വൈരുദ്യാത്മക ഭൗതികവാദം ആധുനികമായി വ്യാഖ്യാനിക്കണം; പ്രാക്ടീസിങ് മുസ്‌ലിമിന് സി.പി.ഐ.എം മെമ്പറാകാം: കെ.ടി. ജലീല്‍
Kerala News
വൈരുദ്യാത്മക ഭൗതികവാദം ആധുനികമായി വ്യാഖ്യാനിക്കണം; പ്രാക്ടീസിങ് മുസ്‌ലിമിന് സി.പി.ഐ.എം മെമ്പറാകാം: കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th June 2023, 11:30 pm

കൊച്ചി: മത വിശ്വാസിക്ക് സി.പി.ഐ.എം പോലുള്ള ഇടതുപക്ഷ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനോ അംഗത്വമെടുക്കുന്നതിനോ തടസമില്ലെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍. വൈരുദ്യാത്മക ഭൗതികവാദം ആധുനികമായി വ്യാഖ്യാനിക്കേണ്ട ഒന്നാണ്. ഒരു മതവിശ്വാസിയെ സംബന്ധിച്ചെടുത്തോളം വിശ്വാസ ധാരകള്‍ വെച്ചുപുലര്‍ത്താന്‍ പാടില്ല എന്നത് അതുകൊണ്ട് അര്‍ഥമാക്കുന്നില്ലെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 24 ന്യൂസിലെ ജനകീയ കോടതി എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജലീല്‍.

നന്മ ചെയ്തവരൊക്കെ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്നാണ് താന്‍ പഠിച്ച ഇസ്‌ലാമില്‍ നിന്ന് മനസിലാക്കിയിട്ടുള്ളതെന്നും ജലീല്‍ പറഞ്ഞു. താന്‍ സി.പി.ഐ.എമ്മിന്റെ ഒരു സഹയാത്രികനാണെന്നും അങ്ങനെ മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

‘സി.പി.ഐ.എം ഒരു ബഹുജന പ്രസ്ഥാനമാണ്. അതില്‍ അംഗങ്ങള്‍ മാത്രമല്ലയുള്ളത്. ഞാന്‍ സി.പി.ഐ.എമ്മിന്റെ ഒരു സഹയാത്രികനാണ്. ആ സ്‌പേസില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. പ്രാക്ടീസിങ് മുസ്‌ലിം ഒരു തടസമല്ല. സി.പി.ഐ.എമ്മിന്റെ ജാഥയില്‍ ഞാന്‍ എന്റെ പ്രാക്ടീസിങ് മുടക്കിയിട്ടില്ല.

മുന്‍ ആലുവ എം.എല്‍.എ എ.എം. യൂസഫ് തിരുവനന്തപുരത്ത് അതിരാവിലെ എന്നും പാളയം പള്ളിയില്‍ പോയി സുബഹിക്ക് ജമാഅത്ത് നിസ്‌ക്കരിക്കുന്ന ആളായിരുന്നു. ലീഗ് എം.എല്‍.എമാരില്‍ പോലും അങ്ങനെ ചെയ്യാറില്ല. യൂസഫ് സി.പി.ഐ.എം മെമ്പറായിരുന്നു,’ ജലീല്‍ പറഞ്ഞു.

സമൂഹത്തിന്റെ പല കോണുകളില്‍ നിന്ന് തനിക്ക് അക്രമം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ടെന്നും അതൊക്കെ താന്‍ സ്വീകരിച്ച നിലപാടിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ എന്നീ മൂന്ന് മതക്കാരിലും തീവ്ര വര്‍ഗീയവാദികളുണ്ട്. ഇവര്‍ ഹിസംഘി, മുസംഘി, ക്രിസംഘി ടീംസ് ആണ്. ഇവരില്‍ നിന്നൊക്കെ എനിക്ക് അക്രമം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്,’ കെ.ടി. ജലീല്‍ കൂട്ടിച്ചേര്‍ത്തു.