'ഒരു നിമിഷം ജീപ്പൊന്നു പാളി, പക്ഷേ ജോജുവിന്റെ ഏകാഗ്രത പാളിയില്ല'; ചോലയിലെ സാഹസിക രംഗം ചിത്രീകരിച്ചതിനെ കുറിച്ച് സനല്‍ കുമാര്‍ ശശിധരന്‍
Malayalam Cinema
'ഒരു നിമിഷം ജീപ്പൊന്നു പാളി, പക്ഷേ ജോജുവിന്റെ ഏകാഗ്രത പാളിയില്ല'; ചോലയിലെ സാഹസിക രംഗം ചിത്രീകരിച്ചതിനെ കുറിച്ച് സനല്‍ കുമാര്‍ ശശിധരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th November 2019, 5:32 pm

Dകൊച്ചി: സെക്‌സി ദുര്‍ഗയ്ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചോല’ റിലീസിനൊരുങ്ങുകയാണ്. ജോജു ജോര്‍ജും നിമിഷ സജയനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയുടെ ഷുട്ടിംഗിനിടെ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. കുത്തിയൊലിക്കുന്ന ഒരു പുഴയിലൂടെ ജീപ്പ് ഓടിക്കുന്ന സീനിന്റെ ചിത്രീകരണത്തെ കുറിച്ചാണ് സനലിന്റെ പോസ്റ്റ്.

തന്റെ പതിവുരീതികളില്‍ നിന്നും മാറിയുള്ള ആദ്യ സിനിമയാണ് ചോലയെന്ന് സനല്‍കുമാര്‍ പറയുന്നു. ഇന്ത്യയില്‍ തന്നെ ആദ്യമായി റെഡ് മോണ്‍സ്ട്രോ സുപ്രീം പ്രൈം ലെന്‍സ് കോമ്പിനേഷനില്‍ ചെയ്ത സിനിമയാണ് ഇത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

താന്‍ ആദ്യമായി കമേഴ്സ്യല്‍ സിനിമയിലെ ”താരങ്ങള്‍ക്കൊപ്പം” ചെയ്ത സിനിമയും താന്‍ അതുവരെ ചെയ്ത എല്ലാസിനിമകളെക്കാളും പണം മുടക്കുണ്ടായ സിനിമയാണിതെന്നും അദ്ദേഹം പറഞ്ഞു.

കംഫര്‍ട്ട് സോണിനു പുറത്ത് പോകുമോ, സിനിമ നന്നാവുമോ എന്നൊക്കെയുള്ള തന്റെ പേടി ഷൂട്ട് തുടങ്ങുന്നതുവരെ അലട്ടിയിരുന്നെന്നും. അദ്ദേഹം പറഞ്ഞു.

സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ചോല എന്റെ അഞ്ചാമത്തെ സിനിമയാണ്. പതിവുരീതികളില്‍ നിന്നും മാറിയുള്ള ആദ്യ സിനിമയും. ഇന്ത്യയില്‍ തന്നെ ആദ്യമായി റെഡ് മോണ്‍സ്ട്രോ സുപ്രീം പ്രൈം ലെന്‍സ് കോമ്പിനേഷനില്‍ ചെയ്ത സിനിമ. ഞാന്‍ ആദ്യമായി കമേഴ്സ്യല്‍ സിനിമയിലെ ”താരങ്ങള്‍ക്കൊപ്പം” ചെയ്ത സിനിമ, ഞാന്‍ അതുവരെ ചെയ്ത എല്ലാസിനിമകളെക്കാളും പണം മുടക്കുണ്ടായ സിനിമ. എന്റെ കംഫര്‍ട്ട് സോണിനു പുറത്ത് പോകുമോ, സിനിമ നന്നാവുമോ എന്നൊക്കെയുള്ള എന്റെ പേടി ഷൂട്ട് തുടങ്ങുന്നതുവരെ എന്നെ അലട്ടി. ഒരുപാട് സാഹസികത ആവശ്യമുണ്ടായിരുന്ന അപകടം പിടിച്ച ലൊക്കേഷനുകളിലായിരുന്നു ഷൂട്ട് ചെയ്യേണ്ടത്. കമേഴ്സ്യല്‍ സിനിമകളിലെ പോലെ ഡ്യൂപ്പുകളെ വെച്ചൊന്നും പടം പിടിക്കാന്‍ എനിക്ക് ഒരിക്കലും താല്‍പര്യമില്ലായിരുന്നു. അത് പറഞ്ഞപ്പോള്‍ ഡ്യൂപ്പൊന്നും വേണ്ടെന്ന് ജോജുവും പറഞ്ഞിരുന്നു.

ജീപ്പ് കുത്തൊഴുക്കുള്ള പുഴ കടക്കുന്ന ഒരു സീന്‍ എടുക്കണം. എവിടെയാണ് അങ്ങനെ ഒരു ലൊക്കേഷന്‍ എന്നന്വേഷിച്ചപ്പോള്‍ ജീപ്പ് ഡ്രൈവര്‍ ശ്രീനി ഞങ്ങളെ ഒരു പുഴക്കരയിലേക്ക് കൊണ്ടുപോയി. ”അപകടം പിടിച്ചത്” എന്നു വെച്ചാല്‍ അപകടം പിടിച്ചത് തന്നെയാണെന്ന് എല്ലാവര്‍ക്കും മനസിലായത് അവിടെ എത്തിയപ്പോഴാണ്. കുത്തൊഴുക്കുള്ള പുഴ, എന്നത്തെക്കാളും വെള്ളം. ഇതുവഴി ജീപ്പ് കടക്കുമോ.. ഞാന്‍ സംശയം പ്രകടിപ്പിച്ചു. ”കടന്നിട്ടുണ്ട്!” ശ്രീനി പറഞ്ഞു.. പണ്ടെന്നോ കടന്ന കാര്യമാണ് പുള്ളി പറയുന്നത്. നല്ല കുത്തൊഴുക്ക്, നിമിഷയേയും അഖിലിനേയും ഇരുത്തി ജോജുതന്നെ ജീപ്പോടിക്കണം. എങ്ങാനും പാത തെറ്റിയാല്‍ ജീപ്പു മറിയും.ഒരു ജീവന്‍മരണ തീരുമാനം. ഞാന്‍ ജോജുവിനെ നോക്കി. ”ഇയാള്‍ ജീപ്പ് അപ്പുറത്ത് എത്തിച്ചാല്‍ ഇങ്ങോട്ട് ഞാന്‍ ഓടിച്ചോളാം” ജോജു പറഞ്ഞു. ‘നമുക്ക് വേറെ നോക്കാം’ എന്നൊരു വാചകം എന്റെ വായില്‍ നിന്ന് പുറത്തെത്തും മുന്നെ ശ്രീനി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു ”അപ്പുറത്ത് ഞാനെത്തിക്കാം”. അയാള്‍ അരയോളം വെള്ളത്തിലിറങ്ങി പാത കാലുകൊണ്ട് പരതിക്കണ്ടു. തിരികെവന്ന് ജീപ്പില്‍ കയറി. ജീപ്പ് മറുകരക്ക് പറന്നു. ഒരു തടിപ്പാലത്തിലൂടെ നിമിഷയും ജോജുവും അഖിലും അപ്പുറത്തെത്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇക്കരെ ഞങ്ങള്‍ ക്യാമറ വെച്ചു ഫ്രെയിം സെറ്റ് ചെയ്തു. ജോജു ജീപ്പ് സ്റ്റാര്‍ട്ട് ചെതു. ഞാന്‍ മനസില്‍ എന്നെ ഒരു തെറികൊണ്ട് അഭി സംബോധന ചെയ്തുകൊണ്ട് ചോദിച്ചു ‘മൂന്നു മനുഷ്യരുടെ ജീവന്‍ കൊണ്ടാണ് നീ കളിക്കുന്നത്. നീ ചെയ്യുന്നത് ശരിയാണോ’ ഒട്ടും താമസിയാതെ ക്രൂരനായ ഞാന്‍ തന്നെ ഉത്തരം പറഞ്ഞു ”ആക്ഷന്‍”. ആ നിമിഷമാണ് ക്ലാപ്പ് പിടിച്ചു നിന്നിരുന്ന Gaurav Ravindran ന് ക്ലാപ്പടിച്ചില്ലല്ലോ എന്നോര്‍മ വന്നത്. അവന്‍ ക്ലാപ്പുമായി ക്യാമറക്ക് മുന്നിലേക്ക് ചാടി വീണു. എന്നെ മനസില്‍ വിളിച്ച തെറി ഞാന്‍ അവനെ ഉറക്കെ വിളിച്ചു ”മാറെടാ മൈരെ”. അവന്‍ എങ്ങോട്ടോ ഓടിയൊളിച്ചു. ജോജു ജീപ്പ് പുഴക്ക് കുറുകെ എല്ലാവരുടെയും പ്രാര്‍ത്ഥനകളുടെ പാലത്തിലൂടെ പറപ്പിച്ചു.. ഒരു നിമിഷം ജീപ്പൊന്നു പാളി.. പക്ഷേ ജോജുവിന്റെ ഏകാഗ്രത പാളിയില്ല.. ആര്‍ക്കും പോറലേല്‍ക്കാതെ ജീപ്പ് ഇക്കരെയെത്തി.

ജോജുവിന്റെ പാറപോലുള്ള ആ ഏകാഗ്രത പിന്നീടു ഞാന്‍ പലേടത്തും കണ്ടു.. കഥാപാത്രത്തെക്കുറിച്ചു ചോദിച്ചു മനസിലാക്കുന്നതില്‍, അഭിനയത്തിനിടയില്‍ ചില മിന്നല്‍ നോട്ടങ്ങളില്‍, കഥകളുടെ തെരെഞ്ഞെടുപ്പില്‍, സിനിമയെ ജനങ്ങളിലെത്തിക്കാനുള്ള ആലോചനകളില്‍, അങ്ങനെ പലേടത്തും. ഒരിക്കല്‍ ജോജുവിനൊപ്പം കാനഡയില്‍ ഒരു കാസിനോയില്‍ പോയി.. അവിടെയും കണ്ടു ഏകാഗ്രതയുടെ കുന്തമുനയില്‍ നില്‍ക്കുന്ന ജോജുവിനെ. കൈനിറയെ കാശുമായി ഞങ്ങള്‍ മടങ്ങി!

DoolNews Video