റൂട്ട് ഇതിഹാസങ്ങള്‍ക്കുമപ്പുറമാണ്; ഇന്ത്യക്കെതിരെ വീണ്ടും ഒരു തകര്‍പ്പന്‍ റെക്കോഡ്
Sports News
റൂട്ട് ഇതിഹാസങ്ങള്‍ക്കുമപ്പുറമാണ്; ഇന്ത്യക്കെതിരെ വീണ്ടും ഒരു തകര്‍പ്പന്‍ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th February 2024, 8:38 am

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിന്റെ ആദ്യദിവസം പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 302-7 എന്ന നിലയിലാണ്.

ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് ജോ റൂട്ട് നടത്തിയത്. 226 പന്തില്‍ പുറത്താവാതെ 106 റണ്‍സാണ് റൂട്ട് നേടിയത്. ഒമ്പത് ഫോറുകളാണ് റൂട്ടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 46.90 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ക്ലാസിക് പുറത്തെടുത്തത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഇംഗ്ലണ്ട് താരത്തെ തേടിയെത്തിയിരിക്കുകയാണ്.

ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരമാകാനാണ് റൂട്ടിന് സാധിച്ചത്. ക്രിക്കറ്റ് ലോകത്തെ ഇതിഹാസങ്ങളെ മറികടന്നാണ് റൂട്ട് ഈ നേട്ടം സ്വന്തമാക്കിയത്. 52 ഇന്നിങ്‌സില്‍ നിന്നും 10 സെഞ്ച്വറിയാണ് ഇന്ത്യക്കെതിരെ റൂട്ട് അടിച്ചത്.

ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം, ടീം, സെഞ്ച്വറിയുടെ എണ്ണം, ഇന്നിങ്‌സ്

ജോ റൂട്ട് – ഇംഗ്ലണ്ട് – 10 – 52

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 9 – 37

ഗാരി സോബര്‍സ് – വെസ്റ്റ് ഇന്‍ഡീസ് – 8 – 30

സര്‍ വിവ് റിച്ചാര്‍ഡ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 8 – 41

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 8 – 51

അരങ്ങേറ്റത്തില്‍ തന്നെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആകാശ് ദീപ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്. സാക്ക് ക്രോളി 42 (42), ബെന്‍ ഡക്കറ്റ് 11 (21), ഒല്ലി പോപ്പ് 0 (1) എന്നിവരെയാണ് താരം പുറത്താക്കിയത്.

ഇംഗ്ലണ്ടിനായി ജേണി ബെയര്‍സ്‌റ്റോ 38 റണ്‍സും ബെന്‍ ഫോക്‌സ് 47 റണ്‍സും എടുത്തിരുന്നു. നിലവില്‍ ജോ റൂട്ടും 31 റണ്‍സ് നേടിയ ഒല്ലി റോബിന്‍സണുമാണ് ക്രീസില്‍.

നേരത്തെ ആദ്യ മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ഈ മത്സരം കൂടി വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ രോഹിത്തിനും സംഘത്തിനും സാധിക്കും. മറുഭാഗത്ത് ജയത്തോടെ പരമ്പരയിലേക്ക് ശക്തമായി തിരിച്ചുവരാനാവും ഇംഗ്ലണ്ട് ലക്ഷ്യമിടുക.

 

Content Highlight: Joe Root In Record Achievement