അമരാവതി: സമഗ്രസംഭാവനയ്ക്കുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ വൈ.എസ്.ആര്‍. സ്മാരക പുരസ്‌കാരം നിരസിച്ച് മാധ്യമപ്രവര്‍ത്തകന്‍ പി. സായ്‌നാഥ്. മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരില്‍ നിന്നുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കരുതെന്ന് സായ്‌നാഥ് പറഞ്ഞു.
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പേരില്‍ നല്‍കുന്ന 10 ലക്ഷം രൂപയുടെ പുരസ്‌കാരമാണ് സായ്‌നാഥ് നിരസിച്ചത്. വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണിത്. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ പുരസ്‌കാരം സ്വീകരിക്കാനാകില്ലെന്ന് പി. സായ്‌നാഥ് അറിയിക്കുകയായിരുന്നു.
‘നിങ്ങള്‍ നിക്ഷേപം നടത്തിയ ഒരു പദ്ധതിയുടെ പുറത്തുനിന്നുള്ള ഓഡിറ്റര്‍ ആ കമ്പനി നല്‍കുന്ന അവാര്‍ഡ് സ്വീകരിക്കുകയാണെന്ന് വെക്കുക, നിങ്ങള്‍ക്ക് രോഷം അനുഭവപ്പെടും. സര്‍ക്കാരിന്റെ പുറത്തുനിന്നുള്ള ഓഡിറ്ററാണ് മാധ്യമപ്രവര്‍ത്തകര്‍.
ഇങ്ങനെ നോക്കുമ്പോള്‍, സംഗീതഞ്ജരില്‍ നിന്നും കലാകാരില്‍ നിന്നും കായികതാരങ്ങളില്‍ നിന്നും മറ്റെല്ലാ മേഖലയിലുള്ളവരില്‍ നിന്നും, വ്യത്യസ്തരാണ് മാധ്യമപ്രവര്‍ത്തകര്‍. മറ്റു മേഖലകളില്‍ നിന്നുള്ളവര്‍ക്കാര്‍ക്കും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും വിലയിരുത്താനുമുള്ള കടമയില്ല.