സര്‍ക്കാരിന് ഭരണഘടനയോട് ബഹുമാനമില്ലെന്ന് വ്യക്തമായി: കെ.സുരേന്ദ്രന്‍
Kerala News
സര്‍ക്കാരിന് ഭരണഘടനയോട് ബഹുമാനമില്ലെന്ന് വ്യക്തമായി: കെ.സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st December 2022, 7:44 pm

തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാരിന് ഭരണഘടനയോട് ബഹുമാനമില്ലെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭരണഘടനയെ അവഹേളിച്ചാല്‍ ശിക്ഷ ആറുമാസത്തേക്ക് മാത്രമാണോയെന്ന് മുഖ്യമന്ത്രി പറയണം. ഭരണഘടനയെ തള്ളി പറഞ്ഞതിനും ഭരണഘടനാ ശില്‍പ്പികളെ അധിക്ഷേപിച്ചതിനാലുമാണ് സജി ചെറിയാന് മന്ത്രി സ്ഥാനം നഷ്ടമായത്. സത്യപ്രതിഞ്ജാലംഘനമാണ് സജി ചെറിയാന്‍ നടത്തിയതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

പുതുവര്‍ഷ പുലരിയില്‍ സര്‍ക്കാര്‍ എടുത്ത മ്ലേച്ഛമായ തീരുമാനത്തെ ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. പ്രകോപനകരമായ നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതിന് സര്‍ക്കാര്‍ ദൂരവ്യാപകമായ പ്രത്യാഘാതം നേരിടും. നിയമപരമായും രാഷ്ട്രീയമായും ഭരണഘടനാ വിരുദ്ധ നീക്കത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിറ്റാണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചത്. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചെന്ന കേസ് അവസാനിപ്പിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് മടങ്ങിവരവിന് പാര്‍ട്ടി പച്ചക്കൊടി വീശിയിരിക്കുന്നത്.

സജി ചെറിയാന്റെ സത്യപ്രതിജ്ഞ ജനുവരി നാലിന് ബുധനാഴ്ച നടക്കും. നാലിന് സത്യപ്രതിജ്ഞ നടത്താമെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കും. സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത് ജൂലൈ ആറിനായിരുന്നു.