള്‍ക്ക് ശേഷമാണ് ഉമാതോമസ് ആസുപത്രി വിടുന്നത്. കലൂര്‍ സ്റ്റേഡിയം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു എം.എല്‍.എ.

കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തിയ ഗിന്നസ് റെക്കോര്‍ഡ് പരിപാടിക്കിടെ 15 അടി ഉയരത്തില്‍ നിന്നും വീണ എം.എല്‍.എ ദിവസങ്ങളോളം ഗുരുതരാവസ്ഥയിലായിരുന്നു. ഡിസംബര് 29നായിരുന്നു അപകടമുണ്ടായത്.

വീഴ്ചയില്‍ തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീര്‍ക്കെട്ടിനെയും തുടര്‍ന്നായിരുന്നു ഡിസ്ചാര്‍ജ് വൈകിയത്. ഗിന്നസ് റെക്കോര്‍ഡിനായി സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്കിടെ 15 അടി ഉയരത്തില്‍ നിന്ന് എം.എല്‍.എ താഴേക്ക് വീണതോടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.

അതേസമയം നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. സംഘാടനത്തിലെ പിഴവായിരുന്നു അപകടത്തിന് കാരണമായതെന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍.

താത്കാലികമായി തയ്യാറാക്കിയ വി.ഐ.പി ഗാലറിയുടെ കൈവരി ഒരുക്കിയത് ബലമില്ലാത്ത ക്യൂ ബാരിയേര്‍ഡ് ഉപയോഗിച്ചായിരുന്നു. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സൗകര്യമൊരുക്കിയത്. അവിടെ നിന്നായിരുന്നു എം.എല്‍.എ വീണത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നൃത്തപരിപാടി സംഘടിപ്പിച്ചതിനാല്‍ സംഘാടകര്‍ക്കെതിരെ കേസ് എടുത്തിരുന്നു. കൂടാതെ പരിപാടിക്കായി വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത ഫീസ് ഈടാക്കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

Content Highlight: Kalur Stadium accident; MLA Umatomas left the hospital after 46 days