Kerala News
ഏക സിവില്‍ കോഡ്; ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം നേടാനുള്ള ശ്രമത്തിലെ അവസാന ആയുധം: ജോസ്.കെ.മാണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 15, 12:55 pm
Saturday, 15th July 2023, 6:25 pm

കോഴിക്കോട്: ഇന്ത്യയെ സ്‌നേഹിക്കുന്ന മതേതരവാദികളുടെയും ജനാധിപത്യവാദികളുടെയും യോജിച്ച മുന്നേറ്റത്തിന് വഴികാട്ടിയാണ് സി.പി.ഐ.എം സെമിനാറെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ്. കെ. മാണി. നമ്മുടെ രാജ്യത്ത് ഏത് സാഹചര്യത്തിലാണ് ഓരോ നിയമനിര്‍മാണവും പരിഷ്‌കാരങ്ങളും നടക്കുന്നതെന്ന് നമ്മള്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഏക സിവില്‍ കോഡിനെതിരെ കോഴിക്കോട് വെച്ച് സി.പി.ഐ.എം നടത്തുന്ന സെമിനാറില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ രാജ്യത്തെ ഭിന്നിപ്പിക്കുന്ന ശ്രമത്തിന് എതിരായി വിശാലമായ മുന്നേറ്റം രൂപപ്പെടുകയാണ്. അത് ഏറ്റവും പ്രധാനമാണ്. സിവില്‍ കോഡ് മാത്രമല്ല, അതിന് പിന്നിലുള്ള അജണ്ടയും ശ്രദ്ധിക്കണം. ഇന്ത്യയെ സ്‌നേഹിക്കുന്ന ഇന്ത്യയുടെ മതേതരത്വം കാത്ത് സംരക്ഷിക്കുന്ന മതേതരവാദികളുടെയും ജനാധിപത്യവാദികളുടെയും യോജിച്ച മുന്നേറ്റത്തിന് വഴികാട്ടിയായി സെമിനാര്‍ മാറുകയാണ്.

നമ്മുടെ രാജ്യത്ത് ഓരോ നിയമനിര്‍മാണവും പരിഷ്‌കാരങ്ങളും നടക്കുമ്പോള്‍ ഏത് സാഹചര്യത്തിലാണ് അത് നടത്തുന്നതെന്ന് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. അത് പരിശോധിക്കേണ്ടതാണ്.

നമ്മുടെ രാജ്യത്തിന്റെ വര്‍ത്തമാനകാല, രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തില്‍ കഴിഞ്ഞ ആറേഴ് വര്‍ഷത്തിനുള്ളില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോയെന്ന് ആലോചിക്കേണ്ടതാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഈ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചത് ബ്രിട്ടീഷുകാര്‍ തന്നെയാണ്. 1905ല്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇന്ത്യ വിഭജിച്ചു. സ്വാതന്ത്ര്യത്തിന്റെ പടിവാതില്‍ക്കലെത്തിയപ്പോഴാണ് ഇന്ത്യ വിഭജിക്കപ്പെട്ടത്.

ലക്ഷക്കണക്കിന് ജനങ്ങളുടെ ചോര ഒഴുകി. മായാത്ത മുറിവുകള്‍ ഇന്ത്യയ്ക്ക് അനുഭവമുണ്ടായി. അതിന് ശേഷം ഇന്ത്യയെ ഒന്നായി കണ്ടുകൊണ്ട് കാത്തു സൂക്ഷിച്ച് മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടത്തുന്നത്. ആ ഘട്ടത്തിലാണ് ഏക സിവില്‍ കോഡ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. ഇത് വളരെ പ്രധാനപ്പെട്ടതാണ്.

ഏക സിവില്‍ കോഡ് ഒറ്റപ്പെട്ട നടപടിയല്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്, പൗരത്വഭേദഗതി ബില്ല്, ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം, ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമം അങ്ങനെ രാജ്യത്തിന്റെ സവിശേഷതകളെല്ലാം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് ജാതിയുടെയും മതത്തിന്റെയും പേരില്‍ രാഷ്ട്രീയ നേട്ടം നേടാനുള്ള ശ്രമത്തിനിടയിലാണ് അവസാനത്തെ ആയുധമായി ഏക സിവില്‍ കോഡ് എത്തിയിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

താന്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അവിടെ കണ്ട കാഴ്ചകള്‍ നെഞ്ച് പൊട്ടുന്ന തരത്തിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരില്‍ നടക്കുന്നത് വളരെ ആസൂത്രിതമായി നടത്തിയ പദ്ധതിയുടെ ഭാഗമാണെന്നും ഇനി ആ സംസ്ഥാനം ഒരുമിച്ച് പോകുമോയെന്ന സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ മണിപ്പൂരില്‍ പോയി അവിടെ കണ്ട കാഴ്ചകള്‍ എന്റെ നെഞ്ച് പൊട്ടിക്കുന്നതായിരുന്നു. അവിടെ ഹൃദയങ്ങള്‍ വിഭജിച്ചിരിക്കുന്നു. അവിടെ മണ്ണ് വേര്‍പ്പെട്ടിരിക്കുന്നു. രണ്ട് ഗോത്ര സമൂഹങ്ങള്‍ ഏറ്റ് മുട്ടുകയാണ്. അതിനെ ഏറ്റുമുട്ടലോ സംഘര്‍ഷമോ കലാപമെന്നൊന്നും ഞാന്‍ വിളിക്കില്ല. അത് വളരെ ആസൂത്രിതമായി നടത്തിയ പദ്ധതിയുടെ ഭാഗമാണ്. ഇനി ആ സംസ്ഥാനം ഒരുമിച്ച് പോകുമോയെന്ന സംശയമാണ്.

അവിടെ മണ്ണും ഹൃദയവും വിഭജിച്ചിരിക്കുകയാണ്. അവിടെ ഞങ്ങളൊക്കെ നിയമവാഴ്ചയില്ലെന്ന് പ്രസംഗിക്കുമ്പോള്‍ നിയമവാഴ്ചയുണ്ടാകാന്‍ പാടില്ലെന്ന് സംസ്ഥാനവും കേന്ദ്രവും തീരുമാനിച്ചു. ഒരു സമുദായത്തെ സഹായിക്കാന്‍ വേണ്ടി ന്യൂനപക്ഷ വേട്ടയും വംശഹത്യയുമാണ് നടന്ന് കൊണ്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ഭിന്നിപ്പിക്കുക, വിഭജിക്കുക, പൂര്‍ണമായും നശിപ്പിക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. അങ്ങനെ ഒരു രാഷ്ട്രീയ നേട്ടമുണ്ടാക്കുക. ഇത് കണക്കിലെടുത്ത് കൊണ്ട് നമുക്ക് ഒരുമിച്ച് പോകേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.

content highlights: jose k mani about uniform sivil code