Advertisement
Kerala News
ആഭ്യന്തര പ്രശ്നം; അബുല്‍ കലാം ആസാദ് അനുസ്മരണ പരിപാടി വിലക്കി കെ.പി.സി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 11, 05:08 am
Friday, 11th November 2022, 10:38 am

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ മൗലാനാ അബുല്‍ കലാം ആസാദ് അനുസ്മരണ പരിപാടി മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. അബുല്‍ കലാം ആസാദിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി നടത്താനിരുന്ന മതമൈത്രി സംഗമമാണ് കെ.പി.സി.സി വിലക്കിയത്.

കെ.പി.സി.സി മൈനോരിറ്റി വിഭാഗമായിരുന്നു പരിപാടിയുടെ സംഘാടകര്‍. മുതിര്‍ന്ന നേതാവായ എ.കെ. ആന്റണിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് കെ.പി.സി.സി ആസ്ഥാനത്ത് മതസൗഹാര്‍ദ സദസ് സംഘടിപ്പിക്കാനായിരുന്നു തീരുമാനം.

ഉദ്ഘാടന ചടങ്ങിനായി എ.കെ. ആന്റണി എത്തുമെന്നും അറിയിച്ചിരുന്നു. സ്വാമി ഗുരുരത്നം ജ്ഞാന തപസി, ഡോ.വി.പി സുഹൈബ് മൗലവി തുടങ്ങിയ അതിഥികളെ കെ.പി.സി.സി മൈനോറിറ്റി വിഭാഗം ക്ഷണിച്ചിരുന്നു. ഇതിനിടയിലാണ് ഇന്നലെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പരിപാടി മാറ്റിവെക്കാനുള്ള നിര്‍ദേശം നല്‍കിയത്.

അതേസമയം, സംഘടനയില്‍ ആഭ്യന്തര പ്രശ്നമുള്ളതിനാലാണ് മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് കെ.പി.സി.സി നല്‍കുന്ന വിശദീകരണം. മൈനോറിറ്റി വിഭാഗത്തിനുള്ളില്‍ നിരവധി സംഘടനാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത് പരിഹരിച്ച ശേഷം മാത്രം പരിപാടി നടത്തിയാല്‍ മതിയെന്നും കെ.പി.സി.സി വിശദീകരണത്തില്‍ പറയുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമാണ് അബുല്‍കലാം ആസാദ്. വിഭജനത്തെ എതിര്‍ത്ത അബുല്‍കലാം ആസാദ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.