റൊണാള്‍ഡോയില്‍ തുടങ്ങി റൊണാള്‍ഡോയില്‍ തന്നെ അവസാനിക്കും; മികച്ച ഫുട്‌ബോളറെ കുറിച്ച് ജോണ്‍ സീന
Sports News
റൊണാള്‍ഡോയില്‍ തുടങ്ങി റൊണാള്‍ഡോയില്‍ തന്നെ അവസാനിക്കും; മികച്ച ഫുട്‌ബോളറെ കുറിച്ച് ജോണ്‍ സീന
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th July 2023, 9:38 am

ലോകമെമ്പാടും ആരാധകരുള്ള അത്‌ലറ്റുകളാണ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പ്രൊഫഷണല്‍ റെസ്‌ലിങ് ഐക്കണുമായ ജോണ്‍ സീനയും. ലോകമെമ്പാടുമുള്ള ആരാധകരെ അത്രമേല്‍ സ്വാധീനീച്ച രണ്ട് താരങ്ങള്‍ കൂടിയാണ് ഇരുവരും.

ലോകമെമ്പാടുമുള്ള പ്രൊ റെസ്‌ലിങ് ആരാധകരുടെയും കുട്ടികളുടെയും ആരാധനാപാത്രമായ ജോണ്‍ സീന തനിക്കിഷ്ടപ്പെട്ട ഫുട്‌ബോളറെ കുറിച്ച് പറയുകയാണ്. ബി.ബി.സിയിലെ മാര്‍ക് ലോറന്‍സിനൊപ്പമുള്ള പഴയ ചാറ്റ് ഷോയിലെ സീനയുടെ വാക്കുകളാണ് വീണ്ടും ചര്‍ച്ചയിലേക്കുയര്‍ന്നിരിക്കുന്നത്.

അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫു്ടബോള്‍ താരമെന്നാണ് അഭിമുഖത്തില്‍ സീന പറഞ്ഞത്.

 

 

 

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

‘എന്നോട് ഏറ്റവും പ്രശസ്തരായ ഫു്ടബോളറെ കുറിച്ച് ചോദിച്ചാല്‍ ഞാന്‍ ആദ്യം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേര് പറഞ്ഞ് തുടങ്ങുകയും ക്രിസ്റ്റ്യാനോയുടെ പേര് പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്യും. അത്ര തന്നെ,’ എന്നായിരുന്നു ജോണ്‍ സീന പറഞ്ഞത്.

പ്രീമിയര്‍ ലീഗ് മാച്ചുകളെ കുറിച്ചും ജോണ്‍ സീന അഭിമുഖത്തില്‍ സംസാരിച്ചു. താന്‍ ഒരിക്കല്‍പ്പോലും നേരിട്ട് ഒരു പ്രീമിയര്‍ ലീഗ് മത്സരം കണ്ടിട്ടില്ലെന്നും എന്നാല്‍ 2008ല്‍ ടോട്ടന്‍ഹാമിന്റെ ഗ്രൗണ്ടില്‍ പോയിരുന്നുവെന്നും ജോണ്‍ സീന പറഞ്ഞു.

 

‘ലണ്ടനില്‍ എനിക്കൊരു ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഇവന്റ് ഉള്ള അതേ ദിവസം തന്നെ ടോട്ടന്‍ഹാമിന് മാച്ച് ഉണ്ടായിരുന്നു. ആ ദിവസം സ്‌റ്റേഡിയത്തിലെത്താനും ചുറ്റിനടന്ന് കാണാനും അവസരം ലഭിച്ചു. ഫുട്‌ബോള്‍ പിച്ചിലൂടെ നടക്കാനും എനിക്ക് ഭാഗ്യമുണ്ടായി,’ സീന പറഞ്ഞു. സ്പര്‍സിന്റെ ഹോം ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോള്‍ അമേരിക്കയിലെ പഴയ ബേസ്‌ബോള്‍ സ്‌റ്റേഡിയമാണ് ഓര്‍മ വന്നതെന്നും സീന കൂട്ടിച്ചേര്‍ത്തു.

തന്റെ ഇഷ്ട താരത്തെ കുറിച്ച് ഫുട്‌ബോളിലെ ദി നെക്‌സ്റ്റ് ബിഗ് തിങ് എന്ന വിശേഷിപ്പിക്കുന്ന എര്‍ലിങ് ഹാലണ്ടും കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.

ഈ ചോദ്യം തന്നോട് പലപ്പോഴും ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മെസിയാണ് എല്ലായിപ്പോഴും തന്റെ ഇഷ്ടതാരം എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒരു സ്വതന്ത്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹാലണ്ട് ഇക്കാര്യം പങ്കുവെച്ചത്.

‘മെസിയോ റൊണാള്‍ഡോയോ? എനിക്കറിയില്ല ആളുകള്‍ എപ്പോഴും ഈ ചോദ്യം എന്നോട് ആവര്‍ത്തിക്കുന്നതെന്തിനാണെന്ന്. നിങ്ങള്‍ക്കെല്ലായിപ്പോഴും ലിയോ മെസി എന്ന ഉത്തരം മാത്രമെ ലഭിക്കുകയുള്ളൂ,’ എന്നാണ് ഹാലണ്ട് പറഞ്ഞത്.

 

Content highlight: John Cena about his favorite footballer