മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രിയിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. സിനിമാ അഭിനയത്തിന്റെ ആദ്യകാലത്ത് സിനിമയെക്കുറിച്ച് തനിക്കുണ്ടായ തെറ്റിദ്ധാരണയെക്കുറിച്ച് പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിനോട് സംസാരിക്കുകയാണ് ഷാജോണ്‍. മിമിക്രിയും സിനിമാഭിനയവും ഒരു പോലെയാണെന്ന് കരുതിയിരുന്നെന്നും ആ ചിന്ത മാറ്റി തന്നത് മോഹന്‍ലാല്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
”മിമിക്രിയില്‍ നമ്മള്‍ പഠിച്ചു വന്ന രീതി തന്നെ വേറെയാണ്. മിമിക്രിക്കാര്‍ക്ക് ഒരു സദസ്സില്‍ വന്ന് കഴിഞ്ഞാല്‍ പെട്ടെന്ന് ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ കഴിയും. ഡയലോഗ്‌സ് പെട്ടെന്ന് പഠിക്കാനും പറ്റും. കാരണം ഒരു സ്‌റ്റേജില്‍ തന്നെ ഒരു സമയത്ത് പല കഥാപാത്രങ്ങളായി വരുന്നവരാണ്.
പക്ഷേ മിമിക്രി എന്ന് പറയുന്നത് വേറെ ഒരു രീതിയിലുള്ള അഭിനയമാണ്. സിനിമയിലേക്ക് വരുമ്പോള്‍ അത് വരാന്‍ പാടില്ല. അങ്ങനെ വരാന്‍ പാടില്ലെന്ന് എനിക്ക് മനസിലായത് കുറേ കഴിഞ്ഞിട്ടാണ്.
സിദ്ദീഖ് സാറിന്റെ ലേഡീസ് ആന്‍ഡ് ജെന്റില്‍ മേന്‍ എന്ന സിനിമയില്‍ എന്റെ കഥാപാത്രം മോഹന്‍ലാലിന്റെ സുഹൃത്ത്, ഡ്രൈവര്‍, മാനേജര്‍ എല്ലാം ആയിട്ടുള്ള ഒരു വ്യക്തിയായിട്ടായിരുന്നു.
ഒരു സീനില്‍ മോഹന്‍ലാലിന് ഡയലോഗില്ല, എനിക്ക് മാത്രമായിരുന്നു ഡയലോഗുള്ളത്. ഇന്ന് ലാലേട്ടനെ ഞെട്ടിച്ചിട്ടെ കാര്യമുള്ളു പൊളിച്ചടുക്കും എന്നൊക്കെ ഉള്ളില്‍ ചിന്തിച്ച് ഞാന്‍ അഭിനയിച്ചു.
കാരണം ഡയലോഗ് പഠിക്കാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. മിമിക്രിയില്‍ അത് ശീലമാണ്. അങ്ങനെ ഡയലോഗ്‌സെല്ലാം കാണാതെ പഠിച്ചിട്ട് റിഹേര്‍സല്‍ സമയത്ത് ഡയലോഗെല്ലാം പറഞ്ഞു.
ഞാന്‍ കരുന്നത് ഇത് കഴിഞ്ഞ ഉടനെ മോഹന്‍ലാല്‍ വന്ന് എന്നെ അഭിനന്ദിക്കുമെന്നാണ്. റിഹേര്‍സല്‍ കഴിഞ്ഞ് ഞാന്‍ ലാലേട്ടനെ നോക്കി ചോദിച്ചു എങ്ങനെ ഉണ്ടെന്ന്.
ഡയലോഗൊക്കെ നീ കാണാതെ പഠിച്ചു പറഞ്ഞു, ഇനി അഭിനയിക്ക് എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അഭിനയിച്ചത് തന്നെയാ ലാലേട്ടാ എന്ന് ഞാന്‍ പറഞ്ഞു.
മോനെ ഇത് ഇങ്ങനെയല്ല, ഇത് വേറെ പരിപാടിയാണെന്ന് ലാലേട്ടന്‍ പറഞ്ഞു. എനിക്ക് എന്നിട്ട് ഫുള്‍ കാര്യങ്ങള്‍ വിശദീകരിച്ചു തന്നു. സിനിമയ്ക്ക് ഒരു ലൈഫ് ഉണ്ടെന്ന് എനിക്ക് മനസിലായത് അപ്പോഴാണ്.
ചുമ്മാ സ്‌റ്റേജില്‍ ചെന്ന് പറയുന്നത് പോലെയല്ല സിനിമ എന്ന് എന്നെ മനസിലാക്കി തന്നത് ലാലേട്ടനാണ്. അന്ന് ലാലേട്ടന്‍ വിശദീകരിച്ചു തന്നതാണ് പിന്നീട് നന്നായി ചെയ്യാന്‍ എനിക്ക് ഗുണമായത്,” കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.
Content Highlight: Kalabhavan Shajohn shared his acting experience with Mohanlal