കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും എം.പിയുമായ കെ. മുരളീധരന്‍. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പത്തംഗസമിതി ഉണ്ടെങ്കിലും മൂന്നംഗ സമിതി മാത്രം തീരുമാനമെടുക്കുന്നു. വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ചര്‍ച്ച നടത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തുള്ള അനുകൂല സാഹചര്യം കളഞ്ഞുകുളിക്കരുതെന്നും വടകരയില്‍ ആര്‍.എം.പിയുമായി നീക്കുപോക്ക് ആവശ്യമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.
ആര്‍.എം.പിയുമായി പ്രാദേശിക തലത്തില്‍ ചര്‍ച്ച നടക്കുന്നതായി മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പിക്കും യു.ഡി.എഫിനും നേട്ടമുണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് യു.ഡി.എഫ് അനുകൂല സാഹചര്യമാണ്. ഇത് വോട്ടാക്കാനാവുന്ന സ്ഥാനാര്‍ഥികള്‍ വേണമെന്നും കെ. മുരളീധരന്‍ പറഞ്ഞിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കെ. മുരളീധരന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയിലും സജീവമായിരുന്നില്ല. കെ.പി.സി.സി നേതൃത്വത്തോടുള്ള അതൃപ്തിയാണ് മുരളിയുടെ നിലപാടിന് പിന്നില്‍.
അര്‍ഹിക്കുന്ന പരിഗണന പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്നില്ലെന്നതാണ് മുരളീധരന്റെ പരാതി. മുരളിക്ക് അനുകൂലമായി നിലപാടെടുക്കണമെന്ന് ലീഗ് നേതൃത്വം ഹൈക്കമാന്റിനോട് അഭ്യര്‍ഥിച്ചിരുന്നു. മുരളീധരനെ പ്രചാരണ രംഗത്തിറക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നും ലീഗ് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിച്ചിരുന്നു.
കെ.പി.സി.സി നേതൃത്വവുമായി അകല്‍ച്ചയിലാണെങ്കിലും ലീഗുമായി നല്ല ബന്ധത്തിലാണ് മുരളീധരന്‍. കോണ്‍ഗ്രസ് വേദികളില്‍ നിന്നും വിട്ടുനില്‍ക്കുമ്പോഴും ലീഗ് പരിപാടികളില്‍ മുരളീധരന്‍ പങ്കെടുക്കാറുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക