തിരുവനന്തപുരം: മുട്ടില്‍ വനംകൊള്ള സംസ്ഥാന സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ ബി.ജെ.പി. കേന്ദ്ര വനം മന്ത്രാലയത്തെ കൊണ്ടു നടപടി എടുപ്പിക്കാന്‍ ബി.ജെ.പി. ശ്രമം ആരംഭിച്ചു.
ദേശീയ നേതാക്കളെ കാണാന്‍ ദല്‍ഹിയിലെത്തിയ കെ. സുരേന്ദ്രന്‍ വിഷയത്തില്‍ ഇടപെടുന്നതിനായി വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കണ്ടു സംസാരിക്കും.
അതേസമയം മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ടു തുടരന്വേഷണത്തിനു ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ റോജോ അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരടക്കമുള്ളവര്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഇടപെടല്‍.
പ്രതികള്‍ക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത ബന്ധമുള്ള കേസ് ആണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. വനം കൊള്ളയുമായി ബന്ധപ്പെട്ടു പുറത്തുവന്നതു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണു സര്‍ക്കാര്‍ പറഞ്ഞത്.
പ്രതികള്‍ സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണു വനം കൊള്ള നടത്തിയത്. വില്ലേജ് ഓഫീസര്‍മാരടക്കം കേസില്‍ അന്വേഷണം നേരിടുകയാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നേരത്തെ വിഷയം നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. അതേസമയം ഉത്തരവു ദുര്‍വ്യാഖ്യാനം ചെയ്താണു കൊള്ള നടത്തിയതെന്നാണു വനംമന്ത്രി എ.കെ. ശശീന്ദ്രനും പറഞ്ഞത്.
കോഴിക്കോട്ടെ വനംവകുപ്പ് ഉദ്യോഗസ്ഥനു ഇക്കാര്യത്തില്‍ വീഴ്ച പറ്റി. 10 കോടി മതിപ്പ് വിലയുള്ള തടിയാണു മുറിച്ചു കടത്തിയത്. അതില്‍ അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.
ഈട്ടിത്തടി മുഴുവന്‍ കണ്ടെത്തിയതു വനം വകുപ്പ് പരിശോധനയില്‍ തന്നെയാണ്. ഇതെല്ലാം സര്‍ക്കാരിന്റെ കൈവശം തന്നെയാണു ഇപ്പോഴുള്ളത്. മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷമാണു ഇക്കാര്യത്തെ കുറിച്ചു അറിയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.