കുടിയിറക്കേണ്ടത് ആദിവാസികളെയല്ല; ഹാരിസണ്‍ മലയാളത്തെയാണ്
Opinion
കുടിയിറക്കേണ്ടത് ആദിവാസികളെയല്ല; ഹാരിസണ്‍ മലയാളത്തെയാണ്
കെ. സന്തോഷ്‌ കുമാര്‍
Thursday, 25th April 2019, 5:42 pm

വയനാട് ബത്തേരിക്കടുത്ത് തൊമരിമലയില്‍ ഭൂസമരം നടത്തിയ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഭൂരഹിതരെ കഴിഞ്ഞ ദിവസമാണ് ഇടതുപക്ഷ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് അതിക്രമിച്ചു ബലമായി കുടിയിറക്കിയത്. കുടിയിറക്കപ്പെട്ട ഭൂരഹിതര്‍ ഇപ്പോള്‍ വയനാട് കലക്ടറേറ്റിനു മുന്‍പില്‍ അനിശ്ചിതകാല സമരത്തിലാണ്. 1970 അച്യുതമേനോന്‍ സര്‍ക്കാര്‍ ഹാരിസണ്‍ കമ്പനിയില്‍ നിന്ന് ഏറ്റെടുത്ത 104 ഏക്കര്‍ മിച്ചഭൂമിയില്‍ ആദിവാസികളും ഭൂരഹിതരും നിയമവിരുദ്ധമായി കുടില്‍കെട്ടിയെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

ഭൂരഹിതര്‍ക്ക് മാത്രം വിതരണം ചെയ്യേണ്ട ഭൂമി ഇതുവരെ വിതരണം ചെയ്തിട്ടില്ല. മിച്ചഭൂമി ഹാരിസണ്‍നു തന്നെ തിരിച്ചു നല്‍കാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ പോലീസ് അതിക്രമം എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഹാരിസണ്‍ ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും വ്യജപ്രമാണം ഉണ്ടാക്കിയതിനും വ്യജരേഖ നിര്‍മ്മിച്ചതിനും അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈയ്യടക്കിയതിനും 45ല്‍ അധികം കേസുകള്‍ റെജിസ്റ്റര്‍ ചെയ്തിട്ടും ഒരുതുണ്ട് ഭൂമി പോലും ഏറ്റെടുക്കാതെ കോടതി വിധിയും ഹാരിസണ്‍നു എതിരായ മുഴുവന്‍ കേസുകളും അട്ടിമറിച്ച ഇടതുപക്ഷ സര്‍ക്കാര്‍ ഭൂരഹിതരായ ആദിവാസികളെ കുടിയിറക്കുന്നത് ഹാരിസണ്‍നെ സംരക്ഷിക്കാനാണെന്ന് സുവ്യക്തമാണ്.

ആദിവാസികള്‍ നിയമവിരുദ്ധമായി ഭൂമി കൈയ്യേറിയതിനാണ് കുടിയൊഴിപ്പിച്ചത് എന്നു പറയുന്ന സര്‍ക്കാര്‍ ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ടും മുഴുവന്‍ നിയമങ്ങളും അട്ടിമറിച്ചു കൊണ്ടും വ്യാജ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ എണ്‍പത്തിയാറായിരത്തില്‍ അധികം ഭൂമി കൈയ്യടക്കി വെച്ചിരിക്കുന്ന ഹാരിസണ്‍ കമ്പനിയെ എന്തുകൊണ്ടാണ് കുടിയിറക്കാത്തത് ? നിയമനിര്‍മാണത്തിലൂടെ എന്തുകൊണ്ടാണ് ഭൂമി ഏറ്റെടുക്കാത്തത് ?

ഹാരിസണ്‍ ഭൂമി തട്ടിപ്പിന്റെ ചരിത്രം

തിരുവിതാംകൂര്‍ രാജ്യത്തിന്റെ സാമന്ത രാജ്യങ്ങള്‍ ആയിരുന്ന പൂഞ്ഞാര്‍ കൊട്ടാരം, ഇടപ്പള്ളി സ്വരൂപം, വഞ്ചിപ്പുഴ മഠം, കിളിമാനൂര്‍ കൊട്ടാരം എന്നിവരില്‍ നിന്ന് 86,559 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത അഞ്ച് കമ്പനികള്‍ ചേര്‍ന്നാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് എന്ന കമ്പനി രൂപീകൃതമാകുന്നത്. 1834 മുതല്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ദി റബ്ബര്‍ പ്ലാന്റേഷന്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് ലിമിറ്റഡ്, ദി മലയാളം റബ്ബര്‍ ആന്‍ഡ് ടീ പ്രൊഡ്യൂസിംഗ് കമ്പനി, ദി ഈസ്റ്റ് ഇന്ത്യ ടീ ആന്‍ഡ് പ്രൊഡ്യൂസിംഗ് കമ്പനി, ദി മേപ്പാടി- വയനാട് ടീ കമ്പനി എന്നീ അഞ്ച് കമ്പനികള്‍ ചേര്‍ന്ന് ഇംഗ്ലീഷ് കമ്പനീസ് കണ്‍സോളിഡേഷന്‍ ആക്ട് 1908 പ്രകാരം 1921 ല്‍ മലയാളം പ്ലാന്റേഷന്‍സ് (UK) ലിമിറ്റഡ്, ഹാരിസണ്‍ ആന്‍ഡ് ക്രോസ്സ്ഫീല്‍ഡ് (UK) ലിമിറ്റഡ് എന്നീ രണ്ട് കമ്പനിയായി മാറുകയും കമ്പനിയുടെ പേരിലേക്ക് ഭൂമി കൈമാറ്റം ചെയ്യുകയുമാണ് ചെയ്തത്.

പഴയ അഞ്ച് കമ്പനികളുടെയും പുതിയതായി ഇംഗ്ളണ്ടില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കമ്പനിയുടെയും മേല്‍വിലാസം ‘1 -4 , ഗ്രേറ്റ് ടവര്‍ സ്ട്രീറ്റ്, ലണ്ടന്‍’ എന്ന ഒറ്റമേല്‍വിലാസം തന്നെയായിരുന്നു. എന്ന് മാത്രമല്ല തിരുവിതാംകൂര്‍ രാജാവില്‍ നിന്ന് ഭൂമി പാട്ടെത്തിന് വാങ്ങുന്നതും പാട്ടത്തിന് വാങ്ങിയ ഭൂമി പുതിയ കമ്പനിക്ക് വില്‍ക്കുന്നതും പുതിയ കമ്പനിക്ക് വേണ്ടി വാങ്ങിയതും ‘ജോണ്‍ മക്കി’ എന്ന ബ്രിട്ടീഷുകാരന്‍ തന്നെയായിരുന്നു. കൊല്ലം സബ് രജിസ്റ്റര്‍ ഓഫീസിലും മദ്രാസ് സംസ്ഥാനത്തെ ചെങ്കല്‍പെട്ട് സബ് രജിസ്റ്റര്‍ ഓഫീസിലും നടന്ന ഈ ഭൂമി കൈമാറ്റ ആധാരങ്ങള്‍ വ്യാജവും നിയമവിരുദ്ധവും ആയിരുന്നെന്ന് എല്ലാ കമ്മീഷനുകളും ക്രൈം ബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്. 1920 കളില്‍ തിരുവിതാംകൂറില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആധാരങ്ങളിലും കാണുന്നത് തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നമായ ‘ശംഖ്’ ( Conch ) അടയാളം ആണ്.

എന്നാല്‍ ഹാരിസണ്‍ തങ്ങളുടെ ഭൂമിയാണെന്ന് അവകാശപ്പെടുന്ന ആധാരം വിദേശ രാജ്യങ്ങളില്‍ മാത്രം കാണുന്ന മുദ്രക്കടലാസിലാണ് എഴുതിയിട്ടുള്ളത്. ഈ ആധാരത്തില്‍ കാണുന്നത് ‘ജോണ്‍ ഡിക്കിന്‍സണ്‍ കമ്പനി’ എന്ന കമ്പനിയുടെ വാട്ടര്‍ മാര്‍ക്കാണ്. പ്രഥമദൃഷ്ട്യാ തന്നെ ഹാരിസണ്‍ ആധാരം വ്യാജമാണെന്ന് ബോധ്യപ്പെടുന്നതാണ് ഇതെല്ലാം.

1958 ലെ കേരള ഭൂസംരക്ഷണ നിയമം, ഭൂപരിഷ്‌ക്കരണ നിയമം 1969, ഫെറ നിയമം എന്നിവ പ്രാബല്യത്തില്‍ വന്നതോടുകൂടി മലയാളം പ്ലാന്റേഷന്‍സ് (UK ) ലിമിറ്റഡ് കമ്പനിക്ക് തങ്ങള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഉറപ്പായി. ഇതിനെ മറികടക്കുന്നതിന് വേണ്ടിയാണ് മലയാളം പ്ലാന്റേഷന്‍സ് (UK ) ലിമിറ്റഡ് കമ്പനി തങ്ങളുടെ ഓഫീസിലെ ഇന്ത്യക്കാരായ ഉദ്യോഗസ്ഥരെ ഡയറക്ടര്‍മാരായി നിയമിച്ചുകൊണ്ട് 1978 ജനുവരി 5 ന് മലയാളം പ്ലാന്റേഷന്‍സ് ( ഇന്ത്യ ) ലിമിറ്റഡ് എന്ന പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത്.

