ജെ.എന്‍.യു വിദ്യാര്‍ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ദല്‍ഹി പൊലീസുമായി സംസാരിച്ചു. വിദ്യാര്‍ഥിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ എ.ബി.വി.പി ആക്രമിച്ചതിനു പിന്നാലെ ഐസ പ്രവര്‍ത്തകനായ നജീബ് അഹമ്മദിനെ കാണാതായ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കേന്ദ്ര നിര്‍ദേശം.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് ദല്‍ഹി പൊലീസിനോട് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജെ.എന്‍.യു വിദ്യാര്‍ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ദല്‍ഹി പൊലീസുമായി സംസാരിച്ചു. വിദ്യാര്‍ഥിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
നജീബിനെ കാണാതായി അഞ്ചുദിവസമായിട്ടും ഔദ്യോഗികമായി ഒരു പരാതി പോലും നല്‍കാന്‍ സര്‍വ്വകലാശാല അധികൃതര്‍ തയ്യാറായിട്ടില്ലെന്നാരോപിച്ച് ജെ.എന്‍.യുവില്‍ പ്രതിഷേധം വ്യാപികമാകുന്നതിനിടെയാണ് കേന്ദ്ര നിര്‍ദേശം.
വിദ്യാര്‍ഥിയെ കണ്ടെത്താന്‍ പത്തംഗ അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് ദല്‍ഹി പൊലീസ് അറിയിച്ചു. വിദ്യാര്‍ഥിയെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. നജീബിനെ കണ്ടെത്താന്‍ സഹായകരമായ കുറച്ചു വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും അഡീഷണല്‍ ഡി.സി.പി നുപുര്‍ പ്രസാദ് വ്യക്തമാക്കി.
ഇതിനിടെ നജീബിന്റെ തിരോധാനത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ തടഞ്ഞുവെച്ച ജെ.എന്‍.യു വൈസ് ചാന്‍സലറേയും ഉദ്യോഗസ്ഥരേയും 20 മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു. ബുധനാഴ്ച്ച ഉച്ചമുതല്‍ വിദ്യാര്‍ഥികള്‍ വി.സിയുടെ ഓഫീസിനുമുന്നില്‍ കുത്തിയിരിക്കുകയായിരുന്നു.
ഐസ പ്രവര്‍ത്തകനും എം.എസ്.സി ബയോടെക്‌നോളജി ആദ്യ വര്‍ഷ വിദ്യാര്‍ഥിയുമായ നജീബിനെ മാണ്ഡവി ഹോസ്റ്റലില്‍ വെച്ചാണ് കാണാതായത്. കാണാതാവുന്നതിനു തൊട്ടുമുമ്പ് എ.ബി.വി.പി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് നജീബിനെ മര്‍ദ്ദിച്ചിരുന്നു.