[share]]
[] കൊച്ചി: വേതനവര്‍ധനവിനും മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കിക്കിട്ടുന്നതിനും വേണ്ടി രാജ്യത്തെ പത്രപ്രവര്‍ത്തകരെ എങ്ങനെ സഹായിക്കുമെന്ന് കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളോട് കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റുകളുടെ ചോദ്യം.
പത്രവ്യവസായത്തില്‍ വ്യാഴവട്ടക്കാലത്തിലേറെയായി നിലനില്‍ക്കുന്ന വേതനം വര്‍ധിപ്പിക്കുന്നതിനെതിരെ പത്രമുടമകള്‍ നീങ്ങുന്നതിനെതിരെ എന്തുചെയ്യുമെന്നും കെയുഡബ്ല്യുജെ ചോദിച്ചു.
വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ആന്‍ഡ് അദര്‍ ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ആക്ട് ഭരണഘടനാവിരുദ്ധമാണെന്നാണ് പത്രമുടമകളുടെ സംഘടനയായ ഐഎന്‍എസ് സുപ്രീംകോടതിയില്‍ വാദിച്ചത്. ഈ അഭിപ്രായത്തോട് യോജിപ്പുണ്ടോ എന്ന് സ്ഥാനാര്‍ത്ഥികള്‍ വ്യക്തമാക്കണമെന്ന് കെയുഡബ്ല്യുജെ പ്രസിഡന്റ് കെ.പ്രേമനാഥും ജനറല്‍ സെക്രട്ടറി എന്‍.പത്മനാഭനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഐഎന്‍എസ് നേതാവ് എംപി വീരേന്ദ്ര കുമാറടക്കം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ പത്രപ്രവര്‍ത്തകരുടെ ഈ ചോദ്യത്തിന് പ്രസക്തി ഏറെയാണ്. സ്ഥാപനത്തിലെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് വീരേന്ദ്രകുമാറിനെതിരെ മത്സരിക്കുന്ന മാതൃഭൂമി റിപ്പോര്‍ട്ടര്‍ കെ.ശ്രീജിത്തിന്റെ പ്രശ്‌നങ്ങള്‍ ന്യായമാണെന്നും അവര്‍ പറഞ്ഞു.
ഡിമാന്‍ഡും സപ്ലൈയും അനുസരിച്ച് വേതനം നിശ്ചയിക്കും എന്ന പത്രമുടമകളുടെ വാദം ശരിയാണോയെന്നും ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലിസമയവും വേതന സമ്പ്രദായവും നിജപ്പെടുത്തുന്ന നിയമം ആവശ്യമല്ലേയെന്നും കെയുഡബ്ല്യുജെ ചോദിക്കുന്നുണ്ട്.
കോടികള്‍ ലാഭം കൊയ്യുന്ന പത്രവ്യവസായത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്ന വേതനമെങ്കിലും കൊടുക്കണം എന്ന ആവശ്യം അന്യായമാണോയെന്നും ഹയര്‍ ആന്റ് ഫയര്‍ സമ്പ്രദായത്തിന് അവസരം സൃഷ്ടിക്കുന്ന കരാര്‍ തൊഴില്‍ സമ്പ്രദായം വാര്‍ത്താമാധ്യമ വ്യവസായത്തില്‍ ആശാസ്യമാണോയെന്നും ഇവര്‍ ചോദിക്കുന്നു.
ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് വിവക്ഷിക്കപ്പെടുന്ന പത്രവ്യവസായത്തിലെ പത്രപ്രവര്‍ത്തകരടക്കമുള്ള തൊഴിലാളികളെ മറ്റ് വ്യവസായങ്ങളിലെ തൊഴിലാളികളെ പോലെ കാണണമെന്ന പത്ര ഉടമകളുടെ അഭിപ്രായത്തെ എങ്ങനെ കാണുന്നുവെന്നും വര്‍ക്കിംങ് ജേര്‍ണലിസ്റ്റ് ആക്ട് (1955) കാലഹരണപ്പെട്ട നിയമമാണെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യങ്ങളും കെയുഡബ്ല്യുജെ ഉന്നയിക്കുന്നുണ്ട്.