അടുത്തിടെ മലയാള സിനിമയില്‍ വന്ന ഏറ്റവും മികച്ച കഥാപാത്രമാങ്ങളിലൊന്നാണ് കാതല്‍ ദി കോറിലെ ഓമന. ആഗ്രഹിച്ചതുപോലെ ഒരു വിവാഹ ജീവിതം ലഭിക്കാതിരിന്നിട്ടും ജീവിതകാലം മുഴുവനും അതിനോട് പൊരുത്തപ്പെടേണ്ടി വന്നവള്‍.
ദൈന്യതയുള്ള ശാന്തമായ ഒരു മുഖഭാവമാണ് ചിത്രത്തിലുടനീളം ഓമനക്ക്. ദീര്‍ഘകാലം ആഗ്രഹിച്ചതൊന്നും ലഭിക്കാതിരുന്ന ഓമനക്ക് ഒരു ഘട്ടത്തിന് ശേഷം തന്നെത്തന്നെ നഷ്ടപ്പെട്ടിരിക്കാം. ചിരിയോ കണ്ണീരോ വരാത്തവിധം അവരുടെ വികാരങ്ങള്‍ വറ്റിവരണ്ടിരിക്കാം. തനിക്ക് സന്തോഷമില്ലാത്ത വിവാഹജീവിതത്തില്‍ തുടരേണ്ടതില്ല എന്ന് ഒടുവില്‍ ഓമന തീരുമാനിച്ചു. ബൈ ഇലക്ഷന് നില്‍ക്കാന്‍ തീരുമാനിക്കുമ്പോഴാണ് പങ്കാളിയായ ഓമന തനിക്കെതിരെ വിവാഹമോചന കേസ് ഫയല്‍ ചെയ്തത് മാത്യു ദേവസി അറിയുന്നത്.
20 വര്‍ഷത്തെ വിവാഹജീവിതത്തിനൊടുവില്‍ ഓമന എടുത്ത ധീരമായ തീരുമാനമായിരുന്നു അത്. അതിന് മുമ്പ് ആ തീരുമാനം എടുക്കുന്നതിന് അവര്‍ക്ക് മുമ്പില്‍ ഒരുപാട് തടസങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. വിവാഹമോചനത്തെ വലിയെ തെറ്റായി കാണുന്ന സമൂഹമാണ് അതില്‍ ഒന്നാമത്തെ കാരണം. പങ്കാളിയുടെ സ്വത്വത്തെ വെളിപ്പെടുത്തിയാല്‍ അത് അയാളെ നിയമത്തിന് മുന്നില്‍ കുറ്റക്കാരനാകുന്നതിലേക്ക് എത്തിക്കുന്ന നിയമ വ്യവസ്ഥയും ഓമനയെ തടഞ്ഞുവെന്നും ചിത്രത്തില്‍ പറയുന്നുണ്ട്. ഭര്‍ത്താവ് ഒരു ക്രിമനലല്ല എന്ന പൂര്‍ണ ബോധ്യം ഓമനക്കുണ്ടാവാം.