ന്യൂദല്‍ഹി: ജാതിയധിക്ഷേപം നടത്തിയില്ലെന്ന വാദത്തില്‍ ഉറച്ച് കോണ്‍ഗ്രസ് എം. പി കെ. സുധാകരന്‍. ആദരിക്കപ്പെടേണ്ട മുഖ്യമന്ത്രിയാണോ പിണറായി വിജയന്‍ എന്നും സുധാകരന്‍ ചോദിച്ചു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ എവിടെയാണ് ജാതി പറഞ്ഞത്? ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തില്‍ എ. കെ ബാലനും മറ്റുള്ളവരും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. പരാമര്‍ശത്തില്‍ സി.പി.ഐ.എം രംഗത്തെത്തുന്നത് ഇന്നാണ്. അതുവരെ അവരെവിടെയായിരുന്നു? അവര്‍ ഉറങ്ങി പോയോ?
ഷാനി മോള്‍ ഉസ്മാന്‍ യാതൊരു ആവശ്യവുമില്ലാത്ത കാര്യത്തില്‍ പ്രതികരിച്ചു. അവരത് തിരുത്തുകയും ചെയ്തു.
ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്ത് ഞാന്‍ സംതൃപ്തനാണ്. ആദരവ് അര്‍ഹിക്കുന്ന മുഖ്യമന്ത്രിയാണോ പിണറായി എന്നും സുധാകരന്‍ ചോദിച്ചു.
തൊഴില്‍ പറയുന്നത് ആക്ഷേപമാണോ? പിണറായുടെ അച്ഛന്‍ ചെത്ത് തൊഴിലാളിയാണെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്? ഇപ്പോള്‍ എവിടെയെങ്കിലും കുലത്തൊഴിലുണ്ടോ?കുലത്തൊഴില്‍ എന്ന് എവിടെയെങ്കിലും ഞാന്‍ പറഞ്ഞോ?
ഞാന്‍ പറഞ്ഞത് പിണറായി വിജയന്റെ അച്ഛന്‍ ചെത്തുകാരനാണ് എന്നാണ്. ഞാന്‍ അത് പറഞ്ഞത്, ഓരോ ആളുകളും ജന്മം കൊണ്ടതും വളര്‍ന്നതുമായ സാഹചര്യങ്ങള്‍ അവരവരുടെ ജീവിത ദര്‍ശനത്തെ ബാധിക്കും. ഉന്നതന്റെ മക്കളുടെ ദര്‍ശനമല്ല, പട്ടിണികിടക്കുന്നവന്റെ മക്കളുടെ ദര്‍ശനം. മാറണം. അത് മാറ്റാനുള്ള ആയുധമാണ് കമ്മ്യൂണിസം എന്നതുകൊണ്ടാണ്.
പിണറായി വിജയന്റെ അച്ഛന്‍ ചെത്തുകാരനാണ് എന്ന് പറയുന്നതില്‍ അഭിമാനിക്കുന്നയാളാണ് ഞാന്‍. മുറ്റമടിക്കുന്ന ആളായാലും കക്കൂസ് വൃത്തിയാക്കുന്ന ആളായാലും. ഒരു ജോലിക്ക് അതിന്റെ വില നല്‍കുന്ന ആളാണ് ഞാന്‍. അധ്വാനിക്കുന്നത് അഭിമാനമാണ്. അതിനെ ചോദ്യം ചെയ്തിട്ടില്ല.
ഗൗരിയമ്മയെ ചോമത്തിയെന്ന് അധിക്ഷേപിച്ചയാളല്ലേ ഇ.എം.എസ്? ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ കുട്ടപ്പനെ ഹരിജന്‍ കുട്ടപ്പന്‍ എന്ന് വിളിച്ചിട്ടില്ലേ നായനാര്‍? ഷാനിമോള്‍ ഉസ്മാനെയും ലതികാ സുഭാഷിനെയും അധിക്ഷേപിച്ചിട്ടില്ലേ? രമ്യാ ഹരിദാസിനെ വിജയരാഘവന്‍ അധിക്ഷേപിച്ചിട്ടില്ലേ? എന്നിട്ട് തിരുത്തിയോ? ബിഷപ്പ് സമൂഹത്തെ നികൃഷ്ട ജീവിഎന്ന് വിളിച്ച് ആക്ഷേപിച്ച മുഖ്യമന്ത്രി എന്ത് ആദരവാണ് പ്രതീക്ഷിക്കുന്നത് എന്നും സുധാകരന്‍ ചോദിച്ചു.
പിണറായി വിജയനോട് ഒരു വിദ്വേഷവുമില്ലെന്നും സുധാകരന്‍ പറഞ്ഞു. പിണറായി രാഷ്ട്രീയ എതിരാളി മാത്രമാണ്. രാഷ്ട്രീയത്തിലല്ലാതെ ശത്രുതാ മനോഭാവത്തില്‍ അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ല.
സ്വാതന്ത്ര സമര സേനാനി ഗോപാലനെ അട്ടം പരതി ഗോപാലനെന്നാണ് മുഖ്യമന്ത്രി വിളിച്ചത്. ഗോപാലന്‍ സ്വാതന്ത്ര സമരത്തില്‍ പങ്കെടുക്കുമ്പോള്‍ പിണറായിയുടെ അച്ഛന്‍ പിണറായി നഗരത്തില്‍ തേരാ പാരാ നടക്കുകയാണ്. ആ അദ്ദേഹത്തിന് സ്വാതന്ത്ര സമര സേനാനി ഗോപാലനെ അട്ടം പരതി ഗോപാലനെന്ന് വിളിക്കാന്‍ എന്ത് അവകാശമാണുള്ളതെന്നും സുധാകരന്‍ ചോദിച്ചു.
തലശ്ശേരിയിലെ യോഗത്തില്‍ വെച്ചായിരുന്നു പിണറായി വിജയനെതിരായ സുധാകരന്റെ അധിക്ഷേപ പരാമര്‍ശം. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്ന് വന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്ത ആളായി മാറിയെന്ന് സുധാകരന്‍ പറഞ്ഞിരുന്നു.
‘ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്നും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ ചെങ്കൊടി പിടിച്ച് നേതൃത്വം കൊടുത്ത പിണറായി വിജയന്‍ എവിടെ…പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്നും ഉയര്‍ന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്ററെടുത്ത, കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
നിങ്ങള്‍ക്ക് അഭിമാനമാണോ… അപമാനമാണോ എന്ന് സി.പി.ഐ.എമ്മിന്റെ നല്ലവരായ പ്രവര്‍ത്തകര്‍ ചിന്തിക്കണം,’ എന്നായിരുന്നു സുധാകരന്റെ പ്രസംഗം. ഇത് വിവാദമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ പ്രസ്താവനയെ തള്ളി ചെന്നിത്തല ആദ്യം രംഗത്തെത്തിയിരുന്നെങ്കിലും ഇന്ന് വാക്കുമാറ്റുകയായിരുന്നു.
സുധാകരന്റെ ഭാഗത്ത് നിന്ന അത്തരമൊരു പാരമര്‍ശം വരാന്‍ പാടില്ലായിരുന്നു എന്നായിരുന്നു ചെന്നിത്തല ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ സുധാകരന്‍ പറഞ്ഞതില്‍ ജാതിയധിക്ഷേപമില്ലെന്നും അതില്‍ പാര്‍ട്ടിക്ക് എതിരഭിപ്രായമില്ലെന്നുമായിരുന്നു ചെന്നിത്തല ഇന്ന് തിരുത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക