തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകനും ഐ.ടി വിദഗ്ധനുമായ ജോസഫ് സി മാത്യു. സ്പ്രിംക്ലര്‍ വിഷയത്തില്‍ ഇടക്കാല ഉത്തരവിറക്കിയ കോടതി വിധി സ്വാഗതാര്‍ഹമാണ്. എന്നാല്‍ സോ കോള്‍ഡ് ബൂര്‍ഷ്വാ കോടതി ഒരു ഇടതുപക്ഷ സര്‍ക്കാരിനേക്കാള്‍ ഇടതുപക്ഷത്ത് നില്‍ക്കുക എന്നത് വളരെ നിരാശയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം
കോടതിയില്‍ അവസാന നിമിഷം വരെ സര്‍ക്കാര്‍ പറയാന്‍ ശ്രമിച്ചത് ഒരു പൗരനോട് പറയാതെതന്നെ അവന്റെ വിവരങ്ങള്‍ എടുക്കാനുള്ള അനുമതി നല്‍കണം എന്നാണ്. ഒരു പൗരനോട് അവന്റെ വിവരങ്ങള്‍ ഒരു സ്വകാര്യ കമ്പനിക്ക് പ്രൊസസിങിന് കൊടുക്കുന്നു എന്ന വിവരം പറയേണ്ടതില്ല എന്ന രീതിയിലാണ് ഐ.ടി സെക്രട്ടറിയും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘എന്നുപറഞ്ഞാല്‍, അസാധാരണ സാഹചര്യം എന്ന് വെറും വയറ്റില്‍ പന്ത്രണ്ട് തവണ ഉരുവിട്ടുകൊണ്ടിരുന്നാല്‍ ഇടതുപക്ഷ പക്ഷ രാഷ്ട്രീയമാകുമോ? ഒരു സാഹചര്യമുണ്ടാകുമ്പോള്‍ അതിനെ മറികടക്കാന്‍ പറ്റുന്നതല്ലേ രാഷ്ട്രീയം? നമ്മള്‍ മരിക്കാന്‍ ഭയമില്ല, തോല്‍ക്കാന്‍ മനസില്ല എന്ന് പറയുന്നിടത്ത് മരണം എന്നെഴുതിക്കാണിച്ചാല്‍ ഇട്ടിട്ട് പോവേണ്ടതാണോ രാഷ്ട്രീയം? എനിക്കിതൊന്നും മനസിലാവുന്നേയില്ല’, ജോസഫ് സി മാത്യും പറഞ്ഞു.
ജനങ്ങളോട് ഇക്കാര്യം പറയരുത് പറഞ്ഞാല്‍ അവര്‍ തരില്ല എന്ന് പറഞ്ഞുകൊണ്ട് കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണ്. അടിയന്തിരാവസ്ഥക്കാലത്ത് നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയത് പോലെ, ചേരി നിര്‍മാര്‍ജനം നടത്തിയത് പോലെ. ഇങ്ങനെ ഓരോ സാഹചര്യം പറഞ്ഞ് ജനങ്ങളുടെ മേല്‍ കുതിര കയറിക്കൊണ്ടല്ല ഇത് നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.