ഇതോടോപ്പം തന്നെ ഹാരിസണ്‍ ക്രൊസ്ഫീല്‍ഡ് (ഇന്ത്യ ) ലിമിറ്റഡ് എന്ന കമ്പനിയും കൊച്ചി ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തു. 9 / 4 / 1979 ല്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലൂടെ മലയാളം പ്ലാന്റേഷന്‍സ് (ഇന്ത്യ) ലിമിറ്റഡ് കമ്പനിയില്‍ ലയിപ്പിച്ചു. 19 / 09 / 1984 ലെ ഹര്‍ജിയിലൂടെ ഹാരിസണ്‍ ക്രൊസ്ഫീല്‍ഡ് (ഇന്ത്യ ) ലിമിറ്റഡ് എന്ന കമ്പനിയും മലയാളം പ്ലാന്റേഷന്‍സ് ( ഇന്ത്യ ) ലിമിറ്റഡ് എന്ന കമ്പനിയില്‍ ലയിപ്പിച്ചു . ഈ ലയങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് 29/ 10 / 1984 ല്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി നിലവില്‍ വരുന്നത്. ഈ നടപടി ക്രമങ്ങള്‍ എല്ലാം നിയവിരുദ്ധവും അനധികൃതവും വ്യാജപ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് ഹാരിസണ്‍ ഭൂമി ഏറ്റെടുക്കാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളെ മുഴുവന്‍ ടാറ്റ – ഹാരിസണ്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ തോട്ടം കുത്തകള്‍ക്കു വേണ്ടിയും ഇടതുപക്ഷ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ് ചെയ്തത്.

ഹാരിസണ്‍ മലയാളം ലിമിറ്റഡ് നിയമവിരുദ്ധമായും അനധികൃതവുമായാണ് എന്‍പതിനായിരത്തോളം ഏക്കര്‍ ഭൂമി കൈയ്യടക്കി വെച്ചിരിക്കുന്നതെന്ന് നിവേദിത പി ഹരന്‍ റിപ്പോട്ട്, ജസ്റ്റിസ് എല്‍ മനോഹരന്‍ കമ്മറ്റി റിപ്പോര്‍ട്ട്, ഡി സജിത്ത് ബാബു റിപ്പോര്‍ട്ട്, നന്ദനന്‍ പിള്ള വിജിലന്‍സ് റിപ്പോര്‍ട്ട്, ഡോ എം ജി രാജമാണിക്യം റിപ്പോട്ട് തുടങ്ങിയ അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2013 ഫെബ്രുവരി 28ന് കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജസ്റ്റിസ് പി വി ആശ ഹാരിസണ്‍ കൈയ്യടക്കി വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നും ഭൂസംരക്ഷണ നിയപ്രകാരം ഏറ്റെടുക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തു.

Image may contain: sky, tree, cloud, outdoor and nature

ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതിന് ഡോ. എം ജി രാജമാണിക്യത്തെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കുന്നത്. എന്നാല്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കാതെയും കോടതി നടപടികള്‍ സ്വീകരിക്കാതെയും സ്‌പെഷ്യല്‍ ഓഫീസിന്റെ അധികാരം ദുര്‍ബലപ്പെടുത്തിയും ഭൂമിയേറ്റെടുക്കല്‍ കേസുകള്‍ അട്ടിമറിക്കാനുള്ള നീക്കമാണ് റവന്യു വകുപ്പും ഇടതുപക്ഷ സര്‍ക്കാരും നടത്തിയത്. ഹാരിസണ്‍ തോട്ടഭൂമി ഏറ്റെടുക്കണമെന്നത് സംബന്ധിച്ച അന്തിമവാദം 2018 ജനുവരി 30 ന് ഹൈക്കോടതി ആരംഭിച്ചു. ഹാരിസണ്‍ മലയാളവും സര്‍ക്കാരും തമ്മിലുള്ള കേസ് കോടതി മൂന്ന് പ്രാവശ്യം പരിഗണിച്ചപ്പോഴും കോടതി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അഭിഭാഷകര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചില്ല. എന്ന് മാത്രമല്ല ഹാരിസണ്‍ കേസും അവര്‍ അനധികൃതമായും നിയമവിരുദ്ധമായും ഭൂമി മറിച്ചുവിറ്റ ടി ആര്‍ ആന്‍ഡ് ടി, റിയ, ചെറുവള്ളി, ബോയ്‌സ്, ബ്രൈമൂര്‍ കേസുകളും വാദിക്കാനാല്ലാതെ തോട്ടങ്ങള്‍ക്ക് അനുകൂലമായ വിധി വരുകയാണ് ചെയ്തത്.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ആറ് അഭിഭാഷകരെ ഹാരിസണ്‍ കേസ് വാദിക്കുന്നതിനായി നിയമിച്ചത്. ഒരാളുപോലും ഈ അന്വേഷണ റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയോ വിജിലന്‍സ് റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയോ കോടതിയില്‍ വാദിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹാരിസണ്‍ മലയാളത്തിന് അനുകൂലമായ വിധി വരുന്നത്. ഈ വിധിയോട് കൂടിയാണ് മുഴുവന്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളെയും അട്ടിമറിക്കപ്പെടുന്നത്. കേരളത്തിന്റെ അഞ്ചുലക്ഷത്തി ഇരുപതിനായിരത്തിലധികം ഭൂമി നഷ്ടപ്പെടുകയാണ് ഇതിലൂടെ സംഭവിക്കുന്നത് .

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യം ചെയ്തത് ഹാരിസണ്‍ – ടാറ്റ കേസുകള്‍ സൂക്ഷമമായും കൃത്യമായും പഠിക്കുകയും കോടതിയില്‍ കൃത്യസമയത്ത് റിപ്പോര്‍ട്ടുകള്‍ നല്‍കി അനുകൂലവിധി സമ്പാദിക്കുകയും ചെയ്ത പബ്ലിക് പ്രോസിക്യൂട്ടര്‍ സുശീല ആര്‍ ഭട്ടിനെ മാറ്റുകയാണ് ചെയ്തത്. സമഗ്രമായ രാജമാണിക്യം റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്ന നിയമവകുപ്പ് സെക്രട്ടറിയുടെ ബി ജി ഹരീന്ദ്രനാഥിന്റെ വിവാദ റിപ്പോര്‍ട്ട് പുറത്ത് വന്നതും നാം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.

Image may contain: 3 people, people sitting, child and outdoor

2010 ല്‍ ഹാരിസണ്‍ മലയാളത്തിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാക്കുകയും ഹാരിസണ്‍ ഭൂമി സ്വകാര്യ ഭൂമിയാണെന്ന് വാദിക്കുകയും ചെയ്ത രജ്ഞിത്ത് തമ്പാനെ ഹാരിസണ്‍ന് എതിരായി കേസ് വാദിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടു വരാന്‍ ശ്രമിച്ചത് ഹാരിസണ്‍ കേസ് അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ്. ഹാരിസണ്‍ ഭൂമി വിഷയവുമായി ബന്ധപ്പെട്ട് പ്രാഥമികമായി കടന്ന് പോകുന്ന ഏതൊരാള്‍ക്കും ഹാരിസണ്‍ മലയാളം ഇന്ത്യയുടെ പരമാധികാരത്തേയും നിയമങ്ങളേയും വെല്ലുവിളിച്ചു കൊണ്ടാണ് കേരളത്തിന്റെ ഭൂമി തട്ടിയെടുത്തത് എന്ന് വ്യക്തമാകും.

രണ്ടരലക്ഷം കുടുംബങ്ങള്‍ സ്വന്തമായി ഒരുതുണ്ട് ഭൂമിപോലും ഇല്ലാതെ പുറമ്പോക്കുകളിലും ചേരികളിലും കഴിയുമ്പോള്‍, മുപ്പത് ലക്ഷത്തിലധികം ആദിവാസി ദലിത് പിന്നാക്കക്കാര്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടംതൊഴിലാളികള്‍ ഭൂഉടമസ്ഥതയില്ലാതെ കോളനികളിലും ചേരികളിലും ലയങ്ങളിലും കഴിയുമ്പോഴാണ് അഞ്ചേകാല്‍ ലക്ഷത്തിലധികം ഭൂമി കൈവശപ്പെടുത്താന്‍ തോട്ടംകുത്തകള്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ മുഴുവന്‍ ഒത്താശകള്‍ ചെയ്തു കൊടുക്കുന്നതും ഭൂമിയേറ്റെടുക്കല്‍ കേസുകള്‍ അട്ടിമറിക്കുന്നതും.