എച്ച്.ഡി കുമാരസ്വാമിയുടേയും കന്നഡ നടിയുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ബി.ജെ.പി പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനും അറസ്റ്റില്‍
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും സിനിമാ നടിയുമൊത്തുള്ള വ്യാജ ചിത്രവും വാര്‍ത്തയും പ്രചരിപ്പിച്ച സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനും അറസ്റ്റില്‍.
യുകെസുദ്ദി.ഇന്‍ (UKSuddi.in) ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ എ. ഗംഗാദര്‍, ബി.ജെ.പി പ്രവര്‍ത്തകനായ അജിത് ഷെട്ടി ഹെരാഞ്ജെ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
കുമാരസ്വാമിയുടേയും കന്നഡ നടിയുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ബി.ജെ.പി പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനും യുകെസുദ്ദി.ഇന്നിലുടെ പ്രചരിപ്പിക്കുകയായിരുന്നു.
രണ്ട് ദിവസത്തേക്ക് മുഖ്യമന്ത്രി നാച്യുറോപ്പതി ചികിത്സയ്ക്ക് പോയിരിക്കുകയാണ് എന്ന വാര്‍ത്തയാണ് ഇവരാദ്യം പ്രചരിപ്പിച്ചത്. പിന്നാലെയാണ് നടി രാധികയുമൊത്തുള്ള ചിത്രങ്ങളും വാര്‍ത്തയും പ്രചരിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം തലവന്‍ എച്ച്.ബി ദിനേഷിന്റെ പരാതിയിലാണ് പൊലീസ് നടപടി. 509, 507, 468 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